Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightറോഡും സ്ലാബും...

റോഡും സ്ലാബും തെരഞ്ഞെടുപ്പില്‍ വില്ലനാവുമോ?

text_fields
bookmark_border
റോഡും സ്ലാബും തെരഞ്ഞെടുപ്പില്‍ വില്ലനാവുമോ?
cancel

വടകര: തകര്‍ന്ന റോഡും പൊളിഞ്ഞ സ്ളാബും നഗരസഭാ തെരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ഥികള്‍ക്കും ഇത്തവണ പാരയാകുമോയെന്ന് പലരും ഭയക്കുന്നു. നാമമാത്രമായ വോട്ടിന്‍െറ ഭൂരിപക്ഷത്തിന് ജയിച്ച മുന്‍ കൗണ്‍സിലര്‍മാര്‍ മത്സരിക്കുന്ന വടകരയിലെ പല വാര്‍ഡുകളിലും ഇത്തവണ പ്രതിഷേധ വോട്ട് ജയപരാജയങ്ങള്‍ക്ക് കാരണമാവുമെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫിന്‍െറ സീറ്റു വിഭജനം ഇത്തവണ പൊട്ടലും ചീറ്റലുമില്ലാതെ പര്യവസാനിച്ചതിന്‍െറ നേട്ടം നേതൃത്വത്തിനുണ്ടെങ്കിലും ഉറച്ച സീറ്റേതെന്ന് പറയാന്‍ ആര്‍ക്കും പറ്റാത്ത അവസ്ഥയാണുള്ളത്. മുസ്ലിം ലീഗിന്‍െറ സിറ്റിങ് വാര്‍ഡ് മാത്രമേ ഇതില്‍നിന്ന് വ്യത്യസ്ഥമാവുന്നുള്ളൂ. പ്രാദേശിക പ്രശ്നങ്ങളും വികസനമുരടിപ്പും പതിവില്‍ കവിഞ്ഞ് തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നുറപ്പ്.

തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥയില്‍ നഗരസഭയുടെ അലംഭാവം നിറഞ്ഞ സമീപനം പുതിയ സ്ഥാനാര്‍ഥിക്ക് അതിജീവിക്കാന്‍ പ്രയാസമാകും. പഴങ്കാവ് റോഡ് ഓട്ടോറിക്ഷപോലും പോകാത്ത അവസ്ഥയില്‍ തകര്‍ന്നതിനാല്‍ ആ വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് നാട്ടുകാരില്‍നിന്ന് നിഷേധാത്മകമായ പ്രതികരണമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. നാരായണ നഗരം-തിരുവള്ളൂര്‍ റോഡില്‍നിന്ന് ആശുപത്രി-മേമുണ്ട റോഡിലേക്ക് എളുപ്പത്തിലത്തൊന്‍ കഴിയുന്ന ശ്രീനാരായണ മഠം റോഡ് ഈ കൗണ്‍സിലിന്‍െറ തുടക്കംമുതല്‍ പൊളിഞ്ഞ നിലയിലായിരുന്നു. റീടാറിങ് ചെയ്യുകയോ പൊളിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിരുന്നെങ്കില്‍ ഇടതുപക്ഷത്തിന്‍െറ കുത്തകയായ ഈ വാര്‍ഡിനെപ്പറ്റി എതിരഭിപ്രായമുണ്ടാവില്ലായിരുന്നു. ഇതേപോലെ എത്രയോ റോഡിന്‍െറ കഥ നാട്ടുകാര്‍ക്ക് പറയാനുണ്ട്.

ഓവുചാലില്‍ സ്ഥാപിച്ച പല സ്ളാബുകളും തകര്‍ന്നിരിക്കയാണ്. ഇതില്‍ തട്ടിവീണ് കാല്‍നടക്കാര്‍ക്ക് പരിക്കേറ്റ നിരവധി സംഭവമുണ്ട്. പ്രതിഷേധം ഉയരുന്നതിനുമുമ്പേ സമയബന്ധിതമായി സ്ളാബുകള്‍ മാറ്റിയിടാന്‍ നഗരസഭാ എന്‍ജിനീയറിങ് വിഭാഗം തയാറാവാത്തത് കൗണ്‍സിലര്‍മാര്‍ക്കാണ് വിനയാവാന്‍ പോകുന്നത്. പഴയ ബസ്സ്റ്റാന്‍ഡില്‍നിന്നുള്ള ക്യൂന്‍സ് റോഡിലെ സ്ളാബ് തകര്‍ന്ന് ഇരുചക്ര വാഹനംപോലും ഓടാന്‍ പറ്റാതായിട്ടും നഗരസഭ തിരിഞ്ഞുനോക്കിയില്ളെന്ന് ആക്ഷേപമുണ്ട്. ഒടുവില്‍ കച്ചവടക്കാരുടെ സംഘടന നിരാഹാരസമരം നടത്തിയതിനുശേഷം സ്ളാബ് മാറ്റിയിട്ടതും ഈ ഭാഗത്തുള്ളവരും ഓട്ടോറിക്ഷാ തൊഴിലാളികളും മറന്നിട്ടുണ്ടാവില്ല. റോഡിന്‍െറ ശോച്യാവസ്ഥ പലതവണ വാര്‍ത്തയായിട്ടും നഗരസഭ ഇക്കാര്യം ഗൗരവത്തിലെടുക്കാത്തത് സമീപത്തുള്ള കച്ചവടക്കാരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

നാരായണ നഗരം ബസ്സ്റ്റാന്‍ഡിനരികില്‍ ദേശീയപാതയില്‍ ബസിറങ്ങുന്നവര്‍ക്ക് വാഹനശല്യമില്ലാതെ പഴയ ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലേക്കും പാര്‍ക്ക് റോഡിലേക്കും എത്താന്‍ കഴിയുന്ന ശ്രീമണി ബില്‍ഡിങ്ങിന്‍െറ പിറകിലുള്ള വലിയ സ്ളാബ് നടുമുറിഞ്ഞ് ഓവുചാലില്‍ വീണിട്ട് മാസങ്ങളായെങ്കിലും നഗരസഭയോ വാര്‍ഡ് കൗണ്‍സിലറോ ഇതറിഞ്ഞ ഭാവം നടിച്ചില്ല. സ്ളാബുകള്‍ തകര്‍ന്നുവീണതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്രയും ഇരുചക്ര വാഹനഗതാഗതവും മുടങ്ങിയിരിക്കയാണ്.   

സ്വകാര്യ പരസ്യ കമ്പനിയുടെ സ്പോണ്‍സറിങ്ങിലൂടെ പുതിയ ബസ്സ്റ്റാന്‍ഡ് മൊത്തത്തില്‍ മോടികൂട്ടിയിട്ടുണ്ടെങ്കിലും ബസ് നിര്‍ത്തുന്ന സ്ഥലവും സ്റ്റാന്‍ഡില്‍നിന്ന് ബസ് പുറത്തേക്കിറങ്ങുന്ന ഭാഗവും പൊളിഞ്ഞതിനാല്‍ പലരും വീണ് പരിക്കേറ്റ സംഭവമുണ്ടായി. ഇത്തരം പ്രതിഷേധങ്ങളെല്ലാം നഗരസഭാ തെരഞ്ഞെടുപ്പിന്‍െറ സമയത്തല്ലാതെ പിന്നെ എപ്പോഴാണ് അറിയിക്കുകയെന്നാണ് പലരും ചോദിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story