ക്രിയാരൂപിയായ പാരകളുടെ സമ്മേളനം
text_fieldsപത്തനംതിട്ട: പാരകള്‍ പല വിധമാണ്. തേങ്ങ പൊതിക്കുന്നത് മുതല്‍ കൂറ്റന്‍ അലവാങ്കുവരെ. പക്ഷേ, ഇന്ന് അവക്കെല്ലാം വംശനാശം സംഭവിച്ചു. ആരും ഓര്‍ക്കുന്നുപോലുമില്ല. ഇപ്പോള്‍ പാര നാമരൂപമല്ല ക്രിയാരൂപിയാണ്. ഒളിഞ്ഞും തെളിഞ്ഞും മുന്നില്‍ നിന്നും പിന്നില്‍ നിന്നുമെല്ലാം അത് പ്രത്യക്ഷപ്പെടും. ക്രിയാരൂപിയായ പാരകളുടെ സമ്മേളനകാലമാണ് തെരഞ്ഞെടുപ്പ്. ഒതുക്കേണ്ടവനെ ഒതുക്കാതെ നമുക്ക് തലപൊക്കാനാവില്ലല്ളോ എന്ന തത്ത്വസംഹിതയിലധിഷ്ഠിതമാണ് രാഷ്ട്രീയപാരകളെല്ലാം.
പത്തനംതിട്ട നഗരസഭയിലെ ചില പ്രമുഖ വാര്‍ഡുകളില്‍ ഇരുമുന്നണികളിലുംപെട്ട സ്ഥാനാര്‍ഥികളെ പാലം വലിക്കാന്‍ ‘പാരകള്‍’ പ്രവര്‍ത്തനം തുടങ്ങി. മുന്‍ അനുഭവം വെച്ചുനോക്കിയാല്‍ പാരകളുടെ പ്രവര്‍ത്തനം വിജയിച്ച ചരിത്രമാണുള്ളത്. ഇക്കുറിയും ഇത് ആവര്‍ത്തിച്ചാല്‍ പ്രമുഖരായ ചിലര്‍ അടിതെറ്റിവീഴുന്ന ദയനീയ കാഴ്ച വോട്ടര്‍മാര്‍ക്ക് കാണേണ്ടിവരും. മത്സരിക്കുന്ന പ്രമുഖരും പുറത്തുനില്‍ക്കുന്നവരും ഒക്കെയാണ് പാര പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യ നേതൃത്വം കൊടുക്കുന്നത്.
നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനവും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവും തട്ടിയെടുക്കുകയാണ് പ്രമുഖരുടെ ലക്ഷ്യം. ചിലരെയൊക്കെ തട്ടിവീഴ്ത്തിയെങ്കിലേ ഇത് നേടാന്‍ കഴിയൂ. അതുകൊണ്ട് ആര്‍ക്ക് ‘പണി’ കിട്ടുമെന്ന് മുന്‍കൂട്ടി പറയാനും കഴിയില്ല. കഴിഞ്ഞതവണ ഈ തന്ത്രം പയറ്റി വിജയിച്ചവരും ഈ തവണയും അതേതന്ത്രം പയറ്റുമെന്നുറപ്പായി. കഴിഞ്ഞതവണ പയറ്റിയ തന്ത്രം അതേ നാണയത്തില്‍ ഇത്തവണ തിരിച്ചടിച്ചേക്കുമെന്ന ഭയക്കുന്നവരുമുണ്ട്.
യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ നഗരസഭ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങള്‍ക്ക് വടംവലി ഉറപ്പായികഴിഞ്ഞു. അധ്യക്ഷസ്ഥാനം വനിതക്കാണ്. കോണ്‍ഗ്രസിലെ വനിത സ്ഥാനാര്‍ഥികളില്‍ ചിലര്‍ തങ്ങളായിരിക്കും അധ്യക്ഷയെന്ന് പ്രഖ്യാപനം നടത്തിയാണ് വോട്ടര്‍മാരെ കാണുന്നത്. ഇതിന് ഭര്‍ത്താക്കന്മാരുടെയും ചില നേതാക്കളുടെയും പൂര്‍ണ പിന്തുണയുമുണ്ട്. ഇങ്ങനെ ഒന്നിലധികം അധ്യക്ഷന്മാര്‍ ഒരു പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നതോടെ പാരക്ക് പ്രസക്തിയേറി. ആരെയെങ്കിലുമൊക്കെ പാലംവലിച്ച് താഴെയിട്ടാലെ ശരിക്കും കൈയ്യൂക്കുള്ളവന് കാര്യം സാധിക്കാന്‍ പറ്റുകയുള്ളൂ എന്ന സ്ഥിതിയാണിപ്പോള്‍. കോണ്‍ഗ്രസില്‍ നാലുപേരെങ്കിലും അധ്യക്ഷസ്ഥാന മോഹികളായി ഉണ്ടെന്നാണ് കേള്‍വി. പാരപണിയില്‍ ഇതില്‍ എത്രപേര്‍ നിലംപരിശാകും എന്ന് കണ്ടറിയണം. നഗരസഭയിലെ ഇപ്പോഴത്തെ കീഴ്വഴക്കം അനുസരിച്ച് യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ ഉപാധ്യക്ഷസ്ഥാനം ഘടകകക്ഷിക്ക് നല്‍കേണ്ടിവരും.
അത് സംഭവിക്കാതിരിക്കണമെങ്കില്‍ അവരെല്ലാം തോല്‍ക്കണം. അതൊന്നും കാണാതെ വെറും കൗണ്‍സിലറാവുക എന്ന മോഹത്തോടെയല്ല കോണ്‍ഗ്രസില്‍നിന്ന് ചില പ്രമുഖര്‍ അരയും മുറുക്കി അങ്കത്തിനിറങ്ങിയിരിക്കുന്നത്. പ്രധാന ഘടകക്ഷികളായി ഇപ്പോള്‍ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും മാത്രമാണുള്ളത്. സീറ്റ് കൊടുക്കാതെ ആര്‍.എസ്.പിയെ പിണക്കിവിട്ടതോടെ ആ ബാധ ഒഴിഞ്ഞു. അവരെ വലഞ്ചുഴി, കല്ലറക്കടവ് എന്നീ വാര്‍ഡുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഒഴികെ മറ്റാര്‍ക്കും തല്‍ക്കാലം പേടിക്കേണ്ട. അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിക്കാന്‍ നേതാക്കള്‍ ധാരണയുണ്ടാക്കിയ ശേഷം ആര്‍.എസ്.പിയെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ആര്‍.എസ്.പി നേതാക്കള്‍ പറയുന്നത്.
ഇതിന് പകരംവീട്ടാനാണ് പ്രമുഖരായവരുടെ രണ്ട് വാര്‍ഡില്‍ അവര്‍ മത്സരിക്കുന്നതത്രെ. ഇതിന് കോണ്‍ഗ്രസിലെ തന്നെ ചില പാര വിദഗ്ധരുടെ പിന്തുണയും ആര്‍.എസ്.പിക്ക് ലഭിക്കുന്നതായും അണിയറയില്‍ സംസാരമുണ്ട്. ഉപാധ്യക്ഷ സ്ഥാനം കിട്ടാതാകുമോ എന്ന ഭീതി ഇപ്പോള്‍ കേരള കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്കുണ്ട്.കേരള കോണ്‍ഗ്രസാണെങ്കില്‍ ടൗണ്‍ വാര്‍ഡ് ബലംപിടിച്ച് വാങ്ങിയതാണ്. ഇവിടെ മത്സരിക്കാനിരുന്ന കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ മൗനവ്രതത്തില്‍ കഴിയുകയാണെന്നാണ് പറയുന്നത്. കേരള കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള മറ്റ് മൂന്ന് വാര്‍ഡുകളിലും ‘പാരകള്‍’ പല വേഷത്തിലും കറങ്ങിനടക്കുന്നതായി പറയുന്നു. ലീഗിന് ആകെ കിട്ടിയത് മൂന്ന് സീറ്റാണ്.
ലീഗിന്‍െറ യുവജനനേതാവ് മത്സരിക്കുന്ന 22ല്‍ ലീഗിന്‍െറ വിമതയായി മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന റഷീദാബീവിയുമുണ്ട്. ലീഗിലെ തന്നെ പാരകളാണ് റഷീദാബീവിയെ നിര്‍ത്തിയതെന്നും ആക്ഷേപമുണ്ട്.പാരകളുടെ കാര്യത്തില്‍ ഇടതുമുന്നണിയിലും ഒട്ടുംമോശമല്ല. അവരുടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയായ അമൃതം ഗോകുലം മത്സരിക്കുന്ന നാലാം വാര്‍ഡിലും ഒരു വിമത പ്രത്യക്ഷപ്പെട്ടതോടെ എല്‍.ഡി.എഫിന് വിജയം അത്ര എളുപ്പമല്ലാതായിരിക്കുകയാണ്. മറ്റ് ചില വാര്‍ഡുകളിലും എല്‍.ഡി.എഫില്‍ വല്യേട്ടനും ഘടകകക്ഷികളും തമ്മില്‍ അത്ര രസത്തിലല്ളെന്നും പറയുന്നു. ഘടകകക്ഷികളില്‍ ചിലത് ബലംപ്രയോഗിച്ച് വാങ്ങിയ സീറ്റുകളില്‍ സ്വന്തം കഴിവ് ഉപയോഗിച്ച് വിജയിച്ച് കാണിക്കണമെന്നാണ് വല്യേട്ടന്‍ പാര്‍ട്ടിയിലെ നേതാക്കള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
