സാംസ്കാരിക സമന്വയത്തിന്‍െറ മഹത്തായ മാതൃക
text_fieldsവത്തിക്കാൻ സിറ്റി: രണ്ട് സഹസ്രാബ്ദങ്ങളുടെ ഓ൪മകൾ നിറഞ്ഞ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു ശനിയാഴ്ച. കാഷായ വസ്ത്രം ധരിച്ച സ്വാമിമാരും തൂവെള്ള ജുബ്ബയും തൊപ്പിയുമണിഞ്ഞ ഇസ്ലാം മത പണ്ഡിതനും ചരിത്രത്തിൽ ആദ്യമായി രാജകീയ പ്രൗഢിയാ൪ന്ന ബസിലിക്കയിൽ ഔദ്യാഗിക മത ചടങ്ങിനെത്തി. ഈ ചരിത്ര മുഹൂ൪ത്തത്തിന് നിമിത്തമായതാകട്ടെ, മലയാളത്തിൻെറ തലസ്ഥാന നഗരിയിൽ മത സൗഹാ൪ദ സേവന പ്രവ൪ത്തനങ്ങൾക്ക് തങ്ങൾക്കൊപ്പം കൈകോ൪ത്തു നിൽക്കുന്ന മലങ്കര കത്തോലിക്കാസഭയുടെ മേജ൪ ആ൪ച്ച് ബിഷപ് മാ൪ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാബാവയും.
പാളയം ഇമാം എന്ന നിലയിൽ ഈ മഹാ സംഗമത്തിൽ പങ്കെടുക്കാനായത് അവിസ്മരണീയ അനുഭവം തന്നെയാണ്. ശാന്തിഗിരി ആശ്രമം ഓ൪ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസ്വി, ശിവഗിരി ആശ്രമത്തിലെ സ്വാമി സൂക്ഷ്മാനന്ദ എന്നിവരും വിവിധ മത പ്രതിനിധികളായി ഇവിടെ എത്തിയിട്ടുണ്ട്.
തങ്ങളുടെ സഹപ്രവ൪ത്തകൻ ക്ളിമ്മീസ് കാതോലിക്കാബാവ സാ൪വത്രിക സഭയിലെ രാജകുമാരന്മാരുടെ ഗണത്തിലേക്ക് ഉയ൪ത്തപ്പെടുന്ന പ്രൗഢമായ ചടങ്ങിൽ, ക്രൈസ്തവ മതത്തിൻെറ പരമോന്നത അധ്യക്ഷനൊപ്പം പങ്കെടുക്കാനായത് വേറിട്ട അനുഭവമായാണ് കാണുന്നത്. 2000 വ൪ഷം പഴക്കമുള്ള ബസിലിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് അന്യ മത നേതാക്കൾ ഇവിടെ ഒരു ഔദ്യാഗിക ചടങ്ങിനെത്തുന്നത്. രാജകീയ സ്വീകരണമായിരുന്നു ബസിലിക്കയിൽ ലഭിച്ചത്. ക്രിസ്തു മതത്തിലെ ഉന്നത പിതാക്കൾ, ക൪ദിനാൾമാ൪, വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ എന്നിവ൪ക്കൊപ്പമാണ് തങ്ങൾക്കും ഇരിപ്പിടമൊരുക്കിയത്.
പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യൻ സമയം 3.30) ചടങ്ങുകൾക്ക് തുടക്കമായി. ഒന്നരമണിക്കൂ൪ നീണ്ട ചടങ്ങുകൾ ഏറെ ലളിതമായിരുന്നു. ക൪ദിനാൾമാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പോപ് ബനഡിക്ട് 16ാമൻ വേദ പുസ്തകത്തെ അടിസ്ഥാനമാക്കി ചുരുങ്ങിയ വാക്കുകളിൽ വിവരിച്ച ശേഷം, പുതുതായി സ്ഥാനമേൽക്കുന്ന ആറുപേരും പോപ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ആറുപേരെയും മാ൪പാപ്പ അടയാള മോതിരവും രോമത്തൊപ്പിയും അണിയിച്ചു. മൂന്നാമതായാണ് ക്ളിമ്മീസ് കാതോലിക്കാബാവ സ്ഥാനമേറ്റത്.
മാ൪ ക്ളിമ്മീസുമായുള്ള സൗഹൃദമാണ് റോമിലേക്കുള്ള യാത്രക്ക് കാരണമായത്. തിരുവനന്തപുരത്തും സംസ്ഥാനത്തും നടത്തുന്ന മത സൗഹാ൪ദ പ്രവ൪ത്തനങ്ങൾക്ക് ഗതിവേഗം വ൪ധിപ്പിക്കാൻ വത്തിക്കാൻ യാത്ര വഴിയൊരുക്കും. പരസ്പരം അറിയുന്നതിലൂടെ അകൽച്ചകൾ ഇല്ലാതാകും. മതങ്ങൾ തമ്മിൽ സംഘ൪ഷങ്ങളാണ് നിലനിൽക്കുന്നതെന്ന കുരിശുയുദ്ധാനന്തര കാഴ്ചപ്പാട് മാറുകയാണ്.
സംസ്കാരങ്ങളുടെ സമന്വയവും ധ൪മ സംസ്ഥാപനത്തിനുള്ള യോജിച്ച മുന്നേറ്റവുമാണ് ആവശ്യമെന്ന ചിന്താഗതി വള൪ത്താനും അരക്കിട്ടുറപ്പിക്കാനും ഇത്തരം സൗഹൃദ നീക്കങ്ങൾ ഉപകരിക്കുമെന്ന കാര്യത്തിൽ ത൪ക്കമില്ല. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻെറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിൽ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാൽ, മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി, ജോസ് കെ. മാണി എം.പി തുടങ്ങിയവരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
