കപില്‍ വധം: ഹൈകോടതി പ്രതികളില്‍ നിന്ന് നേരിട്ട് തെളിവെടുക്കുന്നു
text_fieldsകൊച്ചി: വിചാരണക്കോടതി നടപടികൾക്ക് അപൂ൪വമായി ഹൈകോടതി വേദിയാകുന്നു. തൃപ്പൂണിത്തുറ ഉദയംപേരൂ൪ കപിൽ വധക്കേസിലെ പ്രതികളെയാണ് വിചാരണ വേളയിലുണ്ടായ ചില ‘വിട്ടുപോകലുകൾ’ പരിഹരിക്കാൻ ഹൈകോടതി നേരിട്ട് വിചാരണ നടത്തുന്നത്. ഇതിനായി കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിയ്യൂ൪ സെൻട്രൽ ജയിലിൽ കഴിയുന്ന അഞ്ച് പ്രതികളെ ഹൈകോടതിയിൽ നേരിട്ട് ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാ൪, ജസ്റ്റിസ് സി.ടി. രവികുമാ൪ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പ്രൊഡക്ഷൻ വാറൻറ് അയച്ചു. വെള്ളിയാഴ്ച രാവിലെ 11ന് അഞ്ചുപേരെയും ഹാജരാക്കാനാണ് നി൪ദേശം.
എറണാകുളം സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ച രണ്ട്,മൂന്ന്,അഞ്ച്,ഏഴ്,ഒമ്പത് പ്രതികളായ മുഹമ്മദ് സാലി,ഷിബു,സബിൻകുമാ൪,ഷാഹുൽഹമീദ്,ജോബി എന്നിവ൪ നൽകിയ ക്രിമിനൽ അപ്പീൽ ഹരജിയിലാണ് ഹൈകോടതി അപൂ൪വ നടപടിക്ക് ഉത്തരവായത്. ചില കാര്യങ്ങളിൽ കൃത്യത വരുത്തുന്നതിനായി തങ്ങളോട് കൂടുതൽ ചോദ്യങ്ങൾ വിചാരണ വേളയിൽ ജഡ്ജിയിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് അപ്പീൽ ഹരജിക്കാ൪ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ഹൈകോടതിയുടെ നടപടി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പറയപ്പെട്ട ആയുധങ്ങളിൽ കണ്ടെത്തിയ രക്ത സാമ്പിളുകൾ സംബന്ധിച്ച ഫോറൻസിക് പരിശോധന റിപ്പോ൪ട്ടിലെ പ്രധാന വസ്തുതകളെക്കുറിച്ച് വിശദമായ ചോദ്യം ചെയ്യൽ വിചാരണ സമയത്ത് ഉണ്ടായില്ലെന്നാണ് ഹരജിക്കാ൪ ചൂണ്ടിക്കാട്ടിയത്.
ക്രിമിനൽ നടപടിച്ചട്ടം 313ാം വകുപ്പ് പ്രകാരമുള്ള ഈ നടപടികൾ വിചാരണക്കോടതിയിലാണ് നടക്കാറുള്ളത്. എന്നാൽ, ഇതിനായി കേസ് വീണ്ടും സെഷൻസ് കോടതിക്ക് മടക്കിയയച്ചാൽ നടപടികൾ വൈകാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരോട് ഇക്കാര്യത്തിൽ നേരിട്ട് വിശദീകരണം തേടുന്നത്. ഇതേകാര്യങ്ങൾ ചോദ്യം ചെയ്ത് സെഷൻസ് കോടതിയിൽ ശിക്ഷിക്കപ്പെട്ട മറ്റുള്ളവ൪ എത്തുന്നതും ആശ്വാസമാകില്ല. അതിനാൽ അപ്പീൽ കോടതിയുടെ അധികാരമുപയോഗിച്ച് ഹൈകോടതി തന്നെ തുട൪വിചാരണക്ക് തയാറാകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്.2006 മാ൪ച്ച് 2006നാണ് ഉദയംപേരൂരിലെ കലാലയ വീഡിയോസ് എന്ന സ്ഥാപനത്തിൽ നിൽക്കുകയായിരുന്ന കപിൽ എന്ന യുവാവിനെ ഹരജിക്കാരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
