റെക്കോഡിട്ട് കുച്ചിപ്പുടി; വേദിയിലെത്തിയത് 33 പേര്
text_fieldsതിരുവനന്തപുരം: മത്സരാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ കുച്ചിപ്പുടി. 14 ജില്ലകളില്‍നിന്ന് ഒന്നാം സ്ഥാനം നേടിയവര്‍ക്കു പുറമെ 19 പേരാണ് അപ്പീലിലൂടെ വേദി രണ്ടില്‍ നടന്ന മത്സരത്തിനത്തെിയത്. വ്യാഴാഴ്ച ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ കേരളനടനത്തില്‍ 32 പേര് പങ്കെടുത്തിരുന്നു.
രാവിലെ 10ന് തുടങ്ങിയ കുച്ചിപ്പുടി അവസാനിച്ചത് വൈകീട്ട് നാലരക്കാണ്. ഇതുമൂലം ഉച്ചക്ക് 12ന് തുടങ്ങാനിരുന്ന മിമിക്രി തുടങ്ങിയപ്പോള്‍ അഞ്ചു മണിയും മൂന്നിന് തുടങ്ങാനിരുന്ന നാടോടിനൃത്തം ആരംഭിച്ചപ്പോള്‍ രാത്രി എട്ടു മണിയുമായി. കുച്ചിപ്പുടിയില്‍ മത്സരിച്ച 33 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. പാലക്കാട് വാണിയംകുളം ടി.ആര്.കെ.എച്ച്.എസ്.എസിലെ മാളവിക കൃഷ്ണദാസ് ഒന്നാം സ്ഥാനം നേടി. വയനാട് എസ്.കെ.എം.ജെ.എച്ച്.എസ്.എസിലെ കെ. അനന്യ രണ്ടും മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയും സിനിമാതാരവുമായ സി.എ. വിസ്മയ മൂന്നും സ്ഥാനങ്ങള്‍ നേടി.
