Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇന്ത്യയുടെ വാര്‍ധക്യം:...

ഇന്ത്യയുടെ വാര്‍ധക്യം: ചില ഉത്കണ്ഠകള്‍

text_fields
bookmark_border
ഇന്ത്യയുടെ വാര്‍ധക്യം: ചില ഉത്കണ്ഠകള്‍
cancel

അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് ഒക്ടോബറിലും അതിനെ തുട൪ന്നും പുറത്തുവന്ന ചില പഠനറിപ്പോ൪ട്ടുകൾ ഇന്ത്യയിലെ ജനസമൂഹത്തിൻെറ ഭാവിയെക്കുറിച്ച് സാരവത്തായ ചില ചോദ്യങ്ങളുയ൪ത്തുന്നു. ഇന്ന് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമെന്ന കീ൪ത്തിയുമായി നാം അപ്പുറത്തെ വൃദ്ധജനപ്പെരുപ്പം ചൂണ്ടിക്കാട്ടി ചൈനയെ പരിഹസിക്കാറുണ്ട്. എന്നാൽ, യു.എൻ പോപുലേഷൻ ഫണ്ട് ഏജൻസി തയാറാക്കിയ റിപ്പോ൪ട്ടനുസരിച്ച് 2050ഓടെ നാം വൃദ്ധജനങ്ങളുടെ എണ്ണത്തിൽ ചൈനയെ കടത്തിവെട്ടും. ഇന്ന് ഒമ്പതു കോടിയാണ് ഇന്ത്യയിലെ വൃദ്ധജന സംഖ്യ. 2050ൽ അത് മുപ്പത്തിയൊന്നര കോടിയായി ഉയരും. ഇന്നത്തെ യുവജനം അന്ന് വയോധികജനമായി മാറും. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഇന്നത്തേതിൻെറ 360 ശതമാനമാവുക മാത്രമല്ല, മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നായിത്തീരുകയും ചെയ്യും -കാരണം ഈ കാലയളവിൽ മൊത്തം ജനസംഖ്യയിലെ വ൪ധന 60 ശതമാനം മാത്രമായിരിക്കും. വൃദ്ധജനങ്ങളുടെ അനുപാതം ദേശീയ ശരാശരിയേക്കാൾ കൂടുതലുള്ള (കേരളമടക്കമുള്ള) ഏഴു സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് യു.എൻ ഏജൻസി പഠനഫലം തയാറാക്കിയിരിക്കുന്നത്. 2011ലെ സ്ഥിതിയനുസരിച്ച് 60-69 പ്രായത്തിലുള്ള പുരുഷന്മാരിൽ 39 ശതമാനവും സ്ത്രീകളിൽ 11 ശതമാനവും ജീവിക്കാൻവേണ്ടി അധ്വാനിക്കേണ്ടിവരുന്നുണ്ട്. 80ലധികം വയസ്സുള്ളവരിൽപോലും ഈ അവസ്ഥ വിരളമല്ല (പുരുഷന്മാ൪ 13 ശതമാനം, സ്ത്രീകൾ മൂന്നു ശതമാനം). വൃദ്ധജനങ്ങൾ യുവജനങ്ങളേക്കാൾ വളരെ കുറവായിരിക്കെയാണിത്. 2050ഓടെ സ്ഥിതി നേരെ തിരിച്ചാവുമ്പോഴത്തെ അവസ്ഥ ആശങ്കയുണ൪ത്തുന്നത് ഇതുകൊണ്ടാണ്. കുടുംബത്തിലുള്ള പ്രായമായവരെപ്പോലും വൃദ്ധസദനങ്ങളിൽ മാത്രമല്ല വഴിയിൽവരെ ഉപേക്ഷിക്കാനും കെട്ടിയിട്ടും കൊന്നുമൊക്കെ ‘ഭാര’മൊഴിവാക്കാനും ഇപ്പോൾതന്നെ അറപ്പുകാണിക്കാത്ത മക്കൾ അന്ന് എന്തുതന്നെ ചെയ്യില്ല!
ഇന്ത്യയിൽ ഇന്നുള്ള വൃദ്ധജനങ്ങളിൽ മുക്കാലും ദാരിദ്ര്യത്തിലാണ് എന്ന് യു.എൻ ഏജൻസി പറയുന്നു. അവ൪ നിരക്ഷരത, ആരോഗ്യ ശുശ്രൂഷയുടെ കുറവ്, വരുമാനത്തിലെ അനിശ്ചിതത്വം എന്നിവയും അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന 2010ലെ ആഗോള രോഗപീഡ സംബന്ധിച്ച് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നപോലെ ഇന്ത്യയിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിൽ പുരുഷന്മാരുടെ ആയുസ്സ് 15ഉം സ്ത്രീകളുടേത് 18ഉം വ൪ഷംകണ്ട് വ൪ധിച്ചിരിക്കുന്നു. അതേസമയം, ആരോഗ്യാവസ്ഥയിൽ വലിയ പുരോഗതി ഇല്ലതാനും. പുരുഷന്മാ൪ ശരാശരി 54.6 വയസ്സുവരെ മാത്രമേ പൂ൪ണാരോഗ്യത്തോടെ ഇരിക്കുന്നുള്ളൂ; സ്ത്രീകൾ 57.1 വയസ്സുവരെയും. അവസാനത്തെ പത്തു വ൪ഷത്തോളം രോഗപീഡകളേറ്റാണ് വൃദ്ധജനങ്ങൾ കഴിയുന്നത്. ഈ അവസ്ഥ ആവശ്യപ്പെടുന്ന ആരോഗ്യ ശുശ്രൂഷാ സൗകര്യങ്ങളോ സാമൂഹിക സുരക്ഷയോ ഇപ്പോൾതന്നെയില്ല. വൃത്തിഹീനമായ ഗൃഹാന്തരീക്ഷവും തൊഴിലിടവും ശാരീരിക പ്രശ്നങ്ങളും ഭക്ഷണക്കുറവും -ഇതെല്ലാം ആരോഗ്യം നശിപ്പിക്കുന്നു. 2026ൽ വൃദ്ധജനങ്ങൾ ഇപ്പോഴത്തേതിൻെറ ഇരട്ടിയാവും. ആരോഗ്യ, വാ൪ധക്യ ശുശ്രൂഷാ മേഖലകളിൽ അടിയന്തരമായി സ൪ക്കാറിൻെറ ശ്രദ്ധപതിയേണ്ടതുണ്ടെന്ന൪ഥം. രണ്ടായിരത്തോളം പേ൪ക്ക് ഒരു ഡോക്ട൪ എന്ന ദേശീയ അനുപാതം തീരെ അപര്യാപ്തമാണ്. ആരോഗ്യമേഖലയിൽ സ൪ക്കാ൪ കൂടുതൽ ബജറ്റ് വിഹിതം വകയിരുത്തിയേ പറ്റൂ. വാ൪ധക്യസഹജമായ രോഗങ്ങൾക്ക് പ്രത്യേകമായി ശുശ്രൂഷാ പദ്ധതികൾ വേണ്ടിവരും. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങൾക്ക് വഴിമാറുകയും മക്കളുടെ എണ്ണം പരിമിതപ്പെടുകയും ചെയ്തതോടെ കുടുംബം എന്ന പരമ്പരാഗതമായ താങ്ങ് വലിയൊരളവിൽ ഇല്ലാതാവുകയാണ്. പ്രായം ചെന്നവ൪ക്കുള്ള പരിഗണനയും കാരുണ്യവും വറ്റിപ്പോകുന്ന പ്രശ്നം പുറമെയും. വൃദ്ധരുടെ ശുശ്രൂഷക്കായുള്ള ദേശീയ പദ്ധതി 2010ൽ തുടക്കംകുറിച്ചെങ്കിലും പ്രായോഗികരംഗത്ത് വലിയ മാറ്റമൊന്നും വരുത്താൻ അതിനായിട്ടില്ല.
വീട്ടിലെ പീഡനം വ൪ധിച്ചുവരുന്നതായി ‘ഹെൽപ് ഏജ് ഇന്ത്യ’ നിരീക്ഷിക്കുന്നു. ഇന്ത്യൻ നഗരങ്ങളിലെ വീടുകളിൽ കഴിയുന്ന വൃദ്ധജനങ്ങളിൽ 43 ശതമാനം ശാരീരിക ഉപദ്രവം പ്രതീക്ഷിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടുവത്രെ. മാനുഷികബന്ധങ്ങളും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക, ആത്മീയ മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, സാമ്പത്തിക പ്രയോജനമല്ല ഏറ്റവും വലിയ മാനദണ്ഡമെന്ന് അംഗീകരിക്കുക, സാമൂഹിക സുരക്ഷാമേഖലയിൽ കൂടുതൽ സ൪ക്കാ൪ ഇടപെടലുകൾക്ക് പദ്ധതി തയാറാക്കുക, സമഗ്രമായ വയോജനനയം രൂപപ്പെടുത്തുക തുടങ്ങിയവ സമൂഹവും ഭരണകൂടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ശരിയായ തയാറെടുപ്പുണ്ടായാൽ ‘ഇന്ത്യയുടെ വാ൪ധക്യ’വും ധന്യമാക്കാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story