കാരായിമാര്‍ക്ക് വോട്ട് ചെയ്യാന്‍ കണ്ണൂരില്‍ പോകാന്‍ അനുമതി
text_fieldsകൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ പ്രതികളും കണ്ണൂരിലെ സി.പി.എം സ്ഥാനാര്‍ഥികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വോട്ട് രേഖപ്പെടുത്താന്‍ കണ്ണൂരില്‍ പോകാന്‍ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി അനുമതി നല്‍കി. നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കണ്ണൂരില്‍ കഴിയാനാണ് ഇരുവര്‍ക്കും അനുമതി.
കേസിലെ ഏഴും എട്ടും പ്രതികളായ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കാരായി രാജന്‍ പാട്യം ഡിവിഷനില്‍നിന്ന് ജില്ലാപഞ്ചായത്തിലേക്കും തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ ചെല്ലത്ത് വാര്‍ഡില്‍നിന്ന് തലശ്ശേരി നഗരസഭയിലേക്കുമാണ് മത്സരിക്കുന്നത്. വോട്ട് രേഖപ്പെടുത്തി നവംബര്‍ മൂന്നിന് മടങ്ങിവരാമെന്ന ഇരുവരുടെയും വാദം കോടതി അംഗീകരിച്ചു.
നേരത്തേ നാമനിര്‍ദേശം നല്‍കാന്‍ കണ്ണൂരില്‍ പോകാന്‍ കോടതി ഇരുവര്‍ക്കും അനുമതി നല്‍കിയിരുന്നു. ഫസല്‍ വധക്കേസില്‍ ഒന്നര വര്‍ഷത്തിലേറെ ജയിലില്‍ കിടന്ന ഇരുവര്‍ക്കും എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയത്. ഇതിനുശേഷം പലപ്പോഴായി പ്രതികള്‍ കോടതിയില്‍നിന്ന് താല്‍ക്കാലിക ഇളവ് നേടി കണ്ണൂരില്‍ പോയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.