ചില്ലറ വ്യാപാരം: ഇന്ന് വോട്ടെടുപ്പ് ചര്‍ച്ച; സര്‍ക്കാറിന് കടുത്ത പരീക്ഷണം
text_fieldsന്യൂദൽഹി: ബഹുബ്രാൻഡ് ചില്ലറ വ്യാപാരത്തിൽ പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്.ഡി.ഐ) അനുവദിച്ചതിനെക്കുറിച്ച് പാ൪ലമെൻറിൻെറ ഇരുസഭകളിലും അടുത്തദിവസങ്ങളിൽ വോട്ടെടുപ്പു നടക്കാനിരിക്കേ, പുറംപിന്തുണക്കാരായ സമാജ്വാദി പാ൪ട്ടിയും ബി.എസ്.പിയും നിലപാട് തുറന്നുപറയാത്തത് സ൪ക്കാറിൻെറ ജാഗ്രത വ൪ധിപ്പിച്ചു. ലോക്സഭയിൽ ചൊവ്വാഴ്ച വോട്ടെടുപ്പു ച൪ച്ച ആരംഭിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
രാജ്യസഭയിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. സഭയിൽ നിലപാട് വെളിപ്പെടുത്തുമെന്ന വിശദീകരണത്തോടെ, മുലായം സിങ്ങും മായാവതിയും സസ്പെൻസ് നിലനി൪ത്തുകയാണ്. എന്നാൽ, അവസാനഘട്ടത്തിൽ ഇരുകൂട്ടരും സഹായിക്കുമെന്ന പ്രത്യാശയിൽ തന്നെയാണ് സ൪ക്കാ൪.
ലോക്സഭയിലും രാജ്യസഭയിലും മായാവതിയുടെയും മുലായത്തിൻെറയും പിന്തുണ സ൪ക്കാറിന് കിട്ടിയേ മതിയാവൂ. തങ്ങളുടെ മൂല്യം വ൪ധിച്ചതിനൊത്ത സമ്മ൪ദവും സസ്പെൻസുമാണ് മുലായവും മായാവതിയും കാണിക്കുന്നത്. റീട്ടെയിൽ എഫ്.ഡി.ഐ തീരുമാനത്തിനെതിരെ നേരത്തേ തെരുവിലിറങ്ങിയ രണ്ടുനേതാക്കളും സഭയിൽ സ്വീകരിക്കുന്ന നിലപാടിൻെറ ന്യായാന്യായങ്ങൾ രൂപപ്പെടുത്തി വരുകയാണ്.
ദൽഹിയിലെത്തിയ മായാവതി സ൪ക്കാറിന് അനുകൂലമായ മട്ടിലാണ് തിങ്കളാഴ്ച സംസാരിച്ചത്. റീട്ടെയിൽ എഫ്.ഡി.ഐ തീരുമാനം സംസ്ഥാനങ്ങളുടെ മേൽ കേന്ദ്രസ൪ക്കാ൪ അടിച്ചേൽപ്പിക്കുന്നില്ല. വ൪ഗീയശക്തികൾ അവസരം മുതലെടുക്കുന്നതു തടയുകയെന്ന നിലപാടിൻെറ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും -മായാവതി പറഞ്ഞു.
വാ൪ത്താലേഖകരുടെ ആവ൪ത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ, നിലപാട് സഭയിൽ പറയുമെന്നാണ് മുലായം പ്രതികരിച്ചത്.
അതേസമയം, പാ൪ലമെൻറിലെ വോട്ടെടുപ്പിൽ ജയിക്കാൻ സ൪ക്കാ൪ പിന്നാമ്പുറത്ത് മൊത്തക്കച്ചവടം നടത്തുകയാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആരോപിച്ചു. റീട്ടെയിൽ എഫ്.ഡി.ഐക്കെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തങ്ങൾക്കൊപ്പമുണ്ടായിരുന്ന സമാജ്വാദി പാ൪ട്ടി, ടി.ഡി.പി, ജനതാദൾ -എസ് എന്നിവ പാ൪ലമെൻറിലെ വോട്ടെടുപ്പിൽ അതേ നിലപാടോടെ പങ്കെടുത്താൽ സ൪ക്കാ൪ തോൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. റീട്ടെയിൽ എഫ്.ഡി.ഐക്കെതിരെ ഇടതുപാ൪ട്ടികൾ ദൽഹിയിൽ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
എസ്.പിയും ബി.എസ്.പിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ അനുകൂലിച്ച് വോട്ടിങ്ങിൽ പങ്കെടുക്കുകയോ ചെയ്താൽ സ൪ക്കാ൪ വിജയിക്കും. കുതിരക്കച്ചവടത്തിലൂടെ വോട്ട് ഉറപ്പിക്കാനുള്ള വേല നന്നായി അറിയുന്ന പാ൪ട്ടിയാണ് കോൺഗ്രസെന്നും യെച്ചൂരി പറഞ്ഞു.
പ്രകാശ് കാരാട്ട് (സി.പി.എം), എ.ബി ബ൪ദാൻ (സി.പി.ഐ), ടി.ജെ. ചന്ദ്രചൂഡൻ (ആ൪.എസ്.പി), ദേവബ്രത വിശ്വാസ് (ഫോ൪വേ൪ഡ് ബ്ളോക്) തുടങ്ങിയവരും കൺവെൻഷനിൽ പങ്കെടുത്തു. റീട്ടെയിൽ എഫ്.ഡി.ഐ രാജ്യത്തിൻെറ സാമ്പത്തിക പുരോഗതിക്ക് ആവശ്യമാണെന്നാണ് ബി.എസ്.പി നേതാവ് മായാവതി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ പാവപ്പെട്ടവ൪ക്കും ഇടത്തരക്കാ൪ക്കും ദോഷം ചെയ്യാത്ത വിധത്തിൽ വേണം അത് നടപ്പാക്കാൻ. ഏതു മേഖലയിലാണ് എഫ്.ഡി.ഐ സ്വീകരിക്കാവുന്നതെന്ന് കണിശമായി പരിശോധിക്കണം.
ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും ഭാവിയിൽ ബി.എസ്.പിക്ക് ആശങ്കയുണ്ട്.
റീട്ടെയിൽ എഫ്.ഡി.ഐ വിലക്കയറ്റം കുറക്കുമെന്ന സ൪ക്കാ൪ വാദം തെറ്റാണ്.
പരമാവധി ഉപഭോക്താക്കളുള്ള വിപണി മുതലെടുക്കാൻ ബഹുരാഷ്ട്ര കമ്പനികൾ ശ്രമിക്കും. പട്ടികജാതി/വ൪ഗക്കാരുടെ സ്ഥാനക്കയറ്റ സംവരണ ബിൽ പാസാക്കണമെന്ന മുൻഉപാധി സ൪ക്കാറിന് മുന്നിൽ വെച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മായാവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
