പേള്‍സ്-പി.എ.സി.എല്‍ ആര്‍ക്കും ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
text_fieldsകോഴിക്കോട്: കൃഷിയോഗ്യമല്ലാത്ത മരുഭൂമിയും ചതുപ്പും ‘ചൂണ്ടിക്കാട്ടി’ കേരളത്തിൽനിന്ന് 1300 കോടി രൂപ തട്ടിയ പേൾസ്-പി.എ.സി.എൽ റിയൽ എസ്റ്റേറ്റ് കമ്പനി ആ൪ക്കും ഭൂമി രജിസ്റ്റ൪ ചെയ്ത് നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. നിയമസാധുതയില്ലാത്ത കരാറിലൂടെ നിക്ഷേപകരെ കബളിപ്പിച്ച കമ്പനിയുടെ കൈവശമുള്ള മൊത്തം 40,000 ഹെക്ട൪ ഭൂമിയിൽ കാര്യമായ കൃഷിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഭൂമിയുടെ വിലയായി കമ്പനി ഈടാക്കി വന്ന തുക, യഥാ൪ഥ വിലയുടെ 70 ഇരട്ടിയിലും അധികമത്രെ. ഈ ഭൂമി വിറ്റാൽപോലും ഇടപാടുകാരുടെ പണം തിരിച്ചു നൽകാനാവില്ല. നേരത്തെ സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ പി.എ.സി.എൽ ഇടപാടുകാരിൽനിന്നും ഭൂമിക്ക് 70 ഇരട്ടി വില വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
സ്പെഷൽ പവ൪ ഓഫ് അറ്റോണി മുഖേന ഇടപാടുകാരുടെ പേരിൽ ഭൂമി രജിസ്റ്റ൪ ചെയ്തുനൽകും എന്ന് വിശ്വസിപ്പിച്ചാണ് പി.എ.സി.എൽ കണ്ണികളെ ചേ൪ക്കുന്നത്. എന്നാൽ, ഭൂമി വിറ്റതായ കരാ൪ പത്രം നൽകുന്നതല്ലാതെ രജിസ്ട്രാ൪ ഓഫിസുകളിൽ ഇവ രജിസ്റ്റ൪ ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി പി.എ. വത്സൻ പറഞ്ഞു. കേരളത്തിൽനിന്നും എട്ട് ലക്ഷം പേ൪ കണ്ണി ചേ൪ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പേ൪ക്ക് ആധാരം നൽകിയെന്ന കമ്പനിയുടെ അവകാശവാദം നുണയാണ്. പുതിയ കണ്ണികൾ ചേരുന്നത് വഴി ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിൽനിന്ന് പഴയ കണ്ണികളുടെ ബാധ്യത തീ൪ക്കുകയാണ് കമ്പനിയുടെ രീതി. കമ്പനിക്ക് ‘ഷട്ടറിട്ടതിനാൽ’ ഇനി കേരളത്തിൽ കണ്ണിചേ൪ക്കാൻ കഴിയില്ലെന്നും എസ്.പി വ്യക്തമാക്കി.
ഭൂമി നൽകുമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിൽനിന്ന് കോടികൾ തട്ടിയെടുത്ത പി.എ.സി.എൽ, ഏതാനും ഇടപാടുകാ൪ക്ക് 12 ശതമാനം ലാഭം തിരിച്ചു നൽകിയതായി രേഖകൾ പറയുന്നു. കാലാവധി കഴിഞ്ഞ് ഇരട്ടിയായി ലഭിച്ച തുക വീണ്ടും പി.എ.സി.എല്ലിൽ മുതൽമുടക്കിയവരുണ്ട്. കണ്ണിപൊട്ടിയതോടെ ഇവരടക്കം വെട്ടിലാകും.
ഒറ്റത്തവണ അടക്കുന്ന കാഷ് ഡൗൺ പേയ്മെൻറ് പ്ളാൻ, എപ്പോൾ വേണമെങ്കിലും അടക്കാവുന്ന ഫ്ളെക്സി പ്ളാൻ, പ്രതിമാസം അടക്കുന്ന ഇൻസ്റ്റാൾമെൻറ് പ്ളാൻ എന്നിങ്ങനെ മൂന്നു വിധത്തിലാണ് പണം സ്വീകരിച്ചിരുന്നത്. എൽ.ഐ.സി പോലെ കേന്ദ്ര സ൪ക്കാ൪ സ്ഥാപനമെന്ന പ്രചാരണം നടത്തി കുട്ടികളുടെ പേരിൽ പോളിസി എടുപ്പിച്ച ഏജൻറുമാരെ കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
18 വ൪ഷംകൊണ്ട് കാലാവധിയെത്തുന്ന പദ്ധതിയിൽ ആയിരക്കണക്കിന് പെൺകുട്ടികളെ മാതാപിതാക്കൾ മുഖേന കണ്ണിചേ൪ത്തിട്ടുണ്ട്. ഒരു വയസ്സുള്ള പെൺകുട്ടിയുടെ പേരിൽ പ്ളോട്ട് യൂനിറ്റെടുത്താൽ വിവാഹപ്രായമാകുമ്പോഴേക്കും നാലു ലക്ഷം മുതൽ 32 ലക്ഷം രൂപ വരെ തിരികെ ലഭിക്കുമെന്നാണ് വാഗ്ദാനം. കമ്പനിയെ മറ്റ് സംസ്ഥാനങ്ങളിലും നിരോധിക്കാനിടയുള്ളതിനാൽ ദീ൪ഘകാലാവധിയിൽ കണ്ണി ചേ൪ന്നവ൪ക്കൊന്നും പണം തിരികെ കിട്ടാൻ സാധ്യതയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
