പ്രചാരണവും ഹൈടെക്
text_fieldsകൊച്ചി: ന്യൂജന്‍ കാലത്തെ തദ്ദേശീയ തെരഞ്ഞെടുപ്പില്‍ പ്രചാരണവും ഹൈടെക്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരങ്ങളിലെ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുന്നത് അത്യാധുനിക രീതിയില്‍. പരമ്പരാഗത രീതിയിലുള്ള ചുവരെഴുത്തുകളും പോസ്റ്ററടിക്കലും ബാനര്‍ കെട്ടലുമൊന്നും ഉപേക്ഷിച്ചിട്ടില്ളെങ്കിലും എല്ലാത്തിലും ‘ഒരു പ്രഫഷനല്‍ ടച്ച്’ വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പോസ്റ്റര്‍ അടിക്കുന്നതിനുള്ള ചിത്രമെടുക്കുന്നതില്‍ തുടങ്ങുന്നു ഈ ‘പ്രഫഷനലിസം’.
പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നതിന് ചിത്രമെടുക്കാന്‍ മിക്ക സഥാനാര്‍ഥികളും സമീപിച്ചത് ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാരെ.
കമ്പ്യൂട്ടര്‍ ഫോട്ടോഷോപ്പിന്‍െറ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സ്ഥാനാര്‍ഥികളെ സുന്ദരന്മാരും സുന്ദരിമാരുമാക്കിയാണ് പോസ്റ്ററുകളില്‍ അവതരിപ്പിക്കുന്നത്. ഒരല്‍പം ചരിഞ്ഞിരുന്ന് നാല് മുടിയിഴകള്‍ മുഖത്തേക്കിട്ടുള്ള ചിത്രങ്ങളാണ് വനിതാ സ്ഥാനാര്‍ഥികള്‍ ഇഷ്ടപ്പെടുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫോട്ടോഗ്രാഫര്‍ പറയുന്നു. മുമ്പ് എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ ചിത്രമെടുക്കാന്‍ ചെന്നൈയില്‍നിന്ന് സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫറെ വരുത്തിയ കാര്യവും ഇദ്ദേഹം എടുത്തുപറഞ്ഞു.
ഓരോ ദിവസത്തെയും പര്യടനവാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ക്ക് ഇ-മെയിലില്‍ എത്തിക്കാന്‍ പി.ആര്‍ ഏജന്‍സികളെ ഏല്‍പിച്ചുകൊടുത്ത സ്ഥാനാര്‍ഥികളുമുണ്ട്. ആദ്യദിനം മുതല്‍ ‘.. സ്ഥാനാര്‍ഥി പ്രചാരണം ശക്തിപ്പെടുത്തി, ‘പ്രചാരണ രംഗത്ത് സജീവമായി’ എന്നിങ്ങനെ വോട്ടെടുപ്പുവരെ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയും ചിത്രവും എത്തിച്ചുകൊടുക്കുക എന്നതാണ് കരാര്‍.
സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായും പാര്‍ട്ടികള്‍ സ്വന്തം നിലക്കും ഇങ്ങനെ ഏജന്‍സികളുടെ സേവനം തേടിയിട്ടുണ്ട്. ഫേസ് ബുക്, വാട്സ്ആപ് തുടങ്ങിയ നവമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണചിത്രങ്ങളും വാര്‍ത്തകളും കയറ്റിവിടുക, സ്ഥാനാര്‍ഥിക്ക് സ്വന്തമായി ഫേസ് ബുക് പേജ് തുടങ്ങുക, അതില്‍ വോട്ടറുമായി സംവദിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും ഏജന്‍സികളെ ഏല്‍പിച്ചിട്ടുണ്ട്. വാര്‍ത്തകളത്തെിക്കാനും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഇടതുപാര്‍ട്ടികള്‍ സ്വന്തം വിങ് രൂപവത്കരിച്ചിട്ടുമുണ്ട്. രാവിലെ ഏഴുമുതല്‍ 11 വരെയും വൈകുന്നേരം നാലുമുതല്‍ ഏഴുവരെയും ഭവനസന്ദര്‍ശനം നടത്തി മടങ്ങിയശേഷം മണ്ഡലത്തിലെ ന്യൂജന്‍ വോട്ടര്‍മാരുമായി ‘വാട്സ്ആപ് ചര്‍ച്ച’ സംഘടിപ്പിക്കുന്ന സ്ഥാനാര്‍ഥികളുമുണ്ട്. ഭവന സന്ദര്‍ശനത്തിനിടെ വിശ്വസ്ത അനുയായിയെ ഒപ്പം കൂട്ടിയാണ് ഇതിനായി ഓരോ വീട്ടിലെയും യുവ വോട്ടര്‍മാരുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
