Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകാലം മറക്കാത്ത...

കാലം മറക്കാത്ത മറ്റത്തൂര്‍ മാതൃക

text_fields
bookmark_border
കാലം മറക്കാത്ത മറ്റത്തൂര്‍ മാതൃക
cancel

കൊടകര: പങ്കാളിത്ത വികസനം, അധികാര വികേന്ദ്രീകരണം എന്നിവയിലൂടെ 1995-2000ല്‍ ദേശീയശ്രദ്ധ നേടിയ ഗ്രാമപഞ്ചായത്താണ് മറ്റത്തൂര്‍. ജനകീയാസൂത്രണത്തിന്‍െറയും കുടുംബശ്രീയുടെയും പിറവിക്ക് പ്രേരണയായത് ഇവിടത്തെ ജനകീയ മുന്നേറ്റങ്ങളാണ്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ അന്ന് ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പഞ്ചായത്തംഗമായ ജോയ് കൈതാരത്താണ്. വ്യാജമദ്യത്തിനും ഗ്രാമീണമേഖലയുടെ പിന്നാക്കാവസ്ഥക്കുമെതിരായ അന്നത്തെ ജനകീയ മുന്നേറ്റങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോയിക്ക് പറയാനേറെയുണ്ട്.

80കളില്‍ ഈ മലയോരപ്രദേശം വ്യാജവാറ്റുകാരുടെ പിടിയിലായിരുന്നു. ജോയിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാറ്റുകേന്ദ്രങ്ങള്‍ തല്ലിത്തകര്‍ത്തു. മൂന്നുവര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ മോനൊടിയും ചെട്ടിച്ചാലും മദ്യവിമുക്തഗ്രാമങ്ങളായി. 1991ല്‍ കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപേദാഷ്ടാവ് ഡോ. സരള ഗോപാലന്‍ ഇന്ത്യയിലെ ആദ്യ മദ്യവിമുക്ത ഗ്രാമമായി മോനൊടിയെ പ്രഖ്യാപിച്ചു. 1995ലെ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ മറ്റത്തൂരില്‍ ജോയിയും അംഗമായി. കാര്‍ഷികമേഖലയില്‍ ജലസേചനസൗകര്യം ലക്ഷ്യമിട്ട് പഞ്ചായത്ത് സര്‍വേ സംഘടിപ്പിച്ചു. പഞ്ചായത്തിലൂടെ പോകുന്ന18.5 കിലോമീറ്റര്‍ ഇറിഗേഷന്‍ കനാലില്‍ അടിഞ്ഞ എക്കല്‍ നീക്കാതെ ജലസേചനം കാര്യക്ഷമമാകില്ളെന്ന് കണ്ടത്തെി. അതിന് ഒരു വീട്ടില്‍ നിന്ന് ഒരാള്‍ ഒരു ദിവസത്തെ അധ്വാനം ചെലവഴിക്കണമെന്ന നിര്‍ദേശം രൂപപ്പെട്ടു. അങ്ങനെ 3827 പേര്‍ രണ്ടുദിവസം കൊണ്ട് കനാല്‍ വൃത്തിയാക്കി.

വാര്‍ഡുകളെ അടിസ്ഥാനമാക്കി രൂപവത്കരിച്ച അയല്‍ക്കൂട്ടങ്ങളിലൂടെ ഭരണനിര്‍വഹണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കി. ’96ല്‍ ഒന്നാം ജനകീയാസൂത്രണ പദ്ധതി നടപ്പാക്കാന്‍  മറ്റത്തൂര്‍ മാതൃക പ്രചോദനമായെന്ന് ജോയ് അനുസ്മരിച്ചു. ജനകീയാസൂത്രപദ്ധതിയുടെ പദ്ധതിവിഹിത വിതരണം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തത് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന് നല്‍കിയാണ്. ഇപ്പോള്‍ എം.എല്‍.എയായ പ്രഫ. സി. രവീന്ദ്രനാഥായിരുന്നു ജനകീയാസൂത്രണ പദ്ധതിയുടെ ജില്ലാതല കണ്‍വീനര്‍. മറ്റത്തൂര്‍ പഞ്ചായത്ത് കണ്‍വീനറുടെ ചുമതല സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജോയ് ഏറ്റെടുത്തു. സുസ്ഥിരവികസനത്തിന്‍െറ പുത്തന്‍ മാതൃക സൃഷ്ടിക്കാന്‍ മറ്റത്തൂരിനായി. പച്ചക്കറി ഉല്‍പാദനത്തില്‍ കുതിച്ചുചാട്ടമുണ്ടായി. മോനൊടി, ചെട്ടിച്ചാല്‍ ഗ്രാമങ്ങളില്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങി. ഈ പ്രവര്‍ത്തനങ്ങള്‍  കാണാന്‍ അണ്ണാ ഹസാരെ, ലക്ഷ്മി എന്‍. മേനോന്‍, ആസൂത്രണ വിദഗ്ധരായ ഡോ. മൈക്കിള്‍ തരകന്‍, ഡോ. തോമസ് ഐസക് തുടങ്ങിയവര്‍ എത്തി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഇന്ത്യയിലെ ആദ്യ ഗ്രാമസഭക്ക് മറ്റത്തൂരിലെ കടമ്പോട് സ്കൂള്‍ വേദിയായി.

1998-2000ല്‍ മുഴുവന്‍ വീട്ടിലും കക്കൂസ് ലഭ്യമാക്കി മറ്റത്തൂര്‍ മാതൃകയായി. പങ്കാളിത്ത വികസനത്തിന്‍െറ ഗുണഫലം വിളിച്ചോതുന്നതായിരുന്നു വെള്ളിക്കുളം വലിയതോട്ടില്‍ നിര്‍മിച്ച രണ്ട് പാലങ്ങള്‍. കൊടുങ്ങയില്‍ ജലസേചന വകുപ്പ് നേരിട്ടും ചെട്ടിച്ചാലില്‍ ഗുണഭോക്തൃ സമിതിയുമാണ് പാലം പണിതത്. കരാറുകാരന്‍ വഴി കൊടുങ്ങയില്‍ നിര്‍മിച്ച പാലത്തിന് 28 ലക്ഷത്തിലേറെ ചെലവായപ്പോള്‍ അതേ നീളത്തില്‍ ചെട്ടിച്ചാലില്‍ പണിയാന്‍ വന്നത് 11.5 ലക്ഷം. അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനമൈത്രി പൊലീസ് രൂപവത്കരണത്തിനും പ്രചോദനമായി. 1999ല്‍ കേരളത്തിലെ ആദ്യ ജനമൈത്രി പൊലീസ് സ്റ്റേഷനായി വെള്ളിക്കുളങ്ങരയെ പ്രഖ്യാപിച്ചു. വാര്‍ഡുതലത്തില്‍ ജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള പൊതുഇടം എന്ന നിലയില്‍ സംസ്ഥാനത്ത് ആദ്യമായി ഗ്രാമമന്ദിരങ്ങള്‍ നിര്‍മിച്ചതും മറ്റത്തൂരിലാണ്. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടത്-വലത് മുന്നണികള്‍ ഈ വികസന മാതൃക പിന്‍പറ്റുന്നതില്‍ പരാജയപ്പെട്ടെന്ന സങ്കടം ജോയിക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story