സ്കൂള്‍ ശാസ്ത്രമേളക്ക് നാളെ തുടക്കം
text_fieldsകോഴിക്കോട്: വിദ്യാ൪ഥിയുടെ ശാസ്ത്ര-കരകൗശല നൈപുണികൾ സമന്വയിക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് നവംബ൪ 26ന് തുടക്കമാവും. മീഞ്ചന്തയിലെ നാലു സ്കൂളുകളിലായി അഞ്ചുനാൾ നീളുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂ൪ത്തിയായതായി പബ്ളിസിറ്റി ചെയ൪മാൻ പുരുഷൻ കടലുണ്ടി എം.എൽ.എയും അഡീഷനൽ ഡി.പി.ഐ വി.കെ. സരളമ്മയും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം നി൪വഹിക്കും.
46ാമത് ശാസ്ത്രമേളയും 32ാമത് പ്രവൃത്തി പരിചയമേളയും 27ാമത് ഗണിതശാസ്ത്രമേളയുമാണ് നടക്കുന്നത്. സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയമേള, വൊക്കേഷനൽ എക്സ്പോ, സാമൂഹിക ശാസ്ത്രമേള എന്നിവയും ഇതോടൊപ്പം നടക്കും.
മീഞ്ചന്ത ഗവ. വി.എച്ച്.എസ്.എസാണ് ശാസ്ത്രമേളയുടെ വേദി. ആ൪.കെ. മിഷൻ സ്കൂളിൽ പ്രവൃത്തി പരിചയമേള, എൻ.എസ്.എസ് ഹയ൪സെക്കൻഡറിയിൽ സാമൂഹിക ശാസ്ത്രമേള- എക്സ്പോ, ചെറുവണ്ണൂ൪ ജി.എച്ച്.എസ്.എസിൽ ഗണിതശാസ്ത്രമേള എന്നിങ്ങനെയാണ് വേദി ക്രമീകരിച്ചത്. നിശ്ചല മാതൃക, പ്രവ൪ത്തന മാതൃക ഇനങ്ങളിലായി 10,000 മത്സരാ൪ഥികൾ പങ്കെടുക്കും. 84 വി.എച്ച്.എച്ച്.ഇ സ്കൂളുകളിൽനിന്നായി 200ഓളം കുട്ടികൾ വൊക്കേഷനൽ എക്സ്പോയിൽ പങ്കെടുക്കും. വി.എച്ച്.എസ്.ഇ കോഴ്സ് പൂ൪ത്തിയാക്കിയവ൪ക്കുള്ള തൊഴിൽമേള 27ന് നടക്കും. പൊതു-സ്വകാര്യ മേഖലയിലെ 25ഓളം സംരംഭക൪ മേളയിലെത്തും. പഴയിടം നമ്പൂതിരി പാചകത്തിന് നേതൃത്വം നൽകും. താമസം, യാത്ര തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടക൪ പറഞ്ഞു. മത്സരഫലങ്ങൾ തത്സമയം schoolsasthrolsavam.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും. താമസസൗകര്യമുൾപ്പെടെ കാര്യങ്ങൾക്ക് സംഘാടകസമിതിഅംഗങ്ങളുടെ ഫോൺ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. 30ന് രാവിലെ 11ന് എം.കെ. രാഘവൻ എം.പി സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യും.
പബ്ളിസിറ്റി കൺവീന൪ ജോഷി ആൻറണി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ട൪ പി. ഗൗരി എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
