’79ലെ പ്രസിഡന്റായ രാഘവന് മടുത്തിട്ടില്ല
text_fieldsകാഞ്ഞങ്ങാട്: 1989ലെ പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ അണിയചുക്കാന് പിടിച്ച് രംഗത്ത്. 1967-68 കാലഘട്ടത്തില്‍ പിണറായിയും വൈക്കം വിശ്വനും ഭാരവാഹികളായിരുന്ന ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന നിയമബിരുദാരിയായ പി. രാഘവന് 1979ല്‍ ബേഡകം പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി ജനപ്രതിനിധിയാകുന്നത്. ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ച ഭരണസമിതിയില്‍ രാഘവന് പ്രസിഡന്റായി.കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന അന്നത്തെ കാസര്‍കോടിന്‍െറ മലയോര മേഖലകളിലൊന്നായിരുന്നു ബേഡകം. വികസനത്തിന്‍െറ ബാലികേറാമല.
കുന്നും ചെരിവുകളും നിറഞ്ഞ മലമ്പ്രദേശത്ത് 100 കിലോമീറ്റര്‍ റോഡ്, കുറ്റിക്കോല്‍ മുതല്‍ കുണ്ടംകുഴി വരെയുള്ള പ്രദേശവാസികള്‍ക്കായുള്ള കുടിവെള്ള പദ്ധതി, പത്തുപേര്‍ക്ക് കിടത്തി ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയ ആതുരസേവനം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയ കാലം ഓര്‍ക്കുകയാണ് രാഘവന്. പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ രേഖ പുറത്തിറക്കിയ ബേഡകം പഞ്ചായത്ത് സംസ്ഥാന ശ്രദ്ധനേടിയിരുന്നു. 1981ല്‍ കാസര്‍കോട് സര്‍വിസ് സഹകരണ ബാങ്ക് ആരംഭിച്ച് സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ’91ലും ’96ലും ഉദുമയില്‍ നിന്ന് നിയമസഭാംഗമായ രാഘവന് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.
കാസര്‍കോട് എജുക്കേഷനല്‍ കോഓപറേറ്റിവ് സൊസൈറ്റി മുഖാന്തിരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. 2005ല്‍ മുന്നാട് പീപ്പിള്‍സ് കോളജ് ആരംഭിച്ചു. സഹകരണമേഖലയില്‍ ആതുരസേവനത്തിന്‍െറ ഭാഗമായി 2005ല്‍ ഇ. കെ. നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ആരംഭിച്ചതും പി. രാഘവന്‍െറ നേതൃത്വത്തിലായിരുന്നു. ’79ലെ ബേഡകം പഞ്ചായത്തു പ്രസിഡന്റില്‍ തുടങ്ങി കാല്‍നൂറ്റാണ്ടുകാലം സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ രൂപവത്കരണം മുതല്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം, എം.എല്‍.എ എന്നീ നിലകളില്‍ വളര്‍ന്ന രാഘവനെ സി.പി.എം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തത് കടുത്ത നിരാശക്കിടയാക്കിയിരുന്നുവെങ്കിലും നിലവില്‍ ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ ഇടതുപക്ഷത്തിന്‍െറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് രാഘവന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
