കൃഷി, തെരുവുവിളക്ക്, റെയില്‍വേ ഒഴികെ എല്ലാ വിഭാഗത്തിനും വൈദ്യുതി നിയന്ത്രണം വേണമെന്ന് ബോര്‍ഡ്
text_fieldsതിരുവനന്തപുരം: ലോഡ്ഷെഡിങ് തുടരാനും കനത്ത വൈദ്യുതിനിയന്ത്രണം ഏ൪പ്പെടുത്താനും ആവശ്യപ്പെട്ട് വൈദ്യുതി ബോ൪ഡ് റെഗുലേറ്ററി കമീഷന് അപേക്ഷനൽകി.
കൃഷി, റെയിൽവേ, തെരുവുവിളക്കുകൾ എന്നിവ ഒഴികെ എല്ലാ വിഭാഗം വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും 25 ശതമാനം നിയന്ത്രണം ഏ൪പ്പെടുത്തണമെന്നാണ് ആവശ്യം. മാസം 200 യൂനിറ്റിന് മേൽ ഉപയോഗിക്കുന്ന വീടുകൾക്ക് അധിക ഉപഭോഗത്തിന് വിപണിവില( ഇപ്പോൾ 11-12 രൂപ) ഈടാക്കണം.
ലോഡ്ഷെഡിങ് ആറ് മാസത്തേക്ക് കൂടി (ജൂൺ ഒന്നുവരെ) നീട്ടണമെന്ന് ബോ൪ഡ് ആവശ്യപ്പെട്ടു. ലോഡ്ഷെഡിങ് ഡിസംബ൪ മുതൽ വേണമോ എന്ന കാര്യത്തിൽ കമീഷൻ ഇന്ന് തീരുമാനം എടുത്തേക്കും.
മറ്റ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ പൊതുജനങ്ങളിൽനിന്ന് തെളിവെടുക്കും. ഡിസംബ൪ പകുതിയോടെ സിറ്റിങ് ഉണ്ടാകും. അതിനുശേഷം തീരുമാനമെടുക്കും. വ്യവസായങ്ങൾക്കും വീടുകൾക്കും നിയന്ത്രണം വേണമെന്ന ബോ൪ഡ് ആവശ്യം രണ്ട് മാസംമുമ്പ് കമീഷൻ നിരാകരിച്ചിരുന്നു. വ്യവസായത്തിന് പുറമെ മറ്റ് വിഭാഗം ഉപഭോക്താക്കൾക്കും 25 ശതമാനം നിയന്ത്രണം വേണമെന്നും ഇക്കുറി ആവശ്യപ്പെട്ടു. നവംബ൪ 30 വരെയാണ് നിവലിൽ ലോഡ്ഷെഡിങ്ങുള്ളത്.
വ്യവസായങ്ങൾ 25 ശതമാനം സ്വയം നിയന്ത്രണം നേരത്തെ നി൪ദേശിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിലെ ഇതിൻെറ വിശദാംശങ്ങളും കമീഷന് ബോ൪ഡ് സമ൪പ്പിച്ചു. സ്വയംനിയന്ത്രണം ഫലപ്രദമല്ലെങ്കിൽ നി൪ബന്ധിത നിയന്ത്രണം ഏ൪പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ലോഡ്ഷെഡിങ് വന്നിട്ടും വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയാണ്. കഴിഞ്ഞദിവസത്തെ ഉപഭോഗം 56 ദശലക്ഷം യൂനിറ്റാണ്.
രാവിലെയും വൈകുന്നേരവുമായി അരമണിക്കൂ൪ വീതം ലോഡ്ഷെഡിങ്ങാണ് ബോ൪ഡ് ആവശ്യപ്പെട്ടത്. വൈകുന്നേരം ലോഡ്ഷെഡിങ്ങിൻെറ സമയം അര മണിക്കൂ൪ നേരത്തെ ആക്കാനും ആവശ്യമുണ്ട്. കാലവ൪ഷം ദു൪ബലമായതിനാൽ വൈദ്യുതി നിലയിൽ കാര്യമായ മാറ്റം വന്നിട്ടില്ല. മേയ് അവസാനം വരെ പിടിച്ചുനിൽക്കാൻ പ്രയാസം നേരിടുന്നുവെന്നാണ് ബോ൪ഡ് വിലയിരുത്തൽ. താപവൈദ്യുതി കൂടുതൽ വാങ്ങിയാണ് പിടിച്ചുനിൽക്കുന്നത്. ഇതിൻെറ വില ദിവസവും ഉയരുകയാണ്. കായംകുളത്തുനിന്ന് ദിവസം ഏഴ് ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വാങ്ങുന്നത്. മാ൪ച്ചിൽ പരീക്ഷാസമയത്ത് വൈകുന്നേരം ലോഡ്ഷെഡിങ് ഒഴിവാക്കേണ്ട സാഹചര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
