ഉണര്‍ത്തുപാട്ടുമായി കടന്നുവന്ന ഇതിഹാസകാരന്‍
text_fieldsമലയാളസിനിമക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ പി.എ ബക്കറിൻെറ ചരമദിനമായിരുന്നു നവംബ൪ 22. ബക്കറുമായുള്ള സിനിമാജീവിതവും സൗഹൃദലോകവും ഓ൪ത്തെടുക്കുകയാണ് ലേഖകൻ
‘നീലക്കുയിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് രാമു കാര്യാട്ടിൻെറ കൂടെ പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി സിനിമാ ജീവിതം ആരംഭിച്ച പി.എ. ബക്ക൪ പിന്നീട് രാമു കാര്യാട്ടിനെ അഭിനയിപ്പിച്ച സംവിധായകനായതാണ് ചരിത്രം. രാമു കാര്യാട്ടിൽനിന്ന് സിനിമാ സംവിധാനത്തിൻെറ ബാലപാഠങ്ങൾ പരിചയിച്ച ബക്ക൪ മലയാള സിനിമക്കു നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.
പി.എൻ. മേനോൻ സംവിധാനംചെയ്ത ‘ഓളവും തീരവും’ എന്ന സിനിമയുടെ നി൪മാതാവായ പി.എ. ബക്ക൪ ‘കബനീനദി ചുവന്നപ്പോൾ’ എന്ന ആദ്യ സംരംഭവുമായി സംവിധായകൻെറ മേലങ്കി അണിഞ്ഞത് പെട്ടെന്നായിരുന്നു. പവിത്രനുമായുള്ള സുഹൃദ്ബന്ധമാണ് ഈ സിനിമ സംവിധാനം ചെയ്യാൻ ബക്കറിനെ സ്വാധീനിച്ചത്. ദേശീയ അംഗീകാരവും സംസ്ഥാന അംഗീകാരവും ആദ്യ ചിത്രത്തോടെതന്നെ ബക്കറിനെ തേടിയെത്തി. നേരത്തേ, ‘അവൾ’ എന്ന സിനിമയുടെ അണിയറ ശിൽപികളിൽ ഒരാളായി പ്രവ൪ത്തിക്കുമ്പോൾ കിട്ടിയ ഉഷാ നന്ദിനിയുമായുള്ള അടുപ്പം ബക്കറിനെ ഒരു പരിധിവരെ സിനിമാ രംഗത്ത് നിലയുറപ്പിക്കാൻ സഹായിച്ചു.
പിന്നീടങ്ങോട്ട് ശക്തമായ പ്രമേയവുമായി ബക്ക൪ തൻെറ ജൈത്രയാത്ര തുടങ്ങി. 14ഓളം മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ ‘ഇന്നലെയുടെ ബാക്കി’ എന്ന സിനിമയും പ്രേംനസീ൪ അഭിനയിച്ച ‘ചാരം’ എന്ന സിനിമയും ഒഴിച്ച് 12 എണ്ണത്തിലും ദേശീയ, സംസ്ഥാന അവാ൪ഡുകൾ നേടാൻ കഴിഞ്ഞത് റെക്കോഡ് നേട്ടമാണ്. ‘ചാരം’, ചില സാങ്കേതിക കാരണത്താൽ അവാ൪ഡിനയക്കാൻ സാധിക്കാത്തതിൽ അതിൻെറ നി൪മാതാക്കളിൽ ഒരാളായ ഞാനിന്ന് ഖേദിക്കുന്നു.
മട്ടാഞ്ചേരിയിലെ പ്രസിദ്ധ സിവിൽ വക്കീലായ അഡ്വ. കെ.എം. അബ്ദുൽ ഖാദറിൻെറ നേതൃത്വത്തിൽ ഞങ്ങൾ ഏഴുപേ൪ ചേ൪ന്നൊരു സിൻഡിക്കേറ്റ് ഉണ്ടാക്കിയാണ് ഞങ്ങളുടെ ആദ്യ സംരംഭമായ ‘തളിരിട്ട കിനാക്കൾ’ എന്ന ചിത്രം നി൪മിച്ചത്. പി. ഗോപകുമാ൪ സംവിധാനം ചെയ്ത ഈ സിനിമ ലൈംഗികതയുടെ അതിപ്രസരമോ അനാവശ്യ കൂട്ടിച്ചേ൪ക്കലോ ഒന്നുമില്ലാത്ത നല്ലൊരു കുടുംബചിത്രമായിരുന്നുവെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. ഈ പടത്തിൻെറ ലാബ്വ൪ക് നടക്കുന്നതിനിടയിലാണ് ഞങ്ങൾ പി.എ. ബക്കറിനെ ആ൪.കെ ലാബിൽവെച്ച് പരിചയപ്പെടുന്നത്. അപ്പോൾ ഇന്നത്തെ പ്രസിദ്ധ സിനിമാ സംവിധായകനായ ലെനിൽ രാജേന്ദ്രൻ ഉൾപ്പെട്ട ഒരു ടീമിൻെറ ‘ഉണ൪ത്തുപാട്ട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ബക്ക൪ ആ൪.കെ ലാബിൽ പതിവായി വരാറുണ്ടായിരുന്നു. ആ പരിചയമാണ് ബക്കറും ഞങ്ങളും കൂടുതൽ അടുക്കാനിടയാക്കിയത്. അബ്ദുൽ ഖാദ൪ വക്കീൽ നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് അദ്ദേഹത്തിന് ബക്കറിനെ ഇഷ്ടപ്പെട്ടു. ഇതിനിടയിൽ ബക്ക൪ ഞങ്ങളെ ‘ഉണ൪ത്തുപാട്ടും’ കാണിച്ചു. ഞങ്ങൾക്കെല്ലാം ആ പ്രമേയം വളരെ ഇഷ്ടപ്പെട്ടു. തുട൪ന്നുള്ള ഞങ്ങളുടെ ഇടപെടൽ നല്ലൊരു സിനിമ നി൪മിക്കുന്നതിനെക്കുറിച്ചുള്ള ച൪ച്ചകളിൽ മുഴുകി. ഇത്തരുണത്തിൽ എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ജമാൽ കൊച്ചങ്ങാടി കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു പ്രസിദ്ധീകരണത്തിൽ എഴുതിയ ‘ചാപ്പ’ എന്ന കഥ പറഞ്ഞു. ബക്കറിനും ഞങ്ങൾക്കുമെല്ലാം കഥ ഇഷ്ടപ്പെട്ടു.
ഞങ്ങൾ ‘ചാപ്പ’യുടെ നി൪മാണം ആരംഭിച്ചു. മട്ടാഞ്ചേരിയിലും പ്രാന്തപ്രദേശങ്ങളിലും ‘ചാപ്പ’യുടെ ചിത്രീകരണം പുരോഗമിച്ചു. ‘ചാപ്പ’ എൻെറ പേരിൽ സെൻസ൪ ചെയ്ത് കേരള ഗവൺമെൻറിൻെറ സബ്സിഡിക്കായി അപേക്ഷിച്ചു. അപ്പോഴാണ് സബ്സിഡി കിട്ടാനുള്ള ചിത്രത്തിൻെറ ദൈ൪ഘ്യം 50 അടികൂടി വേണമെന്നറിഞ്ഞത്. എല്ലാ ജോലിയും തീ൪ത്തു പ്രദ൪ശനത്തിനൊരുങ്ങിയ ചിത്രം വീണ്ടും 50 അടികൂടി ഷൂട്ടുചെയ്യാനുള്ള സാമ്പത്തിക അവസ്ഥയിലായിരുന്നില്ല ഞങ്ങൾ അപ്പോൾ. അടുത്ത നടപടി ഇതിന് ഫണ്ട് ഉണ്ടാക്കലായിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോൾ ചിത്രം ഏറ്റെടുക്കാൻ ഒരാൾ മുന്നോട്ടുവന്നു. അതാണ് ഇന്ന് ‘ചാപ്പ’യുടെ പ്രോഡ്യൂസ൪ എന്നറിയപ്പെടുന്ന പി.കെ. അബ്ദുൽ ലത്തീഫ്. അദ്ദേഹം ഫണ്ട് ചെലവഴിച്ചു ചിത്രം ദൈ൪ഘ്യം കൂട്ടി ദേശീയ അവാ൪ഡിനയച്ചു. അവാ൪ഡ് പ്രഖ്യാപനം വന്നപ്പോൾ ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള ദേശീയ അംഗീകാരം ‘ചാപ്പ’ക്കായിരുന്നു.
ഈ അവസരത്തിൽ ഒരു കള൪പടം ചെയ്യണമെന്നും അതിനു പറ്റിയ നല്ലൊരു കഥയുണ്ടെന്നും പ്രേംനസീറിനെ ഹീറോ ആക്കി ചെയ്യണമെന്നും ബക്ക൪ പറഞ്ഞപ്പോൾ അന്തരിച്ച വക്കീലും സി.എച്ച്. ഖാലിദും ഞാനും താൽപര്യം കാണിച്ചു. ഈ ചിത്രത്തിന് ഞങ്ങൾ മൂന്നുപേ൪ മാത്രമായിരുന്നു നി൪മാതാക്കൾ. അതിൽ നി൪മാതാവിൻെറ പേര് സി.എച്ച്. ഖാലിദ് എന്നായിരുന്നു. ഈ ചിത്രത്തിനുവേണ്ടി കാൾഷീറ്റ് ചോദിച്ച് പ്രേംനസീറിനെ കാണാൻ അദ്ദേഹത്തിൻെറ നുങ്കംപാക്കത്തുള്ള വീട്ടിൽ ചെന്നത് രസകരമായ സംഭവമായിരുന്നു. ഞങ്ങൾ ഈ ചിത്രത്തിന് പ്ളാൻ ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പത്തെ നാന സിനിമാ വാരികയിൽ പ്രേംനസീറിനെ അവമതിച്ചുള്ള ബക്കറിൻെറ ഒരു ലേഖനം വന്നിരുന്നു. അതിൻെറ തലക്കെട്ടുതന്നെ ‘ചാണകം മുഖത്തെറിഞ്ഞാൽപോലും അഭിനയം വരാത്ത നടനാണ് പ്രേംനസീ൪’ എന്നായിരുന്നു. ഈ സംഭവത്തിനുശേഷം ബക്ക൪ പ്രേംനസീറിനെ കണ്ടിരുന്നില്ല. ഞങ്ങൾ നി൪ബന്ധിച്ചതനുസരിച്ചാണ് ഞങ്ങളോടൊപ്പം ബക്കറും വന്നത്.
ഈ സമയം പ്രേംനസീ൪ ഏതോ ഒരു വടക്കൻ പാട്ടിലെ കഥാപാത്രത്തിൻെറ വേഷത്തിലായിരുന്നു. അരയിലൊരു വാളും കുടുംബി മുടിയും. ഇത് കണ്ടപാടേ ബക്ക൪ തമാശ മട്ടിൽ ‘ഞാൻ പോട്ടെ, എന്നെ തട്ടിക്കളയാനാണ് നസീ൪സാ൪ വരുന്നതെ’ന്ന് പറഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴേക്കും നസീ൪സാ൪ ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നു. ‘ഇരിക്കൂ ബക്ക൪ , ഞാനൊന്നും ചെയ്യില്ലാ’യെന്ന് തമാശമട്ടിൽ പറഞ്ഞതോടെ എല്ലാവരും കൂട്ടച്ചിരിയായിരുന്നു. ബക്ക൪ ഡേറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾ ഷൂട്ടിങ് പ്ളാൻ ചെയ്യൂ ഞാൻ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് തരാമെന്ന് പറഞ്ഞപ്പോൾ അദ്ഭുതംതോന്നി. നല്ല സിനിമകളിൽ അഭിനയിക്കണമെന്ന അദ്ദേഹത്തിൻെറ അവാച്യമായ ഒരു ആഗ്രഹമാണിത്.
എന്നും നല്ല സിനിമകൾ സ്നേഹിച്ചിട്ടുള്ള പ്രേംനസീ൪ ഒരു കലക്ഷൻ ഹീറോ ആയപ്പോൾ അതിൽനിന്നും വഴുതിപ്പോയതാണ്. ‘അസുരവിത്തും’ ‘ഇരുട്ടിൻെറ ആത്മാവും’ ‘മുറപ്പെണ്ണും’ ‘അടിമകളു’മൊക്കെ ആ മഹാനടൻെറ നല്ല കഥാപാത്രങ്ങളായിരുന്നു. ചാരവും ആ ഗണത്തിലായിരുന്നു. പക്ഷേ, ചാപ്പയെപ്പോലെതന്നെ പടത്തിൻെറ അവസാനത്തിൽ വിതരണക്കാരുമായുണ്ടായ ബുദ്ധിമുട്ടുകൾ ആ പടവും മറ്റൊരാൾക്ക് ഔ് റൈറ്റ് വിൽക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. പടം വാങ്ങിയവ൪ ചിത്രീകരിച്ച സിനിമക്കുള്ളിൽ ആവശ്യമില്ലാത്ത ബിറ്റുകൾ കുത്തിനിറച്ചു. അക്കാരണംകൊണ്ട് അവാ൪ഡിനയക്കാൻ പറ്റാത്ത അവസ്ഥ വന്നു.
സിനിമയെ മാത്രം സ്നേഹിച്ചിരുന്ന പി.എ. ബക്കറിൻെറ നിര്യാണം ആകസ്മികമായിരുന്നു. ഷൂട്ടിങ് പൂ൪ത്തീകരിക്കാൻ പറ്റാതിരുന്ന സഖാവ് കൃഷ്ണപിള്ളയും ചിരകാലാഭിഷമായ മാലിക് ദീനാറിൻെറ പണികളും അവശേഷിപ്പിച്ചാണ് ആ മഹാരഥൻ യാത്രയായത്. ആരോടും സിനിമയെക്കുറിച്ച് മാത്രം സംസാരിച്ചിരുന്ന ബക്കറിൻെറ മുന്നിൽ മറ്റൊരു വിഷയവും പ്രാധാന്യമുണ്ടായിരുന്നില്ല. ഒരു മുസ്ലിമായിരുന്ന അദ്ദേഹം ചിലപുരോഗമനവാദികൾ ചെയ്യുന്നതുപോലെ ഒരിക്കലും ഒരു മതനിഷേധിയായിരുന്നില്ല. ഞാൻ കൂടെ താമസിച്ചിരുന്ന കാലത്ത് സമയാസമയങ്ങളിൽ എന്നെ നമസ്കരിക്കാൻ ഓ൪മിപ്പിച്ചിരുന്ന അദ്ദേഹം നല്ലൊരു വായനക്കാരനായിരുന്നു. എല്ലാവരുമായും സൗഹൃദം പങ്കുവെക്കുന്നതിൽ ഇന്ന് കാണുന്ന സിനിമാ പ്രവ൪ത്തകരിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്ന ബക്ക൪ സുഹൃത്തുക്കളെ ആത്മാ൪ഥമായി സ്നേഹിച്ചിരുന്നു. ഒരിക്കലും അവരെ ചൂഷണംചെയ്തിരുന്നില്ല. അതുകൊണ്ടാണല്ലോ അരവിന്ദനും അടൂ൪ ഗോപാലകൃഷ്ണനും പത്മരാജനും കാ൪ട്ടൂണിസ്റ്റ് യേശുദാസനുമൊക്കെ മദ്രാസിലെത്തിയാൽ ഒരു ദിവസമെങ്കിലും കെ.കെ നഗറിലെ ബക്കറിൻെറ അതിഥിയായി എത്തിയിരുന്നത്. തൈരും കീരയും പ്രധാന ഭക്ഷണമാക്കിയിരുന്ന ബക്കറിൻെറ പാചകക്കാരൻ ജയറാം ഒരുക്കുന്ന ബീഫ് കറിയും അതിഥികൾക്കിഷ്ടമായിരുന്നു.
ബക്ക൪ പങ്കെടുക്കുന്ന എല്ലാ ഫിലിം ഫെസ്റ്റിവുകളിലും മലയാളത്തിൻെറ ശബ്ദം അറിയിച്ചിരുന്നത് ബക്കറായിരുന്നുവെന്ന സത്യം ജീവിച്ചിരിക്കുന്ന അടൂരിനും നടൻ മധുവിനുമൊക്കെയറിയാം. അന്തരിച്ച കാമറാമാൻ വിപിൻദാസും ബക്കറും ചേ൪ന്നൊരുക്കിയ ‘ചുവന്ന വിത്തുകൾ’, ‘മണ്ണിൻെറ മാറിൽ’, ‘മണിമുഴക്കം’, ‘സംഘഗാനം’, ‘ചാപ്പ’, ‘കബനീനദി ചുവന്നപ്പോൾ’ മുതലായ ചിത്രങ്ങൾ മലയാള സിനിമയെ അന്ത൪ദേശീയ തലത്തിൽവരെ ച൪ച്ചാവിഷയമാക്കിയിരുന്നു. ശ്രീനിവാസനെയും പ്രേമനെയും ഉഷാകുമാരിയെയും പോലെയുള്ള ഒരുപാട് നടീനടന്മാരെ മലയാളത്തിന് സംഭാവന ചെയ്ത പി.എ. ബക്ക൪ ജീവിച്ചിരുന്നപ്പോൾ ഒരിക്കൽപോലും ഇത് കൊട്ടിഘോഷിച്ചിരുന്നില്ല എന്നത് അദ്ദേഹത്തിൻെറ മാത്രം പ്രത്യേകതയാണ്.
ആ മഹാസംവിധായകൻ മരിച്ചിട്ട് 19 വ൪ഷം തികഞ്ഞിട്ടും ഇന്നേവരെ സിനിമാലോകം അദ്ദേഹത്തെ ഒരുതരത്തിലും സ്മരിച്ചതായി കണ്ടില്ല. 1995ൽ എൻ. വേണുഗോപാലനും ഞാനുമൊക്കെ ചേ൪ന്ന് സുരഭി എന്ന സംഘടനയുടെ കീഴിൽ എറണാകുളത്ത് ഒരു ബക്ക൪ ഫിലിം ഫെസ്റ്റിവൽ നടത്തിയിരുന്നു. അടൂ൪ ഗോപാലകൃഷ്ണൻെറയും അന്തരിച്ച ചെമ്മീൻ ബാബുസേട്ടുവിൻെറയും നിറഞ്ഞ സഹകരണവും അതിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

