പച്ചപിടിക്കുന്ന ഉള്‍പ്പാര്‍ട്ടി ജനാധിപത്യം
text_fieldsവളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെക്കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍, വളരുന്തോറും പിളര്‍ന്നതിനൊക്കുമോ പിളരാതിരിക്കിലും എന്ന രീതിയിലുള്ള നയവ്യതിയാനം കാട്ടുന്ന കേഡര്‍ പാര്‍ട്ടിയെക്കുറിച്ചാണ് നീരാളി ഇക്കുറി പറഞ്ഞുവരുന്നത്. ചുരത്തിനു മുകളില്‍ ലീഗ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗ്രൂപ് ബാധപോലൊന്ന് പടര്‍ന്നുപിടിച്ചതായി പായാരം പറയുന്നത് അണികള്‍ തന്നെയാണ്. ഗ്രൂപ്പില്ലാത്ത ശാഖാ കമ്മിറ്റികള്‍ ഇല്ളെന്നുതന്നെ പറയാവുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി വളര്‍ന്നിരിക്കുന്നു എന്നു പറയുന്നത് ചുമ്മാതല്ല. ശക്തികേന്ദ്രങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയാല്‍ പച്ചപിടിച്ച് വളരുന്ന വിഭാഗീയത മുസീബത്ത്വള്ളി പോലെ പാര്‍ട്ടിയെ ചുറ്റിപ്പിണഞ്ഞു നില്‍ക്കുന്നത് നേരില്‍ കാണാവുന്നതേയുള്ളൂ.
തറവാട്ടുകാരണവന്മാര്‍ നേതാക്കന്മാരായി വാണരുളിയതായിരുന്നു പഴങ്കാലം. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തതിനാല്‍ പാര്‍ട്ടിയില്‍ അന്ന് ഐക്യം വേണ്ടത്ര. പണ്ടൊരു ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് തീരുമാനമെടുക്കുന്നവര്‍ തന്നെ സ്ഥാനാര്‍ഥികളായി വന്ന മറിമായം സംഭവിച്ചതോര്‍ക്കുക. അക്കാലം വരെ അതൊക്കെ നിലനിന്നു. പിന്നീട് ആളു കൂടിയപ്പോള്‍ പതിയെ കോണ്‍ഗ്രസിന്‍െറ സൂക്കേട് തുടങ്ങി.
തറവാട്ടു കാരണവന്മാര്‍ മാറി തലപ്പത്ത് തോട്ടം തൊഴിലാളി നേതാക്കള്‍ വന്നപ്പോള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തിയാര്‍ജിച്ചുവെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, നേതൃത്വത്തിന്‍െറ ത്രാണിയില്ലായ്മ പച്ചവെള്ളംപോലെ തെളിഞ്ഞുവന്നു. വിഭാഗീയതകളില്‍ മേല്‍ത്തട്ടുകാര്‍ പക്ഷംപിടിച്ചപ്പോള്‍ അണികള്‍ മോരും മുതിരയും പോലെയായി. അതങ്ങ് പടര്‍ന്നുപന്തലിച്ചപ്പോള്‍ ഇപ്പോള്‍ ഓരോ വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയംവരെ വാഗ്വാദങ്ങളില്‍ മുങ്ങുന്നു. ഇല്ലീഗലായ പലതും പല സ്ഥാനാര്‍ഥിത്വത്തിനും പിന്നില്‍ ആരോപിതമാകുന്നു. ഒരു കണക്കിന് ഈ വനിതാ സംവരണം നന്നായെന്നാണ് നീരാളിക്ക് തോന്നുന്നത്. അതല്ളെങ്കില്‍ ലീഗ് പാര്‍ട്ടിയിലെ സ്ഥിതി എന്താകുമായിരുന്നു?
നാടറിയുന്ന ഒരു സാമ്പിള്‍ കഥ നീരാളി പറഞ്ഞുതരാം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ പഞ്ചായത്തില്‍ ഒരു ജില്ലാ നേതാവ് പഞ്ചായത്തിലേക്കെങ്കിലും സീറ്റു തരുമോയെന്ന് ചോദിച്ച് ഓരോ വാര്‍ഡിന്‍െറയും വാതില്‍മുട്ടിനടന്നിട്ടും ഒന്നുപോലും തുറന്നില്ല. പഞ്ചായത്തില്‍ പിടിമുറുക്കിയ യൂത്ത് നേതാവ് അതെല്ലാം ആദ്യമേ ഭദ്രമായി അടച്ചുകളഞ്ഞിരുന്നു. ടിയാനെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ശാഖാ കമ്മിറ്റികളെക്കൊണ്ട് ശക്തമായി പറയിപ്പിച്ചു. ഒടുക്കം വിമതനായി പത്രിക നല്‍കിയത് പാര്‍ട്ടി ഇടപെട്ട് തീരുമാനമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു. എന്നാല്‍, ആ പൂതി നടന്നില്ല. ജില്ലയില്‍ ശ്രദ്ധയൂന്നിയപ്പോള്‍ പഞ്ചായത്തുമണ്ണ് കാലിനടിയില്‍നിന്ന് ഒലിച്ചുപോയ വിവരം അപ്പോഴാണ് അറിയുന്നത്.
പടിഞ്ഞാറത്ത, വെള്ളമുണ്ട, മുട്ടില്‍, കോട്ടത്തറ, കണിയാമ്പറ്റ, പനമരം, മേപ്പാടി തുടങ്ങി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം എടങ്ങേറിന്‍െറ അവിലും കഞ്ഞിയാണ്. ലീഗോഫിസിന്‍െറ മുക്കിനു താഴെയുള്ള കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍പോലും അണികള്‍ക്ക് പഴയപോലെ സബൂറില്ല. മിക്ക വാര്‍ഡിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പോരായി. ഇങ്ങത്തേലക്കലുള്ളവന്‍ കുപ്പായമിട്ട് അങ്ങത്തേലക്കലെ വാര്‍ഡില്‍ ചെല്ലുമ്പോള്‍ ഞമ്മക്കിതൊന്നും പറ്റൂലേ എന്ന് അവിടുള്ളവര്‍ ചോദിച്ചാല്‍ കുഴയാതെന്തു ചെയ്യും. അതുതന്നെയാണ് പ്രശ്നം. ലക്ഷണമൊത്ത കച്ചവടക്കാര്‍ (പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ്) തലപ്പത്തിരിക്കുന്ന ശാഖാ കമ്മിറ്റികള്‍ക്ക് കൃത്യമായ താല്‍പര്യങ്ങളുണ്ടാവും. അതുകൊണ്ട്, തങ്ങള്‍ക്ക് പറ്റിയവനെ എവിടെ നിന്നെങ്കിലും കെട്ടിയിറക്കും. അതല്ളെങ്കില്‍, ജനത്തിന് താല്‍പര്യമില്ളെങ്കിലും പഴയതുപോലെ കൂട്ടത്തിലൊരുവനെ കുപ്പായമിടുവിക്കും.
കോണി കണ്ടാല്‍ കണ്ണുംപൂട്ടി കുത്തിയിരുന്ന ഉമ്മാമമാര്‍ വരെ തിരിഞ്ഞുകുത്താന്‍ തുടങ്ങിയ കാലമാണ്. അതിനിടക്ക് മുന്തിയ സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതന്മാര്‍ വരെ രംഗത്തുവരാന്‍ തുടങ്ങിയത് ഖിയാമത് നാളിന്‍െറ അടയാളമായി കണക്കാക്കണമെന്നുപറഞ്ഞാലും ഇക്കാലത്ത് ആരും വിശ്വസിക്കാനില്ളെങ്കിലെന്തു ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
