Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.ടി.എം ഔ്സോഴ്സിങ്ങും...

എ.ടി.എം ഔ്സോഴ്സിങ്ങും കള്ളനോട്ടു വ്യാപനവും

text_fields
bookmark_border
എ.ടി.എം ഔ്സോഴ്സിങ്ങും  കള്ളനോട്ടു വ്യാപനവും
cancel

എ.ടി.എമ്മിലൂടെ കള്ളനോട്ട് ലഭിക്കുന്ന സംഭവങ്ങളും എ.ടി.എം തട്ടിപ്പുകളും നാൾക്കുനാൾ വ൪ധിച്ചുവരുകയാണ്. എ.ടി.എമ്മിൽ പണം നിറക്കാൻ അനുവ൪ത്തിക്കുന്ന സമ്പ്രദായത്തിലെ പിഴവുകളാണ് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്തവിധത്തിലുള്ള കള്ളനോട്ട് വ്യാപനത്തിന് വഴിയൊരുക്കുന്നത്. ഇന്ത്യയിലാകമാനം വിവിധ ബാങ്കുകൾക്കായി 1,04,500 എ.ടി.എമ്മുകളാണ് പ്രവ൪ത്തിച്ചുവരുന്നത്. ഇതിൽ 61,500 എണ്ണം സ്റ്റേറ്റ് ബാങ്കടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെയും 41,800 എണ്ണം സ്വകാര്യ വിദേശ ബാങ്കുകളുടെതുമാണ്. സഹകരണ-ഗ്രാമീണ ബാങ്കുകൾ 1200 എ.ടി.എമ്മുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാ എ.ടി.എമ്മുകളിലുമായി പ്രതിദിനം 70 ലക്ഷം ഇടപാടുകളാണ് നി൪വഹിക്കപ്പെടുന്നത്. ഒരു ഇടപാടിലൂടെ ശരാശരി 5,000 രൂപ പിൻവലിക്കുന്നുവെന്ന് കണക്കാക്കിയാൽ തന്നെ 3500 കോടി രൂപയുടെ കറൻസിയാണ് ദിനംപ്രതി ബാങ്ക്എ.ടി.എമ്മിലൂടെ ജനങ്ങളിലെത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളിൽ പണമെത്തിക്കുന്ന സുപ്രധാന കവാടമായി എ.ടി.എമ്മുകൾ മാറിയിരിക്കുന്ന ഇക്കാലത്ത് അവയിൽ നിറക്കുന്ന കറൻസികളുടെ പരിശുദ്ധി ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു.
നേരത്തേ, എ.ടി.എമ്മുമായി ബന്ധിപ്പിച്ച ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ൪ തന്നെയാണ് മെഷീനിൽ പണം നിറച്ചിരുന്നതും എ.ടി.എമ്മുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഹരിച്ചിരുന്നതും. കൃത്യമായ ഉത്തരവാദിത്തത്തോടെ സാമാന്യം തൃപ്തികരമായി ഈ പ്രവൃത്തികൾ നി൪വഹിച്ചുവരുകയും ചെയ്തിരുന്നു. ബാങ്ക് ജോലികളെല്ലാം പുറംകരാ൪ ഏജൻസികളെ ഏൽപിക്കുന്നതിൻെറ ഭാഗമായിഎ.ടി.എമ്മുകളിൽ പണം നിറക്കുന്ന ജോലിയും ഇപ്പോൾ ഔ്സോഴ്സിങ്ങിന് വിധേയമാക്കി. പലപ്പോഴും ബാങ്ക് കരാറിലേ൪പ്പെടുന്ന പ്രധാന ഏജൻസിയുടെ സബ് ഏജൻറുകളോ അനുബന്ധ സ്ഥാപനങ്ങളോ ആണ് ബാങ്ക് എ.ടി.എമ്മുകളിൽ പണം നിറക്കുന്ന പ്രവൃത്തി നി൪വഹിക്കുന്നത്. ബാങ്കിങ് സംവിധാനത്തിൽനിന്ന് കറൻസികൾ പുറത്തേക്ക് വിടുന്ന പ്രധാന കവാടമെന്ന വിധത്തിൽ പാലിക്കേണ്ട ഉയ൪ന്ന ഉത്തരവാദിത്തബോധമോ ശുഷ്കാന്തിയോ ഇല്ലാതെയാണ് തികഞ്ഞ ലാഘവത്തോടെയും കാര്യമായ സുരക്ഷാ മാ൪ഗങ്ങൾ അവലംബിക്കാതെയും ഈ പ്രവൃത്തി നടന്നുവരുന്നത്. തൽഫലമായി എ.ടി.എമ്മുകളുടെ പ്രവ൪ത്തനത്തിൽ നാനാവിധ വീഴ്ചകളും ബോധപൂ൪വമായ അനാസ്ഥകളും സംഭവിക്കുന്നു. മാത്രവുമല്ല, വൻതോതിൽ കള്ളനോട്ടുകൾ വ്യാപരിക്കപ്പെടുന്ന ഒരു ഉറവിടമായി ബാങ്ക് എ.ടി.എമ്മുകൾ മാറുന്നുവെന്നത് ഉത്കണ്ഠയുണ്ടാക്കുന്ന സംഗതിയാണ്.
വിശ്വസനീയതയുടെ മൂലക്കല്ലിൽ നിലനിൽക്കുന്ന സംരംഭമാണ് ബാങ്കുകൾ. ബാങ്കിങ് സംവിധാനത്തിൽനിന്നും പുറത്തേക്ക് ഒഴുകുന്ന കറൻസികളുടെ പരിശുദ്ധി ഉറപ്പാക്കാൻ ബാങ്കുകൾക്ക് ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. എന്നാൽ, എ.ടി.എമ്മുകളിൽ പണംനിറക്കാനുള്ള ഉത്തരവാദിത്തം സ്വകാര്യ പുറംകരാ൪ ഏജൻസികളെ ഏൽപിച്ചതോടെ ബാങ്കിൽനിന്നും പുറത്തേക്ക് വിടുന്ന കറൻസികളിന്മേലുള്ള നിയന്ത്രണം ബാങ്കുകൾക്ക് നഷ്ടമായി. എ.ടി.എം മെഷീനിൽ നിറക്കാനായി ബാങ്കുകളിൽനിന്നും കൈപ്പറ്റുന്ന അതേ കറൻസികൾ തന്നെ എ.ടി.എമ്മുകളിൽ നിറക്കുന്നു എന്ന് നിരീക്ഷിക്കാൻ ഇന്ന് ഒരു സംവിധാനവുമില്ല. പൊതുമേഖലാ ബാങ്കുകളിൽനിന്നും സമാഹരിക്കുന്ന പുത്തൻ കറൻസികൾ വിവിധ സ്വാധീനങ്ങളുടെ ഭാഗമായി നവസ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിറക്കുകയും മോശം നോട്ടുകൾ പൊതുമേഖലാ ബാങ്കുകളുടെ മെഷീനുകളിൽ നിറക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോൾ തന്നെ പരാതികളുണ്ട്. മാത്രവുമല്ല, മെഷീനിൽ നിറക്കാനായി ബാങ്കുകളിൽനിന്ന് ശേഖരിക്കുന്ന പണം മുഴുവനായും എ.ടി.എമ്മിൽ വെക്കാതെ ഏജൻസികൾ കൈവശം സൂക്ഷിക്കുന്ന പ്രവണതയും വ്യാപകമാണ്. ചുരുക്കത്തിൽ ബാങ്കുകളിൽനിന്ന് ലഭ്യമാകുന്ന പണം ഏതു വിധത്തിൽ മാറ്റാനും തിരിമറി നടത്താനുമുള്ള സൗകര്യം എ.ടി.എം ഔ്സോഴ്സിങ്ങിലൂടെ സ്വകാര്യ ഏജൻസികൾക്ക് ലഭിക്കുന്നു. ബാങ്ക് എ.ടി.എമ്മുകളിൽ കള്ളനോട്ടുകൾ കണ്ടുവരുന്ന സംഭവങ്ങളെ ഈ പശ്ചാത്തലത്തിൽവേണം വിലയിരുത്താൻ.
ബാങ്ക് ശാഖയുടെ കൗണ്ടറിലൂടെയോ ബാങ്ക് ജീവനക്കാ൪ നേരിട്ട് നിയന്ത്രിച്ചിരുന്ന എ.ടി.എമ്മിലൂടെയോ പുറത്തുവിട്ടിരുന്ന കറൻസി പണത്തിന് പരിശുദ്ധിയും വിശ്വസനീയതയും ഉറപ്പാക്കപ്പെട്ടിരുന്നു. പരാതികളുണ്ടായാൽ ഉന്നയിക്കാനും പരിഹാരമുണ്ടാക്കാനും കഴിയുന്ന സുവ്യക്തമായ ഒരിടവും ലഭ്യമായിരുന്നു. എന്നാൽ, എ.ടി.എമ്മിലൂടെ പുറത്തുവരുന്ന കറൻസികൾക്ക് ഈ ഗാരൻറി ലഭ്യമല്ല. ഇങ്ങനെ കൈയിൽ കിട്ടുന്ന നോട്ടുകളിലെ വ്യാജന്മാരെ തിരിച്ചറിയാൻ സാധാരണ ജനങ്ങൾക്ക് വൈദഗ്ധ്യം ഉണ്ടാകണമെന്നില്ല. അവ൪ ആ നോട്ടുകൾ ഉപയോഗിച്ച് ദൈനംദിന കാര്യങ്ങൾ നി൪വഹിക്കുന്ന ഏതെങ്കിലും അവസരത്തിലാണ് കറൻസിയുടെ വ്യാജ സ്വഭാവം വെളിപ്പെടുക. അഥവാ, എ.ടി.എമ്മിലൂടെ പുറത്തുവരുന്ന കള്ളനോട്ടുകൾ ആരോരുമറിയാതെ നിരവധി കൈകളിലൂടെ മാറിമറിഞ്ഞ് സഞ്ചരിച്ചുകൊണ്ടേയിരിക്കും. വ്യാജനോട്ട് കണ്ടെത്തിയാൽ തന്നെ അത് എ.ടി.എമ്മിൽനിന്ന് ലഭിച്ചതാണെന്ന് തെളിയിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ഒരു വ്യാജ കറൻസി കൈയിൽപ്പെട്ട ശേഷം സ്വന്തം അക്കൗണ്ട് സൂക്ഷിക്കുന്ന ബാങ്ക് ശാഖയിൽ ചെന്നാൽ വിവിധ കാരണങ്ങൾ നിരത്തി അവ൪ കൈമല൪ത്തും. എ.ടി.എമ്മിൻെറ നിയന്ത്രണമുള്ള ബാങ്ക്ശാഖ കണ്ടെത്തി ആ ശാഖയിൽ ചെന്നാലാകട്ടെ, മുൻപരിചയമോ അക്കൗണ്ടോ ഇല്ലാത്തതിനാൽ ഒരു പരിഹാര സാധ്യതയും ഉരുത്തിരിയുകയില്ല. ബാങ്ക് എ.ടി.എമ്മുകളിൽ തങ്ങളല്ല പണം നിറക്കുന്നതെന്നും അത് സ്വകാര്യ ഏജൻസികളെ ഏൽപിച്ചിരിക്കുകയാണെന്നുമുള്ള ചട്ടപ്പടി മറുപടിയോടെ അവിടത്തെ അന്വേഷണവും പൂ൪ത്തിയാകും. പുറംകരാ൪ ഏജൻസിയെ കണ്ടെത്തലോ പരാതിപ്പെടലോ അപ്രായോഗികവും വ്യ൪ഥവുമായതിനാൽ വന്നുപോയ നഷ്ടം സഹിച്ച് മിണ്ടാതിരിക്കുകയോ പ്രസ്തുത വ്യാജനെ തിരക്കേറിയ കറൻസി കമ്പോളത്തിലേക്ക് സൂത്രത്തിലൂടെ കടത്തിവിടുകയോ ആണ് ഇപ്പോൾ ചെയ്തുവരുന്നത്. വ്യാജ കറൻസിയുമായി പരാതിക്ക് നീങ്ങുമ്പോൾ ഉണ്ടാകാനിടയുള്ള നൂലാമാലകളെക്കുറിച്ച് ബോധ്യമുള്ളതിനാൽ ഒരാളും സത്യാന്വേഷണ യാത്രക്ക് മുതിരുകയില്ലെന്ന് തീ൪ച്ച.
സമ്പദ്ഘടനയുടെ താളംതെറ്റാൻപോലും ഇടയാക്കുന്ന സ്ഥിതിവിശേഷമാണിത്. ഔ്സോഴ്സിങ് ഏജൻസികൾക്ക് തങ്ങൾ നല്ല കറൻസികളാണ് നിറച്ചിട്ടുള്ളതെന്ന് പ്രസ്താവനയിറക്കാൻ കഴിയും. ബാങ്കുകൾക്ക് പണംനിറക്കുന്ന ഉത്തരവാദിത്തം തങ്ങൾ ഒഴിഞ്ഞിരിക്കുന്നു എന്ന ന്യായം പറഞ്ഞ് തലയൂരാനും കഴിയും. ഇടപാടുകാ൪ നിരാലംബരാകുന്ന ഈ സ്ഥിതിവിശേഷം എ.ടി.എമ്മുകളുടെ വിശ്വസനീയതപോലും തക൪ക്കും. അതിൻെറ ഉപയോഗം കുറക്കാൻ ഇടയാക്കുകയും ചെയ്യും. ബാങ്കുകളിൽ വിവിധ ജോലികൾ പുറംകരാ൪ ഏജൻസികളിലൂടെ നി൪വഹിച്ചുവരുന്നുണ്ട്. തന്മൂലം ബാങ്കിടപാടുകളിൽ നാനാവിധത്തിലുള്ള അപചയങ്ങൾ സംഭവിക്കുന്നതായും കാണാം. ബാങ്കിടപാടുകളുടെ രഹസ്യങ്ങൾ ചോ൪ത്തിക്കൊടുക്കൽ മുതൽ ഇടപാടുകാരറിയാതെ പണം പിൻവലിക്കുന്നതുവരെയുള്ള കൃത്രിമങ്ങൾ സംഭവിക്കുന്നത് സാ൪വത്രികമാണിന്ന്. തന്മൂലം റിസ൪വ് ബാങ്ക് തന്നെ 54 പുറം കരാ൪ ഏജൻസികളെ കരിമ്പട്ടികയിൽപെടുത്തി മാറ്റിനി൪ത്തിയിരിക്കുന്നു. എ.ടി.എമ്മുകളിൽ പണം നിറക്കുന്ന ജോലി ജീവനക്കാരുടെ എണ്ണം കുറക്കാനുദ്ദേശിച്ചാണ് തുടങ്ങിവെച്ചതെങ്കിലും പുറംകരാ൪ ഏജൻസിക്ക് നൽകുന്ന കമീഷൻ തുക വെച്ചുനോക്കുമ്പോൾ ഒരു ലാഭവുമില്ല എന്നും കണ്ടെത്താനാകും. ഒരു മണിക്കൂ൪കൊണ്ട് ബാങ്ക് ജീവനക്കാ൪ സ്തുത്യ൪ഹമായി നി൪വഹിച്ചുവന്നിരുന്ന ജോലിക്കാണ് ഇപ്പോൾ പ്രതിമാസം 15,000 രൂപ പുറംകരാറുകാ൪ക്ക് ബാങ്കുകൾ നൽകിവരുന്നത്.
ബാങ്ക് ശാഖകളും ബാങ്ക് ജീവനക്കാരും നേരിട്ട് നിയന്ത്രിക്കുന്ന എ.ടി.എമ്മുകൾ സാധ്യമാക്കിയാൽ നിരവധി സാങ്കേതിക നൂലാമാലകൾക്ക് അറുതിയുണ്ടാകും. വീണ്ടുവിചാരമില്ലാതെ നടപ്പാക്കുന്ന തലതിരിഞ്ഞ ഒരു നയത്തിൻെറ സൃഷ്ടിയാണ് ബാങ്ക് എ.ടി.എമ്മുകളുടെ ഔ്സോഴ്സിങ് സമ്പ്രദായം. ഭരണാധികാരികളുടെ സ്വകാര്യവത്കരണ പ്രീണന നയമാണ് ഇതിൻെറ പ്രേരകശക്തി. ഭവിഷ്യത്തുകൾ തിരിച്ചറിഞ്ഞിട്ടും ജനവിരുദ്ധമായ നയങ്ങൾ അന്ധമായി നടപ്പാക്കുന്ന നടപടികളെ തിരുത്തിക്കാൻ ശക്തമായ സാമൂഹിക സമ്മ൪ദം ഉയ൪ന്നുവരേണ്ടതുണ്ട്.

(ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ- ബെഫി- സംസ്ഥാനസമിതി അംഗമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story