ജപ്പാനില്‍ ഭൂഗര്‍ഭപാത തകര്‍ന്ന് മൂന്നുമരണം; നിരവധി വാഹനങ്ങള്‍ തുരങ്കത്തില്‍ കുടുങ്ങി
text_fieldsടോക്യോ: ജപ്പാനിൽ ഭൂഗ൪ഭപാത തക൪ന്ന് മൂന്നുപേ൪ മരിക്കുകയും നിരവധി വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. തലസ്ഥാനമായ ടോക്യോക്ക് 80 കിലോമീറ്റ൪ പടിഞ്ഞാറ് ചുവൊ എക്സ്പ്രസ് പാത കടന്നുപോകുന്ന സസാഗൊ തുരങ്കമാണ് തക൪ന്നത്. പ്രാദേശികസമയം ഞായറാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. ജപ്പാനിലെ നീളം കൂടിയ ഭൂഗ൪ഭപാതകളിലൊന്നാണ് സസാഗൊ. തുരങ്കത്തിൻെറ വലിയൊരു കോൺക്രീറ്റ് പാളി വാഹനങ്ങൾക്ക് മീതെ പതിക്കുകയായിരുന്നുവെന്ന് അപകടത്തിൽനിന്നും രക്ഷപ്പെട്ട ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെത്തുട൪ന്ന് തുരങ്കത്തിനുള്ളിൽ തീപിടിത്തമുണ്ടായതായും കറുത്ത പുക ഉയ൪ന്നതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ജപ്പാൻ വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു. കറുത്ത പുക കാരണം തുരങ്കത്തിന് പുറത്തെത്താൻ മണിക്കൂറോളം സമയമെടുത്തതായി രക്ഷപ്പെട്ടവ൪ പറഞ്ഞു. ഏഴു പേ൪ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും ചില മൃത ശരീരങ്ങൾ കാണാൻ കഴിയുന്നതായും റിപ്പോ൪ട്ടുണ്ട്. മണിക്കൂറുകൾക്കകം തുരങ്കത്തിനുള്ളിൽ വീണ്ടും കോൺക്രീറ്റ് തകരുമെന്ന് ആശങ്കയുള്ളതായും ജപ്പാൻ അധികൃത൪ പറഞ്ഞു. അപകടത്തെ തുട൪ന്ന് എത്ര വാഹനങ്ങൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയെന്ന് കൃത്യമായി അറിയില്ലെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
4.3 കിലോമീറ്റ൪ നീളമുള്ള സസാഗൊ തുരങ്കത്തിലൂടെ കടന്നുപോകുന്ന പാത ടോക്യോക്ക് പുറത്തുള്ള പ്രധാന പാതയാണ്. 1977 ലാണ് ഈ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. 1996ൽ വടക്കൻ ജപ്പാനിലെ ഹൊക്കയ്ഡോയിലും ഭൂഗ൪ഭപാത തക൪ന്ന് അപകടമുണ്ടായിരുന്നു. അന്ന് 20 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
