സ്ഥാനാര്‍ഥികള്‍ സര്‍വ‘തന്ത്ര സ്വതന്ത്രം’
text_fieldsകാസര്‍കോട്: ജയിക്കാനുള്ള തന്ത്രത്തിന്‍െറ ഭാഗമായി ജില്ലയില്‍ സര്‍വത്ര സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. ഒരുപക്ഷേ സംസ്ഥാനത്ത് കാസര്‍കോട് ജില്ലയിലായിരിക്കും ഏറ്റവും കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.
43 വാര്‍ഡുകളുള്ള കാഞ്ഞങ്ങാട് നഗരസഭയില്‍ 34 സീറ്റുകളില്‍ സി.പി.എം മത്സരിക്കുന്നു. പകുതിയും സ്വതന്ത്രര്‍. കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയുമായി പത്തിനടുത്ത് വിമതര്‍ സ്വതന്ത്രരാണ്. ഇവരില്‍ പലരും ജയിച്ചുകയറാം. സി.പി.എം സ്വതന്ത്രര്‍ മത്സരിക്കുന്ന ഏഴിടത്ത് ഉള്‍പ്പെടെ 20 വാര്‍ഡുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ളെന്ന് കോണ്‍ഗ്രസ് ആരോപിച്ചുകഴിഞ്ഞു. ഏതു മുന്നണി ജയിച്ചാലും ‘സ്വതന്ത്ര’ ഭരണമായിരിക്കും കാഞ്ഞങ്ങാട് നടക്കുക എന്നുറപ്പ്.
കാസര്‍കോട് നഗരസഭയില്‍ എല്‍.ഡി.എഫ്, ഐ.എന്‍.എല്‍, വികസന മുന്നണി സ്ഥാനാര്‍ഥികളില്‍ പകുതിയോളം സ്വതന്ത്രരാണ്. യു.ഡി.എഫിന്‍െറ കോട്ടയായ കാസര്‍കോട്ട് ലീഗിനെ വെള്ളംകുടിപ്പിക്കാനുള്ള അവസാന അടവാണ് ‘സ്വതന്ത്ര’ പ്രയോഗം. കന്നട മേഖലയില്‍ പരക്കെ സ്വതന്ത്രരാണ്. ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. കുശല സി.പി.എം നേതാവാണ്. പാര്‍ട്ടി ചിഹ്നം ഒഴിവാക്കി ‘സ്വതന്ത്ര’യായാണ് കുശല മത്സരിക്കുന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പിക്കെതിരെ പി.ഡി.പി-സി.പി.ഐ-സി.പി.എം-കോണ്‍ഗ്രസ് എന്നിവരെല്ലാം ചേര്‍ന്ന് സ്വതന്ത്രരെ നിര്‍ത്തി. ഇവിടെ ഏഴിലധികം സീറ്റുകളില്‍ സ്വതന്ത്രരാണുള്ളത്. ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനമുള്ള അഞ്ചു വാര്‍ഡുകളില്‍ ഇതര പാര്‍ട്ടികള്‍ ചേര്‍ന്ന് സ്വതന്ത്രരെ നിര്‍ത്തിയിരിക്കുന്നു. പുത്തിഗെ, മീഞ്ചെ, വോര്‍ക്കാടി തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പാര്‍ട്ടികള്‍ സ്വന്തം സ്ഥാനാര്‍ഥികളെ സ്വതന്ത്രരായി അവതരിപ്പിച്ചിട്ടുണ്ട്. സ്വതന്ത്രരെ പൊതുവേ നിര്‍ത്താത്ത ബി.ജെ.പിയും ഇത്തവണ ഈ അടവ് പ്രയോഗിച്ചിട്ടുണ്ട്. ബേഡകത്ത് സി.പി.എം സ്വതന്ത്രരെ ഒഴിവാക്കിയപ്പോള്‍ സി.പി.എം വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ നാല് വാര്‍ഡുകളില്‍ ബി.ജെ.പി സ്വതന്ത്രരെ നിര്‍ത്തിയിട്ടുണ്ട്. ഇതിനെ സി.പി.എം കോ-ലീ-ബി സഖ്യം എന്ന് പറയുന്നു. സി.പി.എമ്മിന്‍െറ ശക്തി കേന്ദ്രമായ മടിക്കൈ ജില്ലാ ഡിവിഷനില്‍ ആദ്യമായി ബി.ജെ.പി സ്വതന്ത്രനെ പരീക്ഷിക്കുന്നു. ബീഡിതൊഴിലാളി നേതാവിനെ സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ നിര്‍ത്തിയ ജില്ലാ ഡിവിഷന്‍ ചെങ്കളയില്‍ ലീഗ് വിട്ടുവന്ന വനിതയെ സ്വതന്ത്രയാക്കി പാര്‍ട്ടി ചിഹ്നം പിന്‍വലിച്ചത് ചരിത്രമായി. കോണ്‍ഗ്രസിന്‍െറ ഇളകാത്ത കോട്ടയായ ഈസ്റ്റ് എളേരി പഞ്ചായത്ത് ഉള്‍പ്പെടുന്ന ചിറ്റാരിക്കാല്‍ ജില്ലാ ഡിവിഷനില്‍ സ്വതന്ത്രന് ഇടതുപക്ഷ പിന്തുണ നല്‍കി. കാഞ്ഞങ്ങാട് നഗരസഭയിലെ 20 സീറ്റുകളില്‍ ബി.ജെ.പി സ്വതന്ത്രന് പിന്തുണ നല്‍കി. സി.പി.എമ്മിന് സ്വന്തം വ്യാപാരി സംഘടന ഉണ്ടായിരിക്കെ ഏകോപന സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ കാഞ്ഞങ്ങാട് നഗരസഭയില്‍ പിന്തുണക്കുന്നുണ്ട്. യു.ഡി.എഫ് വിട്ടുവരുന്നവരെ സ്വതന്ത്രരായി പരിഗണിക്കുകയെന്നത് ഇടതുമുന്നണി നയമാക്കി മാറ്റിയത് സ്വതന്ത്രരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
