മഷിതൊടുംമുമ്പുള്ള മനക്കോട്ടകളില്‍ മുന്നണികള്‍
text_fieldsതിരുവനന്തപുരം: പോളിങ് ബൂത്തില്‍ ചൂണ്ടുവിരല്‍ നീട്ടുംമുമ്പേ ഒരു നഗരഭരണം, ഒരു മുന്നണിയുടെ കൈയരികില്‍ എത്തിയ അപൂര്‍വതയോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടാം ബെല്ലടിച്ചിരിക്കുന്നത്. ഇതില്‍ നേടിയത് എല്‍.ഡി.എഫ് ആണെങ്കിലും അഞ്ചുവര്‍ഷംമുമ്പത്തെ, ചരിത്രത്തിലെതന്നെ വലിയ തിരിച്ചടിയില്‍ നിന്നുള്ള കരകയറ്റമാണ് ഇവര്‍ക്ക് വേണ്ടത്. നിയമസഭയുടെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രിയും രംഗത്തത്തെിയതോടെ ഫൈനലിലേക്കുള്ള കളി ഇരുമുന്നണികളും തുടങ്ങിക്കഴിഞ്ഞു. നിയമസഭാ ഫൈനലില്‍ എത്താനാവില്ളെന്നറിയാമെങ്കിലും നന്നായിക്കളിച്ചെന്ന് വരുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. 2010ല്‍ എട്ട് ജില്ലാപഞ്ചായത്തുകള്‍, രണ്ട് കോര്‍പറേഷനുകള്‍, 26 നഗരസഭകള്‍, 90 ബ്ളോക് പഞ്ചായത്തുകള്‍, 578 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം.
അരുവിക്കരയുടെ ആത്മവിശ്വാസത്തില്‍ യു.ഡി.എഫും അതിന്‍െറതന്നെ ആശങ്കയില്‍ എല്‍.ഡി.എഫും നില്‍ക്കവെയാണ് എസ്.എന്‍.ഡി.പി യോഗവുമായി ചേര്‍ന്നുള്ള രാഷ്ട്രീയപരീക്ഷണത്തിന് ബി.ജെ.പി തുടക്കമിട്ടത്. ഇതില്‍, തങ്ങളുടെ പരമ്പരാഗത ഈഴവ വോട്ട് ചോരുമെന്ന ഭയത്തില്‍ സി.പി.എം ഒന്നമ്പരന്നു. എന്നാല്‍, പിന്നീടുകണ്ടത് വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിക്കലായിരുന്നു. വെള്ളാപ്പള്ളിയും മകനും മാത്രമല്ല, ബി.ജെ.പിയും ഇതില്‍ പതറിപ്പോയി. സഖ്യമിട്ടത് യോഗവും ബി.ജെ.പിയും തമ്മിലാണെങ്കിലും ഐക്യമുണ്ടായത് സി.പി.എമ്മിലാണെന്ന അവസ്ഥയും വന്നു. കഴിഞ്ഞദിവസം വന്ന വി.എസിന്‍െറ അഭിമുഖം കല്ലുകടിയാണെങ്കിലും പാര്‍ട്ടിയിലെ ഐക്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. സീറ്റുവിഭജനത്തില്‍ കാര്യമായ തര്‍ക്കങ്ങളില്ലാതിരുന്നതും സ്ഥാനാര്‍ഥികളിലെ യുവ പ്രാതിനിധ്യവും ഗുണംചെയ്യുമെന്നും ഇവര്‍ കരുതുന്നു.
ആരോപണ പെരുമഴയിലും അരുവിക്കരയില്‍ നനയാതിരിക്കാമെങ്കില്‍, പിന്നെ എന്ത് തദ്ദേശം എന്ന വിശ്വാസം തന്നെയാണ് യു.ഡി.എഫിന്‍െറ ഉറപ്പ്. വിമതപ്പടയും സൗഹൃദമത്സരവും ആവേശം തെല്ളൊന്ന് കുറക്കുന്നുമുണ്ട്. അതേസമയം, ഗ്രൂപ്പും വിമതരും വരുമ്പോഴാണ് യു.ഡി.എഫിനും കോണ്‍ഗ്രസിനും ഊര്‍ജം വരിക എന്ന പതിവില്‍തന്നെയാണ് നേതൃത്വത്തിന്‍െറ വിശ്വാസം. അരുവിക്കര കഴിഞ്ഞതോടെ എല്ലാവരും ശ്രദ്ധിക്കുന്ന പാര്‍ട്ടിയായി മാറി എന്നതായിരുന്നു ബി.ജെ.പി യുടെ അനുകൂല ഘടകം. ഇത് ശക്തിപ്പെടുത്താനായിരുന്നു എസ്.എന്‍.ഡി.പി യോഗവുമായുള്ള ബാന്ധവം. എന്നാല്‍, അതിന്‍െറ നേതാവിന്‍െറ വാക്കുമാറ്റമാണ് ഇപ്പോള്‍ അവരുടെ തലവേദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
