680ഓളം സ്ഥാനാര്‍ഥികള്‍ കുടുംബശ്രീയില്‍ നിന്ന്
text_fieldsകല്‍പറ്റ: തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണ തോത് ഉയര്‍ന്നപ്പോള്‍ അടുക്കളയില്‍നിന്ന് ഒട്ടേറെ സ്ത്രീജനങ്ങള്‍ അരങ്ങത്തത്തെുകയാണ്. ആളുകളുമായി ഇടപഴകാനറിയാത്തവരും പ്രവര്‍ത്തനപരിചയമില്ലാത്തവരുമെന്നൊക്കെ മുദ്രകുത്തി വനിതകളെ മൂലക്കിരുത്തുന്ന പതിവ് തിരുത്തിയത് കേരളത്തില്‍ കുടുംബശ്രീയാണ്. സാമൂഹികരംഗത്ത് ഏറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ കുടുംബശ്രീ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ റിക്രൂട്ട് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഏജന്‍സിയായി മാറിക്കഴിഞ്ഞു. പ്രവര്‍ത്തനപരിചയവും നേതൃപാടവവുമുള്ള സ്ത്രീകളെ ചാക്കിട്ട് മത്സരത്തിനിറക്കാന്‍ മുന്നണികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
മത്സരചിത്രം തെളിഞ്ഞപ്പോള്‍ ജില്ലയില്‍ 1882 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇതില്‍ 680ഓളം പേര്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ്. വനിതാ സ്ഥാനാര്‍ഥികളില്‍ 80 ശതമാനവും കുടുംബശ്രീയില്‍ പയറ്റിത്തെളിഞ്ഞവരായത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണ രംഗത്തും ഏറെ സഹായകമായിട്ടുണ്ട്. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി എന്നിവക്കുപുറമെ സ്വതന്ത്ര സ്ഥാനാര്‍ഥികളായും പല കുടുംബശ്രീ അംഗങ്ങളും രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവരില്‍ കെ.ബി. നസീമയും ഉഷാകുമാരിയും ഉള്‍പ്പെടെയുള്ളവര്‍ കുടുംബശ്രീയിലൂടെ വളര്‍ന്ന് രാഷ്ട്രീയരംഗത്ത് നിലയുറപ്പിച്ചവരാണ്. പനമരം പഞ്ചായത്തിലാണ് കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മത്സരിക്കാന്‍ ഇറങ്ങിയിട്ടുള്ളത്.
സംസ്ഥാനത്ത് 10,000ത്തിലധികം സ്ഥാനാര്‍ഥികളെയാണ് കുടുംബശ്രീ ഇക്കുറി ‘സംഭാവന’ ചെയ്തിട്ടുള്ളത്. കഴിഞ്ഞതവണ കുടുംബശ്രീയില്‍നിന്ന് വന്നവരില്‍ ഏകദേശം 1200 പേര്‍ ജയിച്ചുവന്ന സ്ഥാനത്ത് ഇക്കുറി എണ്ണം ഏറെ വര്‍ധിക്കും. കണ്ണൂര്‍, മലപ്പുറം ജില്ലകളാണ് കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകരെ പോരിനിറക്കുന്നത്. എന്നാല്‍, താരതമ്യേന സ്ഥാനാര്‍ഥികള്‍ കുറവുള്ള വയനാട്ടില്‍ അനുപാതം മറ്റു ജില്ലകളിലേതിനേക്കാള്‍ കൂടുതലാണ്.
ഓരോ വാര്‍ഡിന്‍െറയും കൃത്യമായ ചിത്രം അറിയാവുന്നവരാണ് സ്ഥാനാര്‍ഥികളില്‍ മിക്കവരും. ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണക്കുപുറമെ ജയിച്ചുകഴിഞ്ഞാല്‍ കുടുംബശ്രീ പദ്ധതികള്‍ അതിവേഗം പഞ്ചായത്തിലൂടെ നടപ്പാക്കാന്‍ കഴിയുമെന്നതുള്‍പ്പെടെയുള്ള ഒട്ടേറെ അനുകൂലഘടകങ്ങള്‍ കുടുംബശ്രീവഴി എത്തുന്നവര്‍ക്കുണ്ടെന്ന് രാഷ്ട്രീയ നേതാക്കള്‍തന്നെ പറയുന്നു. കുടുംബശ്രീ നല്‍കിയ ആത്മവിശ്വാസമാണ് തങ്ങളെ മത്സരരംഗത്ത് മുന്നേറാന്‍ സഹായിക്കുന്നതെന്ന് മിക്ക സ്ഥാനാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു.
നേരത്തെ, സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍ക്ക് ഇലക്ഷനില്‍ മത്സരിക്കണമെങ്കില്‍ തല്‍സ്ഥാനം രാജിവെക്കേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മത്സരിക്കാന്‍ രാജി വെക്കേണ്ടതില്ല. ജയിച്ചശേഷം രാജി സമര്‍പ്പിച്ചാല്‍ മതി. ഇതോടെ ഒട്ടേറെ സി.ഡി.എസ് ചെയര്‍പേഴ്സന്മാരാണ് കേരളത്തില്‍ മത്സരരംഗത്തുള്ളത്. വയനാട്ടില്‍മാത്രം നാലു സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഗോദയിലിറങ്ങിയിട്ടുണ്ട്. തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, സുല്‍ത്താന്‍ ബത്തേരി സി.ഡി.എസ് ചെയര്‍പേഴ്സന്മാരാണ് മത്സരിക്കുന്നത്. ഉപസമിതി അംഗങ്ങള്‍, സി.ഡി.എസ് എക്സിക്യൂട്ടിവ് അംഗങ്ങള്‍, വാര്‍ഡ് മെംബര്‍മാര്‍ എന്നിവരില്‍ പലരും മത്സരിക്കാനിറങ്ങിയിട്ടുണ്ട്. മിക്കവരെയും തേടി രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്ങോട്ടു ചെല്ലുകയായിരുന്നു.
ഇതിനുപുറമെ, ജില്ലയില്‍ എസ്.ടി അനിമേറ്റര്‍മാരായി കുടുംബശ്രീ നിയമിച്ച 100 പേരില്‍ പത്തോളം പേര്‍ മത്സരിക്കുന്നുണ്ട്. എസ്.ടി അനിമേറ്റര്‍മാരുടെ ജില്ലാ കോഓഡിനേറ്ററും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
