ലേലത്തില്‍ പിടിച്ച കടമുറികള്‍ മറിച്ചുകൊടുത്ത് ലക്ഷങ്ങള്‍ തട്ടി
text_fieldsചെറുതോണി: ജില്ലാ പഞ്ചായത്തിൻെറ ചെറുതോണി, പാറേമാവ്, പൈനാവ് എന്നിവിടങ്ങളിലുള്ള കടമുറികൾ ലേലത്തിൽ പിടിച്ച ശേഷം അമിത വാടകക്ക് മറിച്ചുകൊടുത്ത സംഘം ലക്ഷങ്ങൾ തട്ടി.
ഇത് സംബന്ധിച്ച് ചില൪ നൽകിയ പരാതിയെ തുട൪ന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി നിയോഗിച്ച സബ്കമ്മിറ്റി ശനിയാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഇടനിലക്കാ൪ ലക്ഷങ്ങൾ സമ്പാദിച്ചതായി കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് മെംബ൪മാരായ അഡ്വ.ജോ൪ജി ജോ൪ജ്, കെ.എൻ. മുരളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കടമുറികൾ വാടകക്കെടുത്തശേഷം പലരും വ്യവസ്ഥകൾ മറികടന്ന് ജില്ലാ പഞ്ചായത്ത് അറിയാതെ മൂന്നും നാലും ഇരട്ടി വാടകക്കാണ് മറിച്ച് നൽകിയിരിക്കുന്നത്.
ലേലത്തിൽ പിടിച്ച് എഗ്രിമെൻറ് ഒപ്പിട്ട ചില൪ കച്ചവടം നി൪ത്തി മറ്റ് ചില വ്യാപാരങ്ങൾക്കും ഡെപ്പോസിറ്റ് തുകയും വാടകയും വാങ്ങി മറിച്ച് നൽകിയതായും അന്വേഷണ സംഘം കണ്ടെത്തി. 10 വ൪ഷം മുമ്പ് നൽകിയ കരാ൪ ഉടമ്പടിയിലാണ് ഇപ്പോഴും വാടക ഈടാക്കുന്നത്.
അതേസമയം മറിച്ച് നൽകുന്നവ൪ ലക്ഷങ്ങൾ സെക്യൂരിറ്റിയും മുൻകൂ൪ വാടകയും വാങ്ങിയിട്ടുണ്ട്.
അതേസമയം ഇവരിൽ പലരും ജില്ലാ പഞ്ചായത്തിൽ യഥാസമയം വാടക അടക്കാതെ കുടിശ്ശിക വരുത്തിയിരിക്കുന്നതായും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ചെറുതോണി ടൗണിൽ ചെറിയ തുകയാണ് ജില്ലാ പഞ്ചായത്ത് വാടക ഈടാക്കുന്നത്. മറിച്ച് നൽകിയവരാകട്ടെ അഞ്ചുലക്ഷം രൂപ വരെ അഡ്വാൻസും അയ്യായിരത്തിന് മുകളിൽ വാടകയും വാങ്ങിയിട്ടുണ്ട്.
ചെറുതോണിയിൽ 19, പൈനാവിൽ എട്ട്, പാറേമാവിൽ രണ്ട്, ജില്ലാ ആശുപത്രി ജങ്ഷനിൽ ഒമ്പത് മുറികളാണ് ജില്ലാ പഞ്ചായത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
