നിഷ്കാമികളെ നിങ്ങള്‍ക്കുമാവാം
text_fieldsജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്ന നിഷ്കാമകര്‍മികള്‍ക്ക് ഒരു പരിധി കഴിഞ്ഞാല്‍ സ്വന്തം പാര്‍ട്ടി പോലും തടസ്സമാവുമെന്നാണ് ഏറ്റവും പുതിയ കണ്ടത്തെല്‍. പാര്‍ട്ടിയുടെ കൊടിക്കീഴില്‍ മത്സരിച്ച് ജയിച്ചാല്‍ പാര്‍ട്ടിയുണ്ടാക്കുന്ന ചട്ടക്കൂടില്‍ നിന്ന് കുതറാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമം ആളെ വിഴുങ്ങും. ജനക്ഷേമ പ്രവര്‍ത്തനം തുടരാന്‍ പാര്‍ട്ടി തടസ്സമായെന്ന് ഒരു മാതിരിപ്പെട്ട ആരും പറഞ്ഞു കേട്ടിട്ടില്ല. സംഗതി സത്യമായാല്‍ തന്നെ ആരും പുറത്തു പറയുകയുമില്ല. എന്നാല്‍, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി അതല്ല.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട തനിക്ക് ജനത്തെ സേവിച്ച് സേവിച്ച് മുന്നോട്ടു പോകുന്നതിന് പാര്‍ട്ടി തടസ്സമായതിനാല്‍ അവരുടെ കുപ്പായം വലിച്ചുകീറി സ്വതന്ത്ര പരിവേഷത്തില്‍ മത്സരിക്കേണ്ടി വന്നുവെന്ന് ഓങ്ങല്ലൂരില്‍ ഒരു മഹിളാരത്നം പറയുമ്പോള്‍ മഹാത്മാഗാന്ധി സ്വപ്നത്തില്‍ കണ്ട ക്ഷേമരാഷ്ട്രം കിഴിക്കുദിക്കുന്നുണ്ട് എന്നുതന്നെ ധരിക്കണം. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നില്‍ക്കുകയും ഇത്തവണ സീറ്റ് നല്‍കാതെ വന്നപ്പോള്‍ പാര്‍ട്ടിയെ തള്ളി സ്വതന്ത്രയായി മത്സരിക്കുകയും ചെയ്യുന്നുവെന്നൊക്കെ പറഞ്ഞു പരത്തുന്നവരില്ലാതില്ല. അത്തരക്കാര്‍ക്ക് ഏതായാലും നാടിനേക്കാള്‍ വലുത് പാര്‍ട്ടിയായിരിക്കും.
ഇടതില്‍ നിന്ന് ഭരണം പിടിക്കുകയും രണ്ട് വര്‍ഷത്തിനകം ഇടതിന് തന്നെ അത് തിരിച്ച് നല്‍കുകയും ചെയ്യേണ്ട ഗതികേടായിരുന്നു കഴിഞ്ഞ തവണ യു.ഡി.എഫിന് ഓങ്ങല്ലൂരില്‍ സംഭവിച്ചത്. ആദ്യം പ്രസിഡന്റായ മുസ്ലിം ലീഗിലെ പറമ്പില്‍ ഐഷാബി 17ാം വാര്‍ഡില്‍ ജയിച്ചു കയറിയത് മുസ്ലിം ലീഗ് ലേബലിലായിരുന്നു. ഭരണാട്ടിമറിയൊക്കെ അരങ്ങേറിയെങ്കിലും മുസ്ലിം ലീഗ് ഇത്തവണ പഴയ വനിതാ പ്രസിഡന്റിന് സീറ്റ് നല്‍കിയില്ല. 17ാം വാര്‍ഡ് ജനറലായി മാറിയെന്ന ന്യായീകരണം ഐഷാബി പക്ഷേ, തള്ളി. മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിഷ്കാമ പ്രവര്‍ത്തനത്തിന് സാധിക്കാതിരുന്നത് ലീഗിന്‍െറ ഇടുങ്ങിയ ചട്ടക്കൂട് കാരണമാണെന്ന് നാലാള് കേള്‍ക്കെ പറയുകയും ചെയ്തു പോലും. ധൈര്യശാലി തന്നെ. എല്ലാറ്റിലും വലുത് ജനസേവനം തന്നെ.
ലീഗ് ജയിപ്പിച്ച അതേ വാര്‍ഡില്‍ ലീഗിനെ പഴിപറഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അവതാരം കൊണ്ടപ്പോള്‍ ദേ വരുന്നു നിരുപാധിക പിന്തുണയുമായി ബി.ജെ.പി. പണം കെട്ടി വെച്ച് നല്കിയ പത്രിക വരണാധികാരി സ്വീകരിച്ചാല്‍ പിന്നെ മത്സരിക്കുന്നത് ജയിക്കാനാണ്. ബി.ജെ.പി എന്നല്ല, മാവോവാദികള്‍ പിന്തുണ നല്കിയാലും വേണ്ടെന്നു പറയാനാവില്ല. എനിക്ക് നിങ്ങടെ വോട്ട് വേണ്ടായേ...എന്ന് വെളിവുള്ള സ്ഥാനാര്‍ഥികളാരും പറഞ്ഞു കേട്ടിട്ടില്ല. സ്വതന്ത്രയായി മത്സരിക്കുന്ന താന്‍ ആര് പിന്തുണച്ചാലും സ്വീകരിക്കുമെന്നുതന്നെ ഐഷാബിയും പറഞ്ഞു. ജയിച്ചുവന്ന് ഒരാളുടേയും കഴുത്തില്‍ പിടുത്തമില്ലാതെ നല്ല കാര്യങ്ങള്‍ നല്ല ജനത്തിനായി ചെയ്യുക മാത്രമാണ് അവതാര ലക്ഷ്യം.
ലീഗിന്‍െറ കാര്യം ലീഗിനേ അറിയൂ. വിമത വേഷം കെട്ടിമുറുക്കി അവതരണം കേമമാക്കിയവരെ പുറത്താക്കി വലയുമ്പോഴാണ് ഓങ്ങല്ലൂരിലെ പുത്തന്‍ വെളിപാട്. കഴിഞ്ഞ തവണ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വിജയിച്ച വനിതക്ക് പാര്‍ട്ടി പറയുന്നത് അനുസരിക്കാതിരിക്കുക എന്നതായിരുന്നുവത്രെ പ്രധാന ഹോബി. എന്തോ ആവട്ടെ, ഇതുപോലുള്ള നിഷ്കാമ കര്മികളെ കാലം കാത്തിരിക്കുന്നുണ്ടോ എന്നേ അറിയാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
