നടപടിയെടുത്തിട്ടും വിമതപ്പേടി മാറാതെ കോണ്‍ഗ്രസ്
text_fieldsകണ്ണൂര്‍: പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടും മത്സരരംഗത്തു നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത വിമതര്‍ ജില്ലയില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഒഴിയാബാധയായി. കോണ്‍ഗ്രസിന്‍െറ കുത്തക വാര്‍ഡുകളില്‍ വിമതരെ ഉപയോഗിച്ച് എല്‍.ഡി.എഫും ബി.ജെ.പിയും ഗോളടിക്കുന്ന സ്ഥിതിയാണുള്ളത്. വിമതരും അവരെ സഹായിച്ച പ്രാദേശിക നേതാക്കളും ഉള്‍പ്പെടെ ജില്ലയിലെ 24 പേരെയാണ് കെ.പി.സി.സി പ്രസിഡന്‍റ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത്. നടപടി വകവെക്കാതെ മത്സരരംഗത്ത് തുടരുന്ന ഇവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ കോര്‍പറേഷനില്‍ മാത്രം ആറുപേരാണ് നടപടിക്ക് വിധേയരായത്.
ഇവിടെ ആറ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്നു. അഞ്ചിടത്ത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ പേരില്‍തന്നെയാണ് രണ്ട് സ്ഥാനാര്‍ഥികളും ഏറ്റുമുട്ടുന്നത്. ഒരിടത്ത് സ്വതന്ത്രനായും. തലശ്ശേരി നഗരസഭയിലെ ഇല്ലിക്കുന്ന് വാര്‍ഡില്‍ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് നേതാവടക്കം രണ്ട് വിമതരാണ് മത്സരിക്കുന്നത്. കണ്ണോത്തുപള്ളിയില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വന്ന വിമതയും പിന്മാറിയിട്ടില്ല.
ആലക്കോട് പഞ്ചായത്തില്‍ മൂന്നു വാര്‍ഡുകളില്‍ കോണ്‍ഗ്രസിലെ വിമതര്‍ക്ക് പിന്തുണയേകി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പിന്മാറിയിരിക്കയാണ്. ഇതില്‍ രണ്ട് വാര്‍ഡെങ്കിലും വിമതര്‍ കൊണ്ടുപോകാനാണ് സാധ്യത. ഇവിടെ വിമത സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് പേരെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയെങ്കിലും നടപടി ഫലം ചെയ്തില്ല. ഗ്രൂപ് കളിയാണ് കോണ്‍ഗ്രസിന്‍െറ ഉറച്ച സീറ്റുകളില്‍ എല്‍.ഡി.എഫിന് നുഴഞ്ഞുകയറാന്‍ വഴിയൊരുക്കിയത്.
പാനൂര്‍ നഗരസഭയിലെ പെരിങ്ങളത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ ഭാര്യയായ വിമത ബി.ജെ.പി പിന്തുണയോടെയാണ് മത്സരിക്കുന്നത്. മുന്‍ പഞ്ചായത്തംഗമായ ഇവരും വിജയ സാധ്യത പ്രതീക്ഷിക്കുന്നു. നടുവില്‍ പഞ്ചായത്തില്‍ നാലിടത്താണ് കോണ്‍ഗ്രസ് വിമത ഭീഷണി നേരിടുന്നത്. ആറാം വാര്‍ഡില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ പിന്തുണയോടെയാണ് വിമത മത്സരിക്കുന്നത്. ഇവര്‍ക്ക് വിജയസാധ്യതയുണ്ട്. വാര്‍ഡ്, ബൂത്ത് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പൊട്ടന്‍പ്ളാവ് വാര്‍ഡില്‍ കോണ്‍ഗ്രസിലെ വിമത സാന്നിധ്യം എല്‍.ഡി.എഫിന് വിജയ സാധ്യതയൊരുക്കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരെയും വിമതനുണ്ട്. മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ രണ്ട് വിമതരാണുള്ളത്. ഉദയഗിരി പഞ്ചായത്തില്‍ കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കെതിരെയാണ് പാര്‍ട്ടിക്കാരിയായ വിമത മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
