വിശ്രമമില്ലാത്ത രാപ്പകലുകളിൽ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് കോർപറേഷൻ കെട്ടിട സമുച്ചയത്തിലെ രണ്ട്, മൂന്ന് നിലകളിലായുള്ള ഓഫിസിൽ രണ്ടുമാസമായി രാത്രി വൈകിയും വിളക്കണയാറില്ല. രാവും പകലുമില്ലാതെ ഉത്തരവുകൾ, നിർദേശങ്ങൾ, നടപടികൾ... ശരിക്കും ഇടവേളകളില്ലാത്ത പ്രവർത്തനം. നന്നായൊന്ന് ഉറങ്ങാൻ പോലുമാവാതെ കുറെ ജീവനക്കാർ. ഇത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനം. ഏറെ വൈവിധ്യവും സങ്കീർണവുമായ തദ്ദേശ തെരഞ്ഞെടുപ്പിന് ചുക്കാൻപിടിക്കുന്ന ഭരണഘടനാ സംവിധാനത്തിെൻറ ആസ്ഥാനത്തിന് ഇത് വിശ്രമമില്ലാത്ത രാപ്പകലുകൾ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായുള്ളത് 75549 പേർ. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളെക്കാളും സങ്കീർണമായ വോട്ടെടുപ്പ് പ്രക്രിയ. രണ്ടരക്കോടി വോട്ടർമാരിൽനിന്ന് 21871 പേരെ തെരഞ്ഞെടുക്കുന്ന രീതി കാര്യക്ഷമമായി നടത്താൻ മുന്നൊരുക്കങ്ങൾ അനിവാര്യം. സങ്കീർണമായ ഇക്കാര്യങ്ങളൊക്കെ നിർവഹിക്കുന്നതും നിയന്ത്രിക്കുന്നതും 52 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘം. നേതൃത്വം നൽകുന്നത് കമീഷണർ കെ. ശശിധരൻ നായർ.
ഏറെ പുതുമകളാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനായി കമീഷൻ ഒരുക്കുന്നത്. വോട്ടർപട്ടിക ഫോട്ടോ പതിച്ചതാക്കി. ത്രിതല പഞ്ചായത്തുകളിലേക്ക് ബാലറ്റുകൾ മാറ്റി മൂന്ന് വോട്ടുകൾ ഒന്നിച്ച് ചെയ്യാവുന്ന യന്ത്രം കൊണ്ടുവന്നു. ബാലറ്റിലെ വോട്ടുകൾ എണ്ണാൻ രണ്ടു ദിവസം വരെ വേണ്ടിവന്നിടത്ത് ഇക്കുറി എല്ലാം വേഗത്തിൽ പൂർത്തിയാക്കാനാവും. വോട്ടർപട്ടിക തയാറാക്കലും അത് വാർഡ് അടിസ്ഥാനത്തിലാക്കി തിരിക്കലുമായിരുന്നു ആദ്യവെല്ലുവിളി. 1400 ഓളം റിട്ടേണിങ് ഓഫിസർമാരെ നിയോഗിക്കൽ, ഒന്നര ലക്ഷത്തിലേറെ പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കൽ, അവർക്ക് പരിശീലനം, സുരക്ഷാ സംവിധാനം ഒരുക്കൽ, പത്രിക സ്വീകരിക്കൽ, സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കൽ, ബാലറ്റ് പേപ്പറുകൾ തയാറാക്കൽ.. എല്ലാം കാര്യക്ഷമമായി പൂർത്തിയാക്കി.
പെരുമാറ്റച്ചട്ടം നടപ്പാക്കൽ, ചട്ടലംഘനങ്ങളിൽ നടപടി എടുക്കൽ, ചെലവ് നിരീക്ഷണം, പരാതികൾ പരിശോധിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 21000 ബൂത്തുകളേ ഉണ്ടാകാറുള്ളൂ. തദ്ദേശത്തിൽ 34424 എണ്ണമുണ്ട്. വോട്ടെണ്ണൽ പൂർത്തിയായാലും കമീഷെൻറ ജോലി അവിടെ തീരില്ല. പുതിയ ഭരണസമിതികൾ സ്ഥാനമേൽക്കണം, അവിടെ അധ്യക്ഷനെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുക്കണം തുടങ്ങി ചുമതലകൾ ഇനിയുമേറെ.
ഇക്കുറി 2015 നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ അധികാരമേൽക്കുംവിധം നടപടികൾ പൂർത്തിയാക്കാൻ സർക്കാറിന് കമീഷൻ പലകുറി കത്തയച്ചെങ്കിലും നടപടികളുണ്ടായില്ല. പലതവണ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടു. സർക്കാറിന് നിസ്സംഗത. ഒടുവിൽ തെരഞ്ഞെടുപ്പ് വൈകുമെന്ന സ്ഥിതി വന്നു.
വിവാദങ്ങൾക്കൊടുവിൽ എല്ലാവരും പ്രതീക്ഷച്ചതിൽനിന്ന് 10 ദിവസം മുമ്പ് പ്രഖ്യാപനം നടത്തി രാഷ്ട്രീയ പാർട്ടികളെയടക്കം കമീഷൻ ഞെട്ടിച്ചു. സമ്മർദങ്ങൾക്കൊന്നും കമീഷണർ വഴങ്ങിയുമില്ല.1993 ഡിസംബർ മൂന്നിന് നിലവിൽ വന്ന സംസ്ഥാന കമീഷനിലെ അഞ്ചാമത്തെ കമീഷണറാണ് ശശിധരൻ നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
