അങ്കവാളിനറിയുമോ പൊന്നാങ്ങള ബന്ധം
text_fieldsപൊന്നാങ്ങള, നേര്‍പെങ്ങള്‍, മച്ചുനന്‍ തുടങ്ങിയ ബഹുമതി സ്വരപദങ്ങള്‍ വടക്കന്‍പാട്ടില്‍ മാത്രമല്ല, കടത്തനാടന്‍ പ്രദേശത്ത് ഇന്നും പ്രചാരത്തിലുണ്ടെന്നാണ് വിദ്വാന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആങ്ങള എന്ന് നേരെ പറയുന്നതിന് പകരം പൊന്ന് കൂടി തുടക്കത്തില്‍ ചേര്‍ക്കുമ്പോഴും പെങ്ങളെ നേര്‍പെങ്ങളാക്കുമ്പോഴും കുറേക്കൂടി ഇഴയടുപ്പം അനുഭവപ്പെടുന്നവരാണ് പ്രസ്തുത പ്രദേശത്ത് വാഴുന്നത്. ഉറ്റബന്ധുക്കളെ കഴിഞ്ഞേയുള്ളൂ ഒരുമാതിരി പെട്ടവര്‍ക്കെല്ലാം മറ്റെന്തും. അങ്കത്തിനാണെങ്കിലും താളിയൊടിക്കാനാണെങ്കിലും ബന്ധുത്വം മറന്നൊന്നും ഇല്ല എന്നതിന് സാക്ഷ്യപത്രവുമായി എത്രയോ വടക്കന്‍പാട്ട് കഥകള്‍ ഒന്നിന് പിറകെ ഒന്നായി പിറവികൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ് ഗോദയില്‍ പക്ഷേ, ബന്ധങ്ങള്‍ക്ക് ഉണക്ക കരിയിലയുടെ വിലപോലുമില്ല. പരസ്പരം പോരാടുന്ന ബന്ധുക്കള്‍ക്ക് നന്നായറിയാം, തങ്ങളിലൊരുവന്‍ വീരചരമം പ്രാപിക്കുമെന്ന്. കൂടെപിറപ്പുകള്‍ തമ്മിലുള്ള അങ്കത്തില്‍ പെറ്റിട്ടവരില്‍ ഒരാള്‍ കണ്ണടക്കുമെന്ന് പെറ്റമ്മക്കും പിതാശ്രീക്കും വെളിവോടെ അറിയാം. പാലക്കാട് കോട്ടയോട് ഏതാണ്ട് ചേര്‍ന്നുകിടക്കുന്ന പിരായിരി പഞ്ചായത്തിലെ കുറിശ്ശാംകുളം വാര്‍ഡില്‍ സഹോദരങ്ങളായ പ്രസന്നകുമാറും സുരേഷും ഇടത്-വലതു മുന്നണികളുടെ അങ്കചേകവന്മാരായി ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയവരാണ്. കഴിഞ്ഞദിവസം ഇവരുടെ അങ്കക്കോപ്പുകൂട്ടല്‍ ഏതാനും മണിക്കൂര്‍ ഒരുമിച്ച് നിര്‍ത്തിവെക്കേണ്ടി വന്നതിന് നാട്ടുകാര്‍ സാക്ഷികളായി. ഇളയ സഹോദരന്‍ ഗിരീഷ് അസുഖബാധിതനായി മരിച്ചതിനെ തുടര്‍ന്നാണ്. വിരുദ്ധ രാഷ്ട്രീയം ആവോളം പ്രചരിപ്പിക്കുന്നതില്‍നിന്ന് സ്ഥാനാര്‍ഥികളായ പ്രസന്നനും സുരേഷും അല്‍പസമയത്തേക്കാണെങ്കിലും വിട്ടുനിന്നത്.
കൊല്ലങ്കോട് പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ അമ്മക്കും മകള്‍ക്കും ഒരുമിച്ച് വോട്ട് ചോദിച്ച് ഇടത് മുന്നണി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത് കണ്ട് നാടുതന്നെ കോരിത്തരിച്ചു. ബ്ളോക്ക് പഞ്ചായത്തിലെ പയ്യല്ലൂര്‍ ഡിവിഷനിലെ സി.പി.എം സ്ഥാനാര്‍ഥിയായി പ്രചാരണം തുടരുകയാണ് ഓമന. ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡിലെ സി.പി.എം സ്ഥാനാഥിയാണ് ഓമനയുടെ മകള്‍ സുകന്യ. അമ്മക്കും മകള്‍ക്കും വേണ്ടി പ്രവര്‍ത്തന രംഗത്തുള്ളത് ഒരേ പാര്‍ട്ടി സഖാക്കള്‍. തൊട്ടടുത്ത മുതലമടയിലെ സ്ഥിതി അതിനേക്കാള്‍ വിചിത്രമാണ്. ഒരുകുടുംബത്തിലെ മൂന്നുപേര്‍ക്ക് താമര അടയാളത്തില്‍ വോട്ട് ചെയ്യണമെന്ന സവിശേഷ അഭ്യര്‍ഥനയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. നണ്ടന്‍കിഴായ വാര്‍ഡില്‍ മത്സരിക്കുന്ന കെ.ജി. പ്രദീപ് കുമാറിന്‍െറ ഭാര്യ സുഖില പോത്തംപാടം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. പ്രദീപിന്‍െറ സഹോദരന്‍ പ്രമോദ് കുമാറാണ് ഈ വാര്‍ഡുകളും ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ബി.ജെ.പി സ്ഥാനാര്‍ഥി.
രാഷ്ട്രീയത്തേക്കാള്‍ അരാഷ്ട്രീയത്തിന് വേരിറങ്ങിവരുന്നതിനിടെ ഇതുപോലുള്ള രസമുകുളങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ന്യൂജന്‍കാര്‍ക്ക് തെരഞ്ഞെടുപ്പെന്നാല്‍ വിരസതയും മടുപ്പും മാത്രം സമ്മാനിക്കുന്ന ഏര്‍പ്പാടാവുമായിരുന്നു. ചേട്ടനും അനിയനും ഭാര്യയും ഭര്‍ത്താവും തമ്മിലൊക്കെ അങ്കംവെട്ടുന്നത് കാണുമ്പോള്‍ ഹരംകൊള്ളാതിരിക്കുന്നവരിലാണ് വെളിവില്ലായ്മ ദര്‍ശിക്കേണ്ടത്. ബന്ധുക്കളുടെ പോരാട്ടത്തിന് രാഷ്ട്രീയ വാശിയേക്കാള്‍ മിഴിവ് ഉണ്ടാവുമെന്നതിന് അനുഭവസ്ഥരും ഏറെയുണ്ട്. ആരാന്‍റമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
