Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപോരാട്ടത്തിെൻറ...

പോരാട്ടത്തിെൻറ പെട്രോമാക്സ്​ കാലം

text_fields
bookmark_border
പോരാട്ടത്തിെൻറ പെട്രോമാക്സ്​ കാലം
cancel

ആലപ്പുഴ: ‘തെരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളാണ്. എങ്കിലും, നിരവധി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്​ഥാനാർഥികൾക്കുവേണ്ടി രാപ്പകൽ ഓടിനടന്ന ഒരു കാലമുണ്ടായിരുന്നു’ –കടന്നുപോയ കാലത്തെക്കുറിച്ച് ഓർത്ത് കെ.ആർ. ഗൗരിയമ്മ പറയുന്നു.
കമ്യൂണിസ്​റ്റ് പാർട്ടിയിലേക്ക് വരുന്നതിന് മുമ്പുതന്നെ പൊതുപ്രവർത്തനത്തിലുണ്ടായ താൽപര്യം ജനങ്ങളുമായി  അടുക്കാൻ ഇടയാക്കിയിരുന്നു. വയലാർ വെടിവെപ്പിനു ശേഷമാണ് പാർട്ടിയുമായി കൂടുതൽ ബന്ധപ്പെടുന്നത്. വെടിവെപ്പിനുശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഞങ്ങളുടെ നാട്ടിൽ വലിയ ആഘോഷമായിരുന്നു. കമ്യൂണിസ്​റ്റ് പാർട്ടിയെ വിജയിപ്പിക്കുന്നത് നാടിന് വലിയ കുഴപ്പമുണ്ടാക്കുമെന്ന് വലതുപക്ഷം പ്രചരിപ്പിച്ചിരുന്ന സമയമായിരുന്നു. അതായത്, മോശക്കാരായാണ് കമ്യൂണിസ്​റ്റുകാരെ അവർ മുദ്രകുത്തിയത്. എന്നാൽ, അന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വയലാറിലൊക്കെ വലിയ വിജയമായിരുന്നു പാർട്ടിക്ക് നേടിക്കൊടുത്തത്. ഞങ്ങളുടെ കുടുംബത്തിൽ പഞ്ചായത്തിലേക്ക് മത്സരിച്ചവർ കുറവാണ്. എെൻറ മൂത്തചേച്ചിയുടെ മകൻ ചേർത്തല നഗരസഭയിലേക്ക് മത്സരിച്ച് അംഗമായിട്ടുണ്ട്. എങ്കിലും പാർട്ടി സഖാക്കളിൽ ഏറെയും സമീപത്തെ പല പഞ്ചായത്തുകളിലും മത്സരിച്ചപ്പോൾ അവർക്കായി പ്രചാരണ രംഗത്തിറങ്ങാൻ എനിക്ക് കഴിഞ്ഞു. അവരൊക്കെ മോശമല്ലാത്ത വിജയവും നേടി.
ഇന്നത്തെപ്പോലെ പഞ്ചായത്തുകൾക്ക് അന്ന് വലിയ അധികാരമൊന്നുമില്ല. പഞ്ചായത്ത്രാജ് നിലവിൽ വന്നത് അടുത്തകാലത്താണല്ലോ. മാത്രമല്ല, അന്ന് മത്സരിക്കുക എന്നത് വലിയ അഭിമാനംതന്നെ. ചെലവഴിക്കാൻ ഭൂരിഭാഗം സ്​ഥാനാർഥികളുടെ കൈയിലും കാര്യമായ പണമൊന്നുമില്ലായിരുന്നു. പാർട്ടി വളർന്ന് വരുന്നതേയുള്ളൂ. പൊതുവെ കഷ്ടപ്പാടിെൻറയും ദുരിതത്തിെൻറയും കാലമായിരുന്നു. തൊഴിലാളികൾക്ക് പൊതുവെ കൂലി കുറവ്. നാട്ടിൽ പാവപ്പെട്ടവരുടെ എണ്ണമായിരുന്നു കൂടുതൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എല്ലാവരും കഠിനാധ്വാനം ചെയ്യണം. രാപ്പകൽ പ്രചാരണം. രാത്രികാലങ്ങളിൽ പെട്രോമാക്സും കത്തിച്ച് സ്​ഥാനാർഥികളെയും കൊണ്ട് നാട്ടിടവഴികളിലൂടെ മുദ്രാവാക്യം വിളിച്ച് പോകും. ഇന്ന് അത്തരം കാഴ്ചകൾ വിരളമാണ്. ഇന്ന് സ്​ത്രീ സംവരണത്തിെൻറ പേരിൽ നിരവധി വനിതകൾ മത്സരിക്കുന്നു. അന്ന് അതില്ല. പഞ്ചായത്ത് അംഗം എന്നാൽ നാട്ടിൽ ഭേദപ്പെട്ട വ്യക്തിയായാണ് അന്ന് കണക്കാക്കിയിരുന്നത്. ഇന്ന് അങ്ങനെയുണ്ടോയെന്ന് സംശയം.
വിദ്യാഭ്യാസവും കുടുംബപരമായ വലുപ്പവുമൊക്കെ ഉള്ള ഞാനാക്കെ രാഷ്ട്രീയത്തിൽ ഇറങ്ങി ജീവിതം പാഴാക്കരുതെന്ന് കരുതിയ പലരുമുണ്ടായിരുന്നു. അതിന് കാരണമുണ്ട്. മദ്രാസ്​ സർവകലാശാലയിൽനിന്ന് ബി.എ സാമ്പത്തിക ശാസ്​ത്രത്തിൽ സ്വർണ മെഡൽ നേടിയ ആളാണ് താൻ. മാത്രമല്ല, നിയമബിരുദവും നേടിയിരുന്നു. വെടിവെപ്പിന് ശേഷമുള്ള കാലം നാട്ടിൽ കേസുകളുടെ ബാഹുല്യമായിരുന്നു. അതിനാൽ, പാവപ്പെട്ടവർക്കായി കേസ്​ വാദിക്കാനും രാഷ്ട്രീയപ്രവർത്തനം നടത്താനുമാണ് താൻ നിശ്ചയിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിൽ സ്​ഥാനാർഥികളൊക്കെ വന്ന് പ്രസംഗിക്കാനൊക്കെ കൊണ്ടുപോകും. ചേർത്തല അഞ്ചൽ ഓഫിസിന് അടുത്തുള്ള സ്​ഥലത്ത് അന്ന് ഒരു പൊതുയോഗം നടന്നു. വലിയ ആൾക്കൂട്ടമായിരുന്നു. നാട്ടിലെ പല പ്രമാണിമാരും കമ്യൂണിസ്​റ്റ് നേതാക്കളുമൊക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്​റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷം നടന്ന ഭൂരിഭാഗം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർട്ടിക്ക് തന്നെയായിരുന്നു വിജയം. സ്​ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് അഴിമതി കാട്ടുന്നത്. കൈക്കൂലി വാങ്ങി കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതിൽ പൊതുവെ സ്​ത്രീകൾ പിറകിലാണ്. ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ വാശി കാണുമ്പോൾ പഴയകാലത്തെ ആവേശവും ഒത്തൊരുമയും സമയംനോക്കാതെയുള്ള പ്രവർത്തനങ്ങളുമൊക്കെ മനസ്സിൽ ഓടിയെത്തും –ഗൗരിയമ്മ പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story