പ്രവചിക്കാന്‍ വേണം ഒരു ലോക്കല്‍ പോള്‍ നീരാളി
text_fieldsചൂലുകൊണ്ട് രാജ്യതലസ്ഥാനം അടിച്ചുവൃത്തിയാക്കിയ ആളോട് കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു പത്രക്കാരന്‍ ചോദിച്ചു, പതിറ്റാണ്ടുകളോളം രാജ്യവും സംസ്ഥാനവും ഭരിച്ച ദേശീയകക്ഷിക്ക് എത്ര സീറ്റ് കിട്ടും എന്ന്. ഉടന്‍ വന്നു മറുപടി: ജീറോ (സീറോ). അതൊന്ന് എഴുതിത്തരണമെന്നായി റിപ്പോര്‍ട്ടര്‍. അപ്രകാരം ചെയ്ത് ഒപ്പിട്ടു കൊടുത്തു. വോട്ടെണ്ണിയപ്പോള്‍ പറഞ്ഞപോലെ ജീറോ സീറ്റ് ആ രഹീ ഹേ...വാതുവെപ്പും പ്രവചനങ്ങളും എല്ലാ തെരഞ്ഞെടുപ്പ് കാലത്തുമുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പാവുമ്പോള്‍ അതിന്‍െറ എണ്ണം കൂടുമെന്നതും ഏറെ ലോക്കലൈസ് ചെയ്യുമെന്നതും പ്രത്യേകതയാണ്. നാണിക്ക് കെട്ടിവെച്ച കായി പോവ്വോ? കോണിക്ക് ഒറ്റക്ക് നിന്നാ കേറാനാവുമോ? മാണിക്ക് എത്ര കിട്ടും? ഇങ്ങനെ പലജാതി ചോദ്യങ്ങളുയരുന്നു. കെട്ടിവെച്ചവരുടെ പണം പോകുമ്പോള്‍ തെറ്റുന്നവരുടെ കാശ് വിവിധ രീതികളില്‍ നഷ്ടപ്പെടുന്നു. മന്തി വാങ്ങിക്കൊടുത്തിട്ടും മൊട്ടയടിച്ചിട്ടും മീശ പകുതി വെട്ടിയിട്ടുമെല്ലാം. ഫലം അച്ചട്ടായി പ്രവചിക്കുന്നവരുണ്ട്. അമാനുഷികരെന്ന് അന്ധവിശ്വാസികളും കരിനാക്കുകാരെന്ന് അവിശ്വാസികളും ഇവരെ വിശേഷിപ്പിക്കുന്നു.
പ്രവചനം പറയുമ്പോള്‍ പോള്‍ നീരാളിയെ ഓര്‍ക്കുക സ്വാഭാവികം. ജര്‍മനിക്കാരനായിരുന്ന ഈ ജീവി ഫുട്ബാള്‍ മത്സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് വരവെയാണ് അകാലത്തില്‍ വീരചരമമടഞ്ഞത്. ലോക്കല്‍ പോളിങ്ങിന്‍െറ ഇക്കാലത്ത് ആകാംക്ഷയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓരോ നാട്ടിലും ഓരോ ലോക്കല്‍ നീരാളി ഉണ്ടായിരുന്നെങ്കില്‍ എന്ന് വോട്ടര്‍മാര്‍ ആഗ്രഹിച്ചു പോവുകയാണ്. അക്വേറിയത്തില്‍ വല്ല കട്ടന്‍ചായയും പരിപ്പുവടയുമോ കോഴി ബിരിയാണിയോ വെച്ച് കൊടുത്ത് പോള്‍ ഏതാണ് കഴിക്കുന്നതെന്ന് നോക്കി വിജയികളെ തീരുമാനിക്കാമല്ളോ.
സ്റ്റാറ്റസ്: പൊന്നരിവാളമ്പിളിയില്‍ ചിലര്‍ കണ്ണെറിയുമ്പോള്‍ ആ മരത്തിന്‍ പൂന്തണലില്‍ വാടിനില്‍ക്കുന്നോരുടെ കഥയെന്താവും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
