കാലുവാരികള്‍ക്ക് തുണ ബംഗാളി ‘പ്രവര്‍ത്തകര്‍’
text_fieldsകൊല്ലം: കാലുപിടിച്ചും കാലുവാരിയും സീറ്റ് കിട്ടിയവരൊക്കെ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. പോസ്റ്ററൊട്ടിക്കാന്‍ പോയിട്ട് വോട്ട് പിടിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ്. ഓട്ട് കമ്പനി മുതലാളിമാരും പഞ്ചായത്തിന്‍െറ മരാമത്ത് ജോലികള്‍ സംഘടിപ്പിച്ച് ‘കോണ്‍ട്രാക്ടര്‍മാര്‍’ എന്ന പേരില്‍ നടന്നവരും സ്ഥാനാര്‍ഥികളായപ്പോള്‍ ഒപ്പം വെള്ളയും വെള്ളയുമൊക്കെ ഇട്ട് കൂടെ നടക്കുന്നവരില്‍ പലരും ബംഗാളികള്‍. പോസ്റ്ററൊട്ടിക്കാന്‍ മുമ്പൊക്കെ പാര്‍ട്ടികളില്‍ സജീവമായിരുന്നത് കുട്ടി നേതാക്കന്മാരായിരുന്നു. എന്നാലിപ്പോള്‍ അവര്‍ക്കും രാത്രി ഉറക്കമിളച്ചും മഞ്ഞുകൊണ്ടും ഇറങ്ങാന്‍ സമയമില്ലാതായി.
ഇതോടെയാണ് ഇതരസംസംസ്ഥാനക്കാരെ പാര്‍ട്ടിപ്രവര്‍ത്തകരായി പോസ്റ്ററൊട്ടിക്കാനും ചുമരുകള്‍ വെള്ളപൂശാനും ഇറക്കിയത്. എന്നാല്‍ എതിര് പാര്ട്ടിക്കാര് വെള്ളപൂശിയിട്ടിരുന്ന ചുമരുകളില്‍ ‘പാര്‍ട്ടിപ്രവര്‍ത്തകര്‍’ പോസ്റ്ററൊട്ടിച്ചതോടെ വാക്കുതര്‍ക്കവും ഉണ്ടായി. സംഭവം കൈവിട്ടതോടെ നേരം പുലരും മുമ്പേ പോസ്റ്ററുകള്‍ ഇളക്കി വെള്ളയുമടിച്ച് പ്രശ്നം ചെവിയറിയാതെ പരിഹരിക്കുകയും ചെയ്തു.
പലരുടെയും പുത്തന്‍ മതിലുകളില്‍ പോസ്റ്ററൊട്ടിച്ച് പുലിവാല് പിടിച്ചവരും ചില്ലറയല്ല. കിട്ടുമെന്ന് കരുതിയിരുന്ന വോട്ടുകള്‍ പോസ്റ്ററില്തട്ടി പോകുമെന്ന പേടിയിലാണ് ഇക്കൂട്ടര്‍. അതുകൊണ്ടുതന്നെ പുറത്തിറക്കിയ ബംഗാളികളെ തിരിച്ചുവിളിച്ചിരിക്കുകയാണ് പലരും. അതേ സമയം കുട്ടി നേതാക്കള്‍ സൈബര്‍ പ്രചാരണത്തിന്‍െറ ചുമതല നല്‍കിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ വൈഫൈ ആക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
