ഷിനാസില്‍ വാഹനം മറിഞ്ഞ് ഫുജൈറക്കാരായ നാലുപേര്‍ മരിച്ചു
text_fieldsമസ്കത്ത്: വടക്കൻ ബാതിനയിലെ ഷിനാസിൽ ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഫുജൈറ സ്വദേശികളായ നാലുപേ൪ മരിച്ചു. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. യു.എ.ഇ.യിലെ ഫുജൈറ-ഒമാൻ അതി൪ത്തിയിൽ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഫുജൈറ അതി൪ത്തിയിൽ നിന്ന് സൊഹാറിലേക്ക് പോയിരുന്ന വാഹനം ഷിനാസിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് വാ൪ത്താകുറിപ്പിൽ പറഞ്ഞു. ശക്തമായ മഴയിൽ ബാതിന മേഖലയിലെ റോഡുകളിൽ വെള്ളം നിറഞ്ഞിരിക്കെ അമിതവേഗതയിൽ വന്ന വാഹനം വെട്ടിതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. വാഹനം പലതവണ കരണം മറിഞ്ഞുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാഹനത്തിൽ ആറുപേരാണുണ്ടായിരുന്നത്. മൂന്നുപേ൪ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ സൊഹാ൪ ആശുപത്രിയിലാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് സ്ത്രീകളും സൊഹാ൪ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. മഴ പലയിടത്തും ശക്തമായ തുടരുന്നതിനാൽ വാഹനമോടിക്കുന്നവ൪ ജാഗ്രതപാലിക്കണമെന്ന് ആ൪.ഒ.പി. ആവ൪ത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. അനുവദിക്കപ്പെട്ട വേഗതയേക്കാൾ കുറഞ്ഞ വേഗതയിലാണ് വാഹനമോടിക്കേണ്ടത്. അമിതവേഗതയിൽ വാഹനം ബ്രേക്കിട്ടാൽ വാഹനം മറിയാനുള്ള സാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
