ആവേശം ചോരാതെ മുംബൈ മലയാളികളും
text_fieldsമുംബൈ: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആവേശവുമായി മുംബൈ മലയാളികളും. യോഗങ്ങൾ നടത്തിയും വാട്സ്ആപ്, എസ്.എം.എസ് സന്ദേശങ്ങളിലൂടെയും നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്.
കേരള മുസ്ലിം കൾചറൽ സെൻറർ അടക്കമുള്ള സംഘടനകളും മുസ്ലിം ലീഗ്, സി.പി.എം, ബി.ജെ.പി തുടങ്ങി രാഷ്ട്രീയ പാർട്ടി നേതാക്കളും അണികളെ നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചും വോട്ട് ചോദിച്ചും തിരക്കിലാണ്. തെരഞ്ഞെടുപ്പിന് അനുകൂലമായി ദീപാവലി അവധിയും വന്നെത്തുന്നു. കോളജുകൾക്ക് അവധി തുടങ്ങി. സ്കൂളുകൾ വ്യാഴാഴ്ചയോടെ അടക്കും. ഇതോടെ, നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി കഴിയുന്ന മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. നിരവധി പേർ നാട്ടിലെത്തിക്കഴിഞ്ഞു.
കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരിലാണ് തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആവേശം ചോരാതെ നിറഞ്ഞുനിൽക്കുന്നത്. മലപ്പുറം കഴിഞ്ഞാൽ കൂടുതൽ പഞ്ചായത്തുകൾ മുസ്ലിം ലീഗ് ഭരിക്കുന്ന ജില്ലയാണ് കാസർകോട്. അവിടത്തെ പല വാർഡിലെയും നിർണായക വോട്ടുകൾ മുംബൈ മലയാളികളുടേതാണെന്ന് കേരള മുസ്ലിം കൾചറൽ സെൻറർ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ അസീസ് മാണിയൂർ പറഞ്ഞു. സ്ഥാനാർഥികൾ മൊബൈൽ ഫോൺ വഴി വോട്ടർമാരുമായി ബന്ധപ്പെടുന്നുണ്ട്.
നിയമസഭ, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുമ്പൊക്കെ നഗരത്തിൽനിന്ന് പ്രത്യേക ബസുകളിൽ ആളുകൾ നാട്ടിലേക്ക് പോകുമായിരുന്നു. പാർട്ടികൾ സംഘടിപ്പിക്കുന്ന ബസുകളിലായിരുന്നു യാത്ര. ബസിനു മുന്നിൽ ബാനർ വലിച്ചുകെട്ടിയും പാർട്ടി കൊടികൾ വീശി മുദ്രാവാക്യങ്ങൾ മുഴക്കിയുമുള്ള യാത്ര ഇന്നില്ല.
നേതാക്കന്മാരുടെ പ്രസംഗങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചും യോഗങ്ങൾ നടത്തിയുമാണ് ഇടതുപക്ഷം നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ഫോർട്ട് മേഖലാ നേതാവ് പാനൂർ സ്വദേശി ടി.വി.കെ. അബ്ദുല്ല പറഞ്ഞു.
മുംബൈക്ക് പുറമെ അന്തേരി, സാക്കിനാക്ക, വീരാർ, വസായ് പ്രദേശങ്ങളിലും സി.പി.എമ്മിെൻറ വോട്ടുകൾ ചിതറിക്കിടക്കുന്നു. ഇവരിൽ പലരും നാട്ടിലെത്തിക്കഴിഞ്ഞു. ശേഷിച്ചവർ വെള്ളിയാഴ്ചയോടെ നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
