കാലാവസ്ഥാ വ്യതിയാന സമ്മേളനം: ഇന്ത്യന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിന് മറുപടി നല്‍കാനില്ലെന്ന് അധ്യക്ഷന്‍
text_fieldsദോഹ: ദോഹയിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ രഹസ്യ കൂടിയാലോചനകൾ നടക്കുന്നതായി ചില ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന റിപ്പോ൪ട്ടിന് വിശദീകരണം നൽകാനില്ലെന്ന് സമ്മേളനത്തിൻെറ അധ്യക്ഷൻ അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ. സമ്മേളനത്തിൻെറ ഭാഗമായി യു.എൻ.എഫ്.സി.സി.സി എക്സിക്യൂട്ടീവ് സെക്രട്ടറി ക്രിസ്റ്റീന ഫിഗരസിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് മാധ്യമപ്രവ൪ത്തക൪ ഇന്ത്യൻ മാധ്യമങ്ങളിലെ റിപ്പോ൪ട്ട് ശ്രദ്ധയിൽപ്പെടുത്തിയത്.
സമ്മേളനത്തിൻെറ അധ്യക്ഷനെന്ന നിലയിൽ തൻെറ പ്രവ൪ത്തനങ്ങൾ സുതാര്യമാണെന്നും അതിൽ ഒരു രഹസ്യ അജണ്ടയുമില്ലെന്നും അൽ അതിയ്യ പറഞ്ഞു. ഒരു കാര്യവും അണിയറക്ക് പിന്നിൽ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ച൪ച്ചകളിൽ ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇവിടെ രഹസ്യ കൂടിയാലോചനകളുടെ ആവശ്യമില്ല. അത് തൻെറ പ്രവ൪ത്തനശൈലിയല്ല. എല്ലാവരുമായും തുറന്ന മനസ്സോടെ മാത്രമേ താൻ ഇത്രയും കാലം പ്രവ൪ത്തിച്ചിട്ടുള്ളൂ. ഇത്തരം റിപ്പോ൪ട്ടുകൾക്ക് ഒരു മറുപടിയും നൽകാൻ താനില്ല.
സമ്മേളനത്തിന് മുന്നോടിയായി താൻ ഇന്ത്യ, ചൈന, ജപ്പാൻ, ബെൽജിയം എന്നിവയടക്കമുള്ള രാഷ്ട്രങ്ങൾ സന്ദ൪ശിച്ചിരുന്നു. സമ്മേളനത്തിൽ രഹസ്യ അജണ്ടകളില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സമ്മേളനത്തിലെ ഉന്നതതല യോഗത്തിൽ പങ്കെടുത്ത് എല്ലാ വിഷയങ്ങളും തുറന്ന് ച൪ച്ച ചെയ്യാൻ അവിടങ്ങളിലെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നതായി അൽ അതിയ്യ പറഞ്ഞു. ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും തൃപ്തികരമായ തീരുമാനങ്ങൾ ഈ സമ്മേളനത്തിലുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ പൊടുന്നനെയുള്ള നടപടികളാണ് യുവ സമൂഹം ആവശ്യപ്പെടുന്നത്. പക്ഷേ, ചില സമയങ്ങളിൽ നമ്മൾ ക്ഷമ പാലിക്കണം. ഒറ്റ രാത്രി കൊണ്ട് ലോകത്തെ മാറ്റിമറിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനത്തിൻെറ വെല്ലുവിളികൾ നമ്മൾ എല്ലാവരും നേരിടുന്നുണ്ട്. അതിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിച്ച് പുതിയൊരു ലോകം സൃഷ്ടിക്കാമെന്ന് ചിന്തിക്കണം. കാലാവസ്ഥാ വ്യതിയാനത്തിൻെറ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിൽ ഗൾഫ് രാഷ്ട്രങ്ങൾ നടത്തുന്ന പ്രവ൪ത്തനങ്ങളെ ശ്ളാഘിച്ച അൽ അതിയ്യ, ഇക്കാര്യത്തിൽ അറബ് രാഷ്ട്രങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി. സമ്മേളനത്തിൻെറ ആദ്യ ഘട്ടം വിജയകരമായിരുന്നെന്നും ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ ഒട്ടേറെ മന്ത്രിമാ൪ പങ്കെടുക്കുമെന്നും ക്രിസ്റ്റീന ഫിഗരസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
