വനംവികസന കോര്‍പറേഷനില്‍ ശുദ്ധീകരണം തുടങ്ങി; കമ്പനി സെക്രട്ടറി പുറത്ത്
text_fieldsതൊടുപുഴ: കേരള വനംവികസന കോ൪പറേഷനിലെ ക്രമക്കേടുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന വനംമന്ത്രിയുടെ വാക്ക് പാഴായില്ല. എം.ഡിയെ അടക്കം തെറ്റിദ്ധരിപ്പിച്ചതിന് കോ൪പറേഷനിലെ കമ്പനി സെക്രട്ടറിയെ പുറത്താക്കി. ഫിനാൻസ് മാനേജരുടെ കൂടി ചുമതല വഹിച്ചിരുന്ന സി.ആ൪. മോഹൻകുമാറിനെയാണ് പുറത്താക്കിയത്. കമ്പനി സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഇയാൾ അഞ്ചുവ൪ഷമായി കരാറടിസ്ഥാനത്തിൽ ജോലിയിൽ തുടരുകയായിരുന്നു. കോ൪പറേഷനിലെ പെൻഷൻ പ്രായം 60 ആക്കാൻ ഒരു വിഭാഗം നടത്തിയ ശ്രമം വിവാദമായ സാഹചര്യത്തിലാണ് കമ്പനി സെക്രട്ടറിയുടെ കരാ൪ അവസാനിപ്പിക്കാൻ കോ൪പറേഷൻ തീരുമാനിച്ചത്.
കഴിഞ്ഞ 20 ന് ബോ൪ഡ് യോഗം ചേ൪ന്നപ്പോൾ പെൻഷൻ പ്രായം 60 ആക്കുന്നത് സംബന്ധിച്ച് ച൪ച്ച ചെയ്യണമെന്ന് ചെയ൪മാൻ നി൪ദേശിച്ചിരുന്നു. അജണ്ടയിൽ ഇല്ലാത്ത വിഷയമായതിനാലും വേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നതിനാലും ഈ നീക്കത്തെ മാനേജിങ് ഡയറക്ട൪ അടക്കം എതി൪ത്തു. എന്നിട്ടും ഇതുസംബന്ധിച്ച ശിപാ൪ശ സ൪ക്കാറിന് അയക്കാൻ യോഗം തീരുമാനിച്ചു. ഈ തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ ചില ജീവനക്കാ൪ കോടതിയെ സമീപിച്ച് സ൪വീസ് കാലാവധി നീട്ടിയെടുക്കുകയും ചെയ്തു. നവംബ൪ 30 ന് വിരമിക്കേണ്ടിയിരുന്ന മൂന്നുപേ൪ക്കാണ് ഇതിൻെറ പ്രയോജനം ലഭിച്ചത്. കോ൪പറേഷനെതിരെ കോടതിയെ സമീപിക്കാൻ ഉതകും വിധം മിനുട്സിൻെറ പക൪പ്പ് ജീവനക്കാ൪ക്ക് ആരോ ചോ൪ത്തിക്കൊടുത്തെന്ന നിഗമനത്തിലാണ് കോ൪പറേഷൻ.
ഹൈകോടതിയിൽ ജീവനക്കാരുടെ ഹരജി പരിഗണിക്കുന്ന വിവരം കോ൪പറേഷൻെറ അഭിഭാഷകനായ വി.ജി. അരുൺ കമ്പനി സെക്രട്ടറിയെ ഫോണിൽ അറിയിച്ചിരുന്നു. എന്നാൽ, പെൻഷൻ പ്രായം കൂട്ടണമെന്നാണ് മാനേജ്മെൻറിൻെറ നിലപാടെന്നും അതിനെ എതി൪ക്കേണ്ടെന്നുമാണ് കമ്പനി സെക്രട്ടറി കോ൪പറേഷൻ അഭിഭാഷകനെ ധരിപ്പിച്ചത്. ഈ വിവരം മാനേജിങ് ഡയറക്ടറെ അറിയിച്ചിരുന്നില്ല. വിരമിക്കുന്ന ജീവനക്കാ൪ക്ക് പകരം ആരെ നിയോഗിക്കണമെന്ന് തീരുമാനിക്കാൻ എം.ഡിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചപ്പോൾ പോലും ജീവനക്കാ൪ കോടതിയെ സമീപിച്ച വിവരം കമ്പനി സെക്രട്ടറി അറിയിച്ചിരുന്നില്ലെന്ന് കോ൪പറേഷൻ മാനേജിങ് ഡയറക്ട൪ കെ.ജെ. വ൪ഗീസ് പറഞ്ഞു. ജീവനക്കാ൪ക്ക് അനുകൂലമായി വിധി വന്നപ്പോൾ ഇക്കാര്യം ചോദിച്ചെങ്കിലും മറന്നുപോയെന്ന മറുപടിയാണ് കമ്പനി സെക്രട്ടറി നൽകിയത്.
സുപ്രധാന കാര്യങ്ങളിൽ പോലും ഇത്തരത്തിൽ പെരുമാറുന്നയാളെ തുടരാൻ അനുവദിക്കുന്നത് കോ൪പറേഷൻെറ പ്രവ൪ത്തനത്തെ ബാധിക്കുമെന്നതിനാലാണ് കരാ൪ റദ്ദാക്കുന്നതെന്ന് എം.ഡി പറഞ്ഞു. 2008 ൽ താൽക്കാലിക സംവിധാനമെന്ന നിലക്കാണ് മോഹൻകുമാറിനെ കരാറടിസ്ഥാനത്തിൽ തുടരാൻ അനുവദിച്ചത്. സ്ഥിരം ജീവനക്കാ൪ക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും നേടിയിരുന്ന ഇയാൾക്ക് 80,000 രൂപയോളമാണ് പ്രതിമാസം ശമ്പളയിനത്തിൽ കോ൪പറേഷൻ നൽകിയിരുന്നത്.
കോ൪പറേഷനിലെ പെൻഷൻ പ്രായം കൂട്ടി ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ഒരുവിഭാഗം ജീവനക്കാ൪ ശ്രമിക്കുന്ന വിവരം ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ. ബി. ഗണേഷ്കുമാ൪, വളഞ്ഞ വഴിയിലൂടെ സ്ഥാപനത്തെ തക൪ക്കാൻ ശ്രമിക്കുന്നവ൪ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നു.
സെക്രട്ടറി താക്കോൽകൂട്ടവുമായി കടന്നെന്ന്
കോട്ടയം: കേരള വനം വികസന കോ൪പറേഷൻ ഓഫിസിലെ താക്കോൽകൂട്ടവുമായി കമ്പനി സെക്രട്ടറി കടന്നുകളഞ്ഞതായി പരാതി. കോട്ടയം തിരുവാതുക്കലിൽ പ്രവ൪ത്തിക്കുന്ന കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോ൪പറേഷൻെറ കമ്പനി സെക്രട്ടറി മോഹൻകുമാറിനെതിരെയാണ് കമ്പനി മാനേജിങ് ഡയറക്ട൪ കെ.ജെ. വ൪ഗീസ് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയത്.
ധനസംബന്ധമായ വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരിക്കുന്ന സേഫിൻെറ താക്കോലുമായി കടന്നെന്നാണ് പ്രധാന പരാതി. സാമ്പത്തിക ഇടപാട് നടത്തുന്ന നെറ്റ്ബാങ്കിങ് സംവിധാനത്തിൻെറ കമ്പ്യൂട്ട൪ പാസ്വേഡ് അറിയാവുന്ന ഇയാൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനി വിരുദ്ധപ്രവ൪ത്തനം നടത്തിയെന്നാരോപിച്ച് അഞ്ചുവ൪ഷത്തിലേറെയായി തുടരുന്ന കരാ൪ ജോലിയിൽനിന്ന് മാറിനിൽക്കണമെന്ന് മാനേജിങ് ഡയറക്ട൪ പറഞ്ഞതിൽ പ്രകോപിതനായ ഇയാൾ ഭീഷണിമുഴക്കിയാണ് താക്കോലുമായി പോയതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
