Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകളമൊരുങ്ങി, ഇനി അങ്കം

കളമൊരുങ്ങി, ഇനി അങ്കം

text_fields
bookmark_border
കളമൊരുങ്ങി, ഇനി അങ്കം
cancel

ചരിത്രത്തിലെതന്നെ വലിയ തിരിച്ചടിയില്‍ നിന്നുള്ള കരകയറ്റത്തിന് ഇടതും നിയമസഭയുടെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച് വലതും രംഗത്തത്തെിയതോടെ കളി ഇരുമുന്നണികളും തുടങ്ങിക്കഴിഞ്ഞു. നിയമസഭാ ഫൈനലില്‍ എത്താനാവില്ളെന്നറിയാമെങ്കിലും നന്നായിക്കളിച്ചെന്ന് വരുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇനിയുള്ള നാളുകള്‍ സംസ്ഥാനത്തിന്‍െറ കണ്ണുകള്‍ തെരഞ്ഞെടുപ്പുഗോദയിലേക്ക്...
വിമതഭീതിയും സൗഹൃദമത്സരവും നിറഞ്ഞ് തലസ്ഥാന ജില്ല
അരുവിക്കര കടന്ന ആവേശത്തില്‍ യു.ഡി.എഫും വികസനനേട്ടങ്ങള്‍ ഉയര്‍ത്തി എല്‍.ഡി.എഫും കളത്തില്‍ സജീവമാകുമ്പോള്‍, വിമതഭീഷണിയും സൗഹൃദമത്സരവും ഇരുമുന്നണികള്‍ക്കും തലവേദനയാകുന്നുവെന്നതാണ് തലസ്ഥാനത്തെ തദ്ദേശചിത്രം. യു.ഡി.എഫിനാണ് വിമതഭീഷണി കൂടുതല്‍. മുന്‍ പഞ്ചായത്ത് അധ്യക്ഷന്മാര്‍വരെ റെബലുകളായി പ്രചാരണരംഗത്ത് സജീവമാണ്. ജില്ലയിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ 33 വാര്‍ഡുകളില്‍ സി.പി.എം-സി.പി.ഐ സൗഹൃദമത്സരം നടക്കുന്നുണ്ടെന്നതാണ് മറുപക്ഷത്തിന് ആശ്വാസമാകുന്നത്.
 നെല്ലനാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും സി.പി.എം-സി.പി.ഐ പരസ്പരപോരാട്ടമാണ്. ചവര്‍ഫാക്ടറിക്കെതിരെ ജനകീയപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട വിളപ്പില്‍പഞ്ചായത്തില്‍ ആകെയുള്ള 20ല്‍ 19 വാര്‍ഡിലും ജനകീയസമിതി പ്രതിനിധികള്‍ മത്സരിക്കുന്നുണ്ട്. പനവൂര്‍ പഞ്ചായത്തിലെ എസ്.എന്‍ പുരം വാര്‍ഡില്‍  സി.പി.എം വിമതനായി രംഗത്തുള്ളയാള്‍ക്ക് ബി.ജെ.പി പിന്തുണ നല്‍കിയതായാണ് വിവരം. പനവൂര്‍ പഞ്ചായത്തില്‍ നിലവിലെ പ്രസിഡന്‍റ് കരിക്കുഴി വാര്‍ഡില്‍ ഒൗദ്യോഗികസ്ഥാനാര്‍ഥിക്കൊപ്പം മത്സരരംഗത്താണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്‍െറ മേയര്‍ സ്ഥാനാര്‍ഥിയും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവുമായ മഹേശ്വരന്‍നായര്‍ക്കെതിരെ മുടവന്‍മുകള്‍ വാര്‍ഡില്‍ ഡി.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും മത്സരരംഗത്തുണ്ട്.
ജില്ലയില്‍ ഇക്കുറി ആകെ 6507 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. കഴിഞ്ഞവര്‍ഷമിത് 6435 ആയിരുന്നു. ഗ്രാമപഞ്ചായത്തുകളിലേക്ക് 4863 പേരും ബ്ളോക് പഞ്ചായത്തുകളിലേക്ക് 509 പേരും ജില്ലാ പഞ്ചായത്തിലേക്ക് 97 പേരും മുനിസിപ്പാലിറ്റികളിലേക്ക് 535 പേരും 100 വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പറേഷനിലേക്ക് 503 പേരുമാണ് ഇത്തവണ മത്സരരംഗത്തുള്ളത്.  ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതില്‍ 2479 പേര്‍ വനിതകളും 2384 പേര്‍ പുരുഷന്മാരുമാണ്. ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതില്‍ 267 പേര്‍ വനിതകളും 242 പേര്‍ പുരുഷന്മാരുമാണ്. ജില്ലാപഞ്ചായത്തില്‍ 43 വനിതകളും 54 പുരുഷന്മാരുമാണ്. മുനിസിപ്പാലിറ്റികളില്‍ 265 പേര്‍ വനിതകളും 270 പേര്‍ പുരുഷന്മാരുമാണ്.
എല്‍.ഡി.എഫ് പന്തിയിലും ഇലയിട്ട് ജെ.ഡി.യു; ‘ഏണി’യില്‍ കയറി ‘രണ്ടില’
കൂടുവിട്ട് കൂടുമാറ്റവുമായി ജെ.ഡി.യു, ഒറ്റപ്പെട്ടതെങ്കിലും നേര്‍ക്കുനേര്‍ പോരിനിറങ്ങി മുസ്ലിം ലീഗും കോണ്‍ഗ്രസും, ഡി.സി.സി അംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമുള്‍പ്പെടെയുള്ള വിമതപ്പട, രാഷ്ട്രീയ അസ്തിത്വമുറപ്പിക്കാന്‍ ചെറുകക്ഷികള്‍.. ഇങ്ങനെ കൗതുകങ്ങളും കരകവിയും വിശേഷങ്ങളുമായാണ് കോഴിക്കോടിന്‍െറ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നത്.
ഭരണത്തുടര്‍ച്ചക്കായി കോഴിക്കോട് കോര്‍പറേഷനില്‍ പോരിനിറങ്ങുന്ന ഇടതുമുന്നണിയെ മുന്‍ എം.എല്‍.എ വി.കെ.സി. മമ്മദ് കോയയും മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമാണ് നയിക്കുന്നത്. 40 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യംകുറിക്കാനൊരുങ്ങുന്ന യു.ഡി.എഫിന്‍െറ നായകര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം. സുരേഷ്ബാബുവും കെ.പി.സി.സി അംഗം അഡ്വ.പി.എം. നിയാസും ലീഗിലെ കെ.ടി. ബീരാന്‍ കോയയുമാണ്. ജില്ലാപഞ്ചായത്തില്‍ ബാബു പറശ്ശേരി, എ.കെ. ബാലന്‍, പി.ജി. ജോര്‍ജ് മാസ്റ്റര്‍ എന്നിവര്‍ എല്‍.ഡി.എഫ് നിരയിലെയും വി.ഡി. ജോസഫ്, കെ. ബാലനാരായണന്‍, നിജേഷ് അരവിന്ദ് എന്നിവര്‍ യു.ഡി.എഫ് നിരയിലെയും പ്രമുഖരാണ്.
കൂടരഞ്ഞി, ഓമശ്ശേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലും യു.ഡി.എഫ് ഘടകകക്ഷിയായ ജനതാദള്‍ (യു) എല്‍.ഡി.എഫിനൊപ്പമാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്. കുറ്റ്യാടി പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും മുഖാമുഖമുള്ള ഏറ്റുമുട്ടലാണ്. പുതുപ്പാടി പഞ്ചായത്തില്‍ യൂത്ത്ഫ്രണ്ട് (എം) ജില്ലാസെക്രട്ടറി ഷിബു തോമസ് ജനവിധി തേടുന്നത് ഏണി ചിഹ്നത്തിലാണെങ്കില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്ക് വിമതപരിവേഷമാണുള്ളത്.
28ാം വാര്‍ഡില്‍ കോണ്‍ഗ്രസുകാരനായ കെ. ശിവദാസനെ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അംഗീകരിക്കുമ്പോള്‍ മണ്ഡലം പ്രസിഡന്‍റ് സി.എം. ഗോപാലനാണ് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം അനുവദിച്ചത്.
30ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഇരുമുന്നണികള്‍ക്കും വിമതഭീഷണിയുള്ളത്. കോര്‍പറേഷനില്‍ നടുവട്ടം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന രമേശ് നമ്പിയത്താണ് വിമതരിലെ പ്രമുഖന്‍. ആറ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസ് വിമതര്‍ ഭീഷണിയുയര്‍ത്തുമ്പോള്‍ നാലിടത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലീഗില്‍ നിന്നുതന്നെ വിമതരുണ്ട്.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടി.കെ. വിജയന്‍ വിമതനായി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. മാവൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലും സി.പി.എം പ്രവര്‍ത്തകന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുണ്ട്. നന്മണ്ട, പെരുമണ്ണ പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് ഇടതുപക്ഷത്തുനിന്നുതന്നെ ഭീഷണിയുണ്ട്. കോട്ടൂര്‍, ഓമശ്ശേരി പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലും കുന്നുമ്മല്‍ ബ്ളോക് പഞ്ചായത്തുകളിലും ഓരോ വാര്‍ഡില്‍ യു.ഡി.എഫ് വിമതര്‍ അവസാനനിമിഷം എല്‍.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളായി. കട്ടിപ്പാറയില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ തിരുവമ്പാടിയില്‍ സി.പി.ഐ ഇടതുമുന്നണിയിലില്ല.
പ്രധാനകക്ഷികള്‍ക്ക് തലവേദന വിമതപ്പട
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസവും കഴിഞ്ഞ് അങ്കത്തിന്‍െറ ചിത്രം തെളിഞ്ഞപ്പോള്‍ എറണാകുളം ജില്ലയില്‍ പ്രധാന രാഷ്ട്രീയകക്ഷികള്‍ക്ക് തലവേദനയാകുന്നത് വിമതപ്പട. യു.ഡി.എഫിനെയാണ് വിമതശല്യം കൂടുതല്‍ അലട്ടുന്നതെങ്കിലും എല്‍.ഡി.എഫിനെതിരെ രംഗത്തുള്ള വിമതര്‍ നിസ്സാരക്കാരല്ലാത്തതാണ് അവരെ വിഷമിപ്പിക്കുന്നത്. ബി.ജെ.പിക്കും വിമതരെ നേരിടേണ്ട അവസ്ഥയുണ്ട്. കൊച്ചി കോര്‍പറേഷനില്‍ മാത്രം യു.ഡി.എഫിലെ അഞ്ച് സിറ്റിങ് കൗണ്‍സിലര്‍മാര്‍ വിമതരായി മത്സരിക്കുന്നു. ഇതിനുപുറമെ, സിറ്റിങ് കൗണ്‍സിലര്‍മാരുടെ ഭാര്യമാരും. ട്രേഡ് യൂനിയന്‍ ഘടകത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സിയും പലയിടത്തും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത് യു.ഡി.എഫിന് പാരയായി. ജില്ലയിലെ തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ, ഏലൂര്‍, ആലുവ, മൂവാറ്റുപുഴ തുടങ്ങിയ നഗരസഭകളിലും ഒട്ടുമിക്ക പഞ്ചായത്തുകളിലും വിമതശല്യം രൂക്ഷമാണ്. കഴിഞ്ഞതവണ ജില്ലയിലെ 80 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണം കൈയാളിയ യു.ഡി.എഫ് പ്രതീക്ഷിക്കാത്തത്ര രീതിയിലാണ് സ്വന്തം തട്ടകത്തില്‍നിന്നുതന്നെ എതിര്‍പ്പ് നേരിടുന്നത്. മുസ്ലിം ലീഗിനും തൃക്കാക്കര നഗരസഭയില്‍ ഉള്‍പ്പെടെ സിറ്റിങ് കൗണ്‍സിലര്‍മാര്‍ അടക്കം വിമതരായുണ്ട്. സീറ്റ് ലഭിക്കാത്തതിനാല്‍ ജനതാദള്‍ (യു) അടക്കമുള്ള ഘടകകക്ഷികളും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്നു.
കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫിന് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍തന്നെയാണ് വിമതനായി നിന്ന് ഭീഷണി ഉയര്‍ത്തുന്നത്. തൃക്കാക്കര, കളമശ്ശേരി നഗരസഭകളില്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ വിമതരും യു.ഡി.എഫ് സ്ഥാനാര്‍ഥികളുമൊക്കെയായി രംഗത്തുണ്ട്. സിറ്റിങ് കൗണ്‍സിലര്‍മാരും വിമതരായുണ്ട്. കൊച്ചി കോര്‍പറേഷനില്‍ എന്‍.സി.പിക്ക് നല്‍കിയ വാര്‍ഡില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ അവസാനനിമിഷം മാറ്റി മുന്‍ മേയറും ഡെപ്യൂട്ടി സ്പീക്കറുമായ കെ.എം. ഹംസക്കുഞ്ഞിനെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയാക്കേണ്ടിവന്നു. വാഴക്കുളം ബ്ളോക് പഞ്ചായത്തിലും ഇതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ അവസാനനിമിഷം മാറ്റി മറ്റൊരാളെ സ്വീകരിച്ചത് മുറുമുറുപ്പിനിടയാക്കി.
കൊച്ചി കോര്‍പറേഷനില്‍ അഞ്ചുതവണയായി വിജയിക്കുന്ന ബി.ജെ.പി അംഗത്തിനെതിരെയാണ് ശക്തയായ വിമതസ്ഥാനാര്‍ഥിയുള്ളത്. കിഴക്കമ്പലം പഞ്ചായത്തില്‍ ഇരുമുന്നണിക്കുമെതിരെ ട്വന്‍റി20 എന്ന സംഘടന ശക്തമായി രംഗത്തുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി കക്ഷികളും പലയിടത്തും മത്സരിക്കുന്നു. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇവരുടെയും പ്രവര്‍ത്തനം. ചിത്രം തെളിഞ്ഞപ്പോള്‍ ജില്ലാപഞ്ചായത്തില്‍ 101 സ്ഥാനാര്‍ഥികള്‍. ബ്ളോക് പഞ്ചായത്തുകളില്‍ 620, ഗ്രാമപഞ്ചായത്തുകളില്‍ 4815 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. കൊച്ചി കോര്‍പറേഷനില്‍ 403 പേരും മുനിസിപ്പാലിറ്റികളില്‍ ആകെ 1492 പേരും മത്സരരംഗത്തുണ്ട്.
വിമതര്‍ യു.ഡി.എഫിനെ വെള്ളംകുടിപ്പിക്കുന്നു
വയനാട്ടില്‍ ആകെ 1882 സ്ഥാനാര്‍ഥികള്‍ ഗോദയില്‍. ജില്ലാപഞ്ചായത്ത്-56, മൂന്ന് മുനിസിപ്പാലിറ്റികളിലേക്കായി 327, നാല് ബ്ളോക്കുകളിലേക്കായി 173, 23, പഞ്ചായത്തുകളിലേക്കായി 1326 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥിചിത്രം തെളിഞ്ഞപ്പോള്‍ ജില്ലയില്‍ വിമതന്മാര്‍ യു.ഡി.എഫിനെ വെള്ളംകുടിപ്പിക്കുകയാണ്. അത് എല്‍.ഡി.എഫ് സമര്‍ഥമായി മുതലെടുക്കുകയും ചെയ്യുന്നു. ജില്ലാപഞ്ചായത്ത് മുള്ളന്‍കൊല്ലി ഡിവിഷനില്‍ യു.ഡി.എഫ് വിമതനായ ജോസ് കണ്ടംതുരുത്തിക്ക് അവസാനഘട്ടത്തില്‍ എല്‍.ഡി.എഫ് പിന്തുണപ്രഖ്യാപിച്ചു. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളില്‍ യു.ഡി.എഫിന് വിമതര്‍ ഭീഷണിയുയര്‍ത്തുന്നു. സീറ്റ് നിഷേധവും പടലപ്പിണക്കവുംമൂലമാണ് കോണ്‍ഗ്രസില്‍ വിമതര്‍ പത്രിക കൊടുത്തത്. അവസാനനിമിഷം പാര്‍ട്ടിയുടെ മുന്നറിയിപ്പുമൂലം പലയിടത്തും അവര്‍ പത്രിക പിന്‍വലിച്ചിട്ടുണ്ട്. അതേസമയം, ജില്ലയില്‍ 523 സീറ്റില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ട്. ജില്ലാപഞ്ചായത്തിലെ 16 ഡിവിഷനിലും ബ്ളോക് പഞ്ചായത്തുകളിലെ 55ല്‍ 53ലും നഗരസഭകളിലെ 99ല്‍ 70ലും പഞ്ചായത്തുകളിലെ 413ല്‍ 384ലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളുണ്ട്. പലയിടത്തും എസ്.എന്‍.ഡി.പിയുമായി ബന്ധമുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കിയത്. പുല്‍പള്ളി, പൂതാടി മേഖലകളില്‍ എസ്.എന്‍.ഡി.പിക്ക് സ്വാധീനമുണ്ട്. മുള്ളന്‍കൊല്ലി ഡിവിഷനില്‍നിന്ന് ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ബി.ജെ.പിയുടെ പൊന്നു സുല്‍ത്താന്‍ ബത്തേരി എസ്.എന്‍.ഡി.പി യൂനിയന്‍െറ വൈസ് പ്രസിഡന്‍റാണ്. ഇതടക്കമുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി ശക്തമായ സാന്നിധ്യമാണ്.
ആര്‍.എസ്.പിക്കും കേരള കോണ്‍ഗ്രസ്–ബിക്കും അഭിമാനപോരാട്ടം
ജില്ലയില്‍ വേരോട്ടമുള്ള ആര്‍.എസ്.പിക്കും കേരളകോണ്‍ഗ്രസ് -ബിക്കും ഇത് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനല്‍തന്നെ. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന മുന്നണികളുടെ വിജയം ഉറപ്പാക്കിയാലേ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപേശലിന് ശക്തിയുണ്ടാകൂ. തദ്ദേശ തെരഞ്ഞെടുപ്പ് ഇരുകൂട്ടര്‍ക്കും ഒരുപോലെ അഭിമാന പ്രശ്നമാണ്. ഇരുമുന്നണിയിലും അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ബാക്കിയാണ്. എങ്കിലും മുന്നണി ബന്ധങ്ങള്‍ മറന്നുള്ള കൂട്ടുകെട്ട് ഒരിടത്തുമില്ല. ആര്‍.എസ്.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ചവറ തെക്കും ഭാഗത്ത് കഴിഞ്ഞ തവണ മത്സരിച്ച അത്ര സീറ്റുകള്‍ കിട്ടാത്തതിന്‍െറ പേരില്‍ ലോക്കല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടിരുന്നു.
കുണ്ടറ, തെന്മല എന്നിവിടങ്ങളിലെ ചില വാര്‍ഡുകളില്‍ ആര്‍.എസ്.പി-കോണ്‍ഗ്രസ് സൗഹൃദ മത്സരവും അരങ്ങേറുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസിന് തലവേദനയാകുന്നത് വിമതരാണ്. കൊല്ലം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥി എ.കെ. ഹാഫിസിനെതിരെ അന്‍സാര്‍ റഹീമിന്‍െറ സ്ഥാനാര്‍ഥിത്വമാണ് ശ്രദ്ധിക്കപ്പെടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അന്തരിച്ച എ.എ.റഹീമിന്‍െറ മകനാണ് അന്‍സാന്‍. ഐ.എന്‍.ടി.യു.ടി ദേശീയ സെക്രട്ടറി കെ. സുരേഷ്ബാബു കോര്‍പറേഷന്‍ സ്ഥാനാര്‍ഥിയാണ്. ജില്ലാ പഞ്ചായത്ത് കുളത്തുപ്പുഴ വനിതാ ഡിവിഷനില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികള്‍ രണ്ടാണ്. ഡി.സി.സി അംഗീകരിച്ചയാളും മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചയാളും. ചിലയിടങ്ങളില്‍ മുസ്ലീ ലീഗ് മുന്നണിക്ക് പുറത്താണ്. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറിയും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായ സജാത് അഞ്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് റെബലായി മത്സരിക്കുന്നതാണ് ഇടതുമുന്നണി നേരിടുന്ന വെല്ലുവിളി. മുന്നണിയിലെ ചെറിയ കക്ഷികള്‍ സീറ്റ് വീതംവെപ്പില്‍ അസംതൃപ്തരാണ്. അതേസമയം, ഫോര്‍വേഡ് ബ്ളോക്കിനെ ഒപ്പം കൂട്ടിയിട്ടുണ്ട്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞതും ഇത്തവണ ചര്‍ച്ചയാണ്. കേരള കോണ്‍ഗ്രസ ്-ബിയുടെ വരവ് കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ആര്‍.എസ്.പിയുടെ വരവോടെ കൊല്ലം കോര്‍പറേഷനില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ആര്‍.എസ്.പിക്ക് സ്വാധീനം.
യു.ഡി.എഫ് വിമതര്‍ സൃഷ്ടിച്ച ചതുഷ്കോണമത്സരം
ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍  യു.ഡി.എഫിന്‍െറ മത്സരം സ്വന്തം വിമതന്മാരോടാണ്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള മത്സരമെന്ന ചിത്രം ഇത്തവണ തങ്ങളുടെ ശക്തമായ സാന്നിധ്യം വഴി ത്രികോണമാണെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ജില്ലയില്‍ മിക്കയിടത്തും യു.ഡി.എഫിന്‍െറ വിമതര്‍ ചതുഷ്കോണ പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
ത്രിതല പഞ്ചായത്തുകളും നഗരസഭകളും തൃശൂര്‍ കോര്‍പറേഷനും ചേര്‍ത്ത് ആകെ 2,098 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 7,070 പേര്‍ മത്സരത്തിനുണ്ട്. തൃശൂര്‍ കോര്‍പറേഷനിലും ഏഴ് നഗരസഭകളിലേക്കും സ്ഥാനാര്‍ഥികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. യു.ഡി.എഫാണ് വിമത പ്രശ്നത്തില്‍ വീര്‍പ്പുമുട്ടുന്നത്. വിമതര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രമുഖ നേതാക്കള്‍ തന്നെ കേട്ട മട്ടില്ല. നഗരസഭകളിലാണ് പ്രധാന പ്രശ്നം. നിലവിലെ കൗണ്‍സിലര്‍മാരും ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ട് പിന്നീട് ഒഴിവാക്കപ്പെട്ടവരും പാര്‍ട്ടിയുടെയും പോഷക സംഘടനയുടെയും ഭാരവാഹികളും വരെ രംഗത്ത് ഉറച്ച് നില്‍ക്കുകയാണ്. ഗുരുവായൂര്‍ നഗരഭസഭയില്‍ വിമതരുടെ കൂട്ടത്തില്‍ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവും മുന്‍ ചെയര്‍പേഴ്സനുമായ പ്രഫ. പി.കെ. ശാന്തകുമാരി തന്നെയുണ്ട്. ഇരിങ്ങാലക്കുട നഗരസഭയില്‍ മാത്രം യു.ഡി.എഫിന് എട്ട് ഡിവിഷനുകളില്‍ വിമതരെ നേരിടണം. പുതുതായി രൂപവത്കരിച്ച വടക്കാഞ്ചേരിയില്‍ പോലുമുണ്ട്, നാലുപേര്‍. ഗ്രാമപഞ്ചായത്തുകളിലും പ്രധാന വെല്ലുവിളി യു.ഡി.എഫിന് തന്നെ. യു.ഡി.എഫില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്-എം ബന്ധം മോശമായത് ഇരിങ്ങാലക്കുട, വടക്കാഞ്ചേരി മേഖലകളില്‍ മുന്നണിക്ക് മറ്റൊരു പ്രശ്നമാണ്. സ്വന്തം പാര്‍ട്ടിക്കാരത്തെന്നെ പരിഗണിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-എം, മുസ്ലിംലീഗ് പ്രതിനിധികളെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്ന അവസ്ഥയുമുണ്ട് ജില്ലയില്‍.
വിമത ഭീഷണിയുടെ കാര്യത്തില്‍നിന്ന് എല്‍.ഡി.എഫ് താരതമ്യേന മുക്തമാണെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിട്ടും വിളക്കിച്ചേര്‍ക്കാന്‍ കഴിയാത്ത ബന്ധം ഭീഷണിയാവുന്ന പ്രദേശങ്ങളുണ്ട്. അന്തിക്കാട്, പാറളം മേഖലകളില്‍ സി.പി.എം-സി.പി.ഐ അസ്വസ്ഥത അതേപടി തുടരുകയാണ്. അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാന്‍ ഇടയുണ്ട്.
നായാട്ട് നായ്ക്കള്‍  കടിപിടി കൂടിയാല്‍...
‘നായാട്ട് നായ്ക്കള്‍ തമ്മില്‍ കടിപിടി കൂടിയാല്‍ പന്നി കുന്ന് കേറും’ എന്നൊരു നാടന്‍ചൊല്ല് വടക്കേ മലബാറിലുണ്ട്.  മത്സരാനുരാഗികളെ ഇത് ഉരുവിട്ട് പഠിപ്പിക്കേണ്ട ഗതികേടിലാണ് കണ്ണൂര്‍ ജില്ലയിലെ യു.ഡി.എഫ് നേതൃത്വം. സ്ഥാനമോഹം മൂത്ത് പാര്‍ട്ടി പറയുന്നിടത്ത് നില്‍ക്കാതെ പരസ്പരം പോരടിച്ച് കൈയിലുള്ളതുപോലും കൈവിട്ടു കളയാനുള്ള കളിയാണ് ജില്ലയില്‍ കോണ്‍ഗ്രസും കൂട്ടുകക്ഷികളും ചേര്‍ന്നു നടത്തുന്നത്. സ്വത:സിദ്ധമായ ചിട്ടയും ഒതുക്കവും അല്‍പസ്വല്‍പം മെയ്ക്കരുത്തും കൈമുതലാക്കി യു.ഡി.എഫിലെ തൊഴുത്തില്‍ക്കുത്തിനെ തങ്ങളുടെ പെട്ടി വീര്‍പ്പിക്കാനുള്ള അവസരമാക്കി മാറ്റുന്നതിന് പുതുതന്ത്രങ്ങള്‍ മെനയുകയാണ് എല്‍.ഡി.എഫ്.
ജില്ലയില്‍ 1683 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 5109 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എല്‍.ഡി.എഫ് എതിരില്ലാതെ വിജയിച്ച ആന്തൂര്‍ നഗരസഭ ഒഴികെ മുഴുവന്‍ വാര്‍ഡുകളിലും ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. എന്നാല്‍, 1260 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളുള്ളത്. പൊതുവെ കണ്ണൂരിന്‍െറ ചായ്വ് ഇടതുപക്ഷത്തേക്കായതിനാല്‍ എല്‍.ഡി.എഫിന് ഏറെയൊന്നും വിയര്‍പ്പൊഴുക്കേണ്ട സാഹചര്യമില്ല. എന്നാല്‍, അടുത്ത കാലത്ത് ബി.ജെ.പിക്കുണ്ടായ വേരോട്ടം പലയിടങ്ങളിലും അവരെ ചെറിയതോതില്‍ അലട്ടുന്നുണ്ട്.  വെല്‍ഫെയര്‍ പാര്‍ട്ടിപോലുള്ള ചെറുപ്രസ്ഥാനങ്ങളും സാന്നിധ്യമറിയിക്കാന്‍ പാടുപെടുന്നത് ഇരുമുന്നണികളുടെയും പാത്രങ്ങളില്‍ ചോര്‍ച്ച വീഴ്ത്താനിടയുണ്ട്. ഐ.എന്‍.എല്‍ സാന്നിധ്യം എല്‍.ഡി.എഫിന് ഗുണകരമാകും. 
വിമത ശല്യത്തില്‍ ഏറെ വലയുന്നത് യു.ഡി.എഫ്
മാരത്തണ്‍ ചര്‍ച്ചകളും പത്രികാ സമര്‍പ്പണവും അവസാനിച്ച് മുന്നണികള്‍ പരസ്യ പ്രചാരണത്തിനിറങ്ങിയപ്പോള്‍ ജില്ലയില്‍ വിമത ശല്യത്തില്‍ ഏറെ വലയുന്നത് യു.ഡി.എഫാണ്. ഡി.സി.സി പ്രസിഡന്‍റിന് വോട്ടുള്ള ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ പോലും കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ മത്സരത്തില്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നിവര്‍ നേതൃത്വത്തിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ച് വിമതരായി മത്സരത്തിനിറങ്ങി. കോണ്‍ഗ്രസും മുസ്ലിം ലീഗും വിമതശല്യം ഒരുപോലെ അനുഭവിക്കുന്നു. കോണ്‍ഗ്രസ് ഭാരവാഹികള്‍ തന്നെ പരസ്പരം മത്സരിക്കുന്ന കാഴ്ച. കോട്ടോപ്പാട്ടം പഞ്ചായത്തിലെ നിലവിലുള്ള പ്രസിഡന്‍റ് മുസ്ലിം ലീഗ് വനിതാ വിമതയായാണ് ഇക്കുറി. പാലക്കാട് നഗരസഭയിലും മുസ്ലിം ലീഗിന് വിമതരുണ്ട്. മുമ്പൊരിക്കലും മുസ്ലിം ലീഗിന് ജില്ലയില്‍ ഈ അവസ്ഥ ഉണ്ടായിട്ടില്ല.  എസ്.എന്‍.ഡി.പി ബാന്ധവത്തിന് ബി.ജെ.പി നേതൃത്വം കാര്യമായ പരിഗണന നല്‍കിയിട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത. ബി.ജെ.പി ഉറ്റുനോക്കുന്ന പാലക്കാട് നഗരത്തിലുള്‍പ്പെടെ ആര്‍.എസ്.എസ് നേരിട്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. എസ്.എന്‍.ഡി.പി പ്രതിനിധികള്‍ ഇടത്-വലത് മുന്നണിയില്‍ സ്ഥാനാര്‍ഥികളാണ്. അഗ്രഹാര വാര്‍ഡായ കല്‍പ്പാത്തിയില്‍ ബി.ജെ.പി വിമതയെ നേരിടുന്നു. ഒരു മുന്‍ എം.പിയും മൂന്ന് മുന്‍ എം.എല്‍.എമാരും മത്സര രംഗത്തുണ്ട്.  പാലക്കാട് നഗരസഭയിലുള്‍പ്പെടെ ജില്ലയിലെ ചില വാര്‍ഡുകളെ ലക്ഷ്യമാക്കി വെല്‍ഫെയര്‍ പാര്‍ട്ടിയും 29 വാര്‍ഡുകളില്‍ ആപും രംഗത്തുണ്ട്.
യു.ഡി.എഫില്‍ പടലപ്പിണക്കം; ഇടതിന് എസ്.എന്‍.ഡി.പി പേടി
യു.ഡി.എഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും രണ്ടുവഴിക്ക്. ഘടകകക്ഷിയായ ജനതാദള്‍ (യു) ഒറ്റക്ക് മത്സരത്തിന്. അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്  സി.എം.പിയും കേരള കോണ്‍ഗ്രസ്-ജേക്കബും മുസ്ലിംലീഗും ആര്‍.എസ്.പിയും. സൗഹൃദ മത്സരങ്ങളും വിമതരും യു.ഡി.എഫിന് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യം പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്ന ഭീതിയിലാണ് ഇടതുമുന്നണി. ആറു ഗ്രാമപഞ്ചായത്തിലും മൂന്നു നഗരസഭകളിലും കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് സൗഹൃദമത്സരമുണ്ട്.  ഈരാറ്റുപേട്ടയില്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് സെക്കുലറും ഒരേ വാര്‍ഡില്‍ ഏറ്റുമുട്ടുന്നതൊഴിച്ചാല്‍  ഇടതുമുന്നണിക്ക് വിമത ഭീഷണിയില്ല.
ഒപ്പിച്ചെടുത്ത ഒരുമയുമായി മുന്നണികള്‍
വിജയിക്കാന്‍ മത്സരിക്കുന്നവരും തോല്‍പിക്കാന്‍ മത്സരിക്കുന്നവരും ചേര്‍ന്ന് തലവേദന കുറെയേറെ ഉണ്ടെങ്കിലും ഒരുവിധം ഒരുമ ഒപ്പിച്ചെടുത്ത് ഇരു മുന്നണിയും സജീവമായി. പിണക്കങ്ങള്‍ മാറ്റിവെച്ച് പരമാവധി പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തി റെബലുകളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതൃത്വങ്ങളും. ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് റെബല്‍ ഭീഷണി നേരിടാത്തത്. കോണ്‍ഗ്രസില്‍ എ, ഐ വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജില്ലാ പഞ്ചായത്തില്‍ സീറ്റ് നിര്‍ണയം പൂര്‍ത്തിയാക്കിയത്. എട്ടു ബ്ളോക് പഞ്ചായത്തുകളിലായി 106 വാര്‍ഡുള്ളതില്‍ പലയിടത്തും യു.ഡി.എഫിന് റെബലുണ്ട്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍  മിക്കയിടത്തും തര്‍ക്കം നിലനില്‍ക്കുന്നു. ആര്‍.എസ്.പിയുമായും മിക്കയിടത്തും പിണക്കമാണ്. എല്‍.ഡി.എഫില്‍ വിമത ഭീഷണി കുറവാണ്. എന്നാല്‍, ഘടക കക്ഷികളുമായുള്ള പിണക്കം പല സ്ഥലങ്ങളിലുമുണ്ട്.   
വിമതരും സൗഹൃദവും പിന്നെ പെമ്പിളൈ ഒരുമൈയും  
ചിത്രം തെളിഞ്ഞപ്പോള്‍ സൗഹൃദമത്സരങ്ങളും വിമതശല്യവും മുന്നണികള്‍ക്ക് പ്രതിസന്ധിയായി. തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസ് റെബലുകളെല്ലാം കെ.പി.സി.സി വിരട്ടലില്‍ മാളത്തിലൊളിച്ചപ്പോള്‍ ചിലയിടത്ത് സജീവമാണ്. കട്ടപ്പനയില്‍ രണ്ടു വാര്‍ഡില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പാര്‍ട്ടി ചിഹ്നത്തില്‍ പരസ്പരം പോരടിക്കുന്നു. തോട്ടം മേഖലയില്‍ പെമ്പിളൈ ഒരുമൈയുടെ രംഗപ്രവേശം മുന്നണികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമുണ്ട്.
വലതുകോട്ടയില്‍ തര്‍ക്കങ്ങളുടെ പെരുമ
മുസ്ലിം ലീഗിന്‍െറ ഇളകാത്ത കോട്ടയില്‍ ഇത്തവണ തര്‍ക്കങ്ങളുടെ പെരുമഴ. സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ പ്രചാരണം ശക്തമായെങ്കിലും അസാധാരണ നീക്കങ്ങള്‍ക്ക് മുന്നില്‍ യു.ഡി.എഫ് വോട്ടര്‍മാര്‍ ‘കണ്‍ഫ്യൂഷനി’ലാണ്. 24ഓളം ഗ്രാമപഞ്ചായത്തുകള്‍, രണ്ട് നഗരസഭകള്‍, ഒരു ബ്ളോക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തര്‍ക്കം. മുന്നണിയിലെ രണ്ട് പ്രധാന പാര്‍ട്ടികളുടെ പടവെട്ട് അടുത്തകാലം വരെ അഞ്ചോ ആറോ പഞ്ചായത്തുകളില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍, ഓരോ ദിവസവും മൂത്തുവരികയാണ്. ജില്ലയില്‍ കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തനം വിലയിരുത്താന്‍ കെ.പി.സി.സി നിരീക്ഷകനെ ലീഗ് ആവശ്യപ്പെടുന്നത് വരെ എത്തി കാര്യങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത് ഇവിടെ. ജില്ലയില്‍ മൊത്തം 2510 വാര്‍ഡുകളാണുള്ളത്.
ഭരണം നിലനിര്‍ത്താന്‍ ജില്ലാ പഞ്ചായത്തിലേക്ക് 22 ഡിവിഷനില്‍ മുസ്ലിം ലീഗ് ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസ് 10 സീറ്റില്‍ മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തില്‍ അവര്‍ നല്ല ഐക്യത്തിലാണ്. ബി.ജെ.പി 32 ഡിവിഷനിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി 23 സീറ്റില്‍ മത്സരിക്കുമ്പോള്‍ എസ്.ഡി.പി.ഐ 14 സീറ്റിലുണ്ട്. സി.പി.എം 19 സീറ്റിലും സി.പി.ഐ അഞ്ചിലും ഐ.എന്‍.എല്‍ മൂന്നിലും എന്‍.സി.പി രണ്ടിടത്തും ആര്‍.എസ്.പി ഒരിടത്തും മുന്നണിയായി മത്സരിക്കുന്നു. രണ്ടിടത്ത് യു.ഡി.എഫ് വിമതരെയാണ് എല്‍.ഡി.എഫ് പിന്തുണക്കുന്നത്. ബി.ജെ.പിയും പി.ഡി.പിയും ആപുമെല്ലാം ഗോദയിലുണ്ട്.
പ്രാദേശിക തലങ്ങളില്‍ വികസനമുന്നണി എന്ന പാര്‍ട്ടി കൂട്ടായ്മയുമുണ്ട്. ഐ.എന്‍.എല്‍ ഇടതുമുന്നണിയുടെ ഘടകകക്ഷിയായാണ് മലപ്പുറത്ത് മത്സരിക്കുന്നത്. നിലമ്പൂരിലെ വിഭാഗീയത ഒതുക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. അതിനിടെ വലിയ ബ്രാഞ്ചായ കല്ളേമ്പാടം ലോക്കല്‍, ഏരിയാ കമ്മിറ്റികളുമായുള്ള ബന്ധം തന്നെ അറുത്തുമാറ്റി സ്ഥാനാര്‍ഥികളെ നിര്‍ത്തി. സംസ്ഥാന കമ്മിറ്റി പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. പുതുതായി വന്ന നഗരസഭയില്‍ കൊണ്ടോട്ടിയില്‍ വിചിത്രസഖ്യങ്ങളാണ്. കോണ്‍ഗ്രസും സി.പി.എമ്മും ഇവിടെ 20 ഡിവിഷനുകളില്‍ നീക്കുപോക്കിലാണ്. ലീഗിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന ലീഗ് വിമതനാണ് സി.പി.എം പിന്തുണ. പൊന്നാനി നഗരസഭയുടെ കിഴക്കന്‍ മേഖലയില്‍ എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യം രംഗത്ത്. പൊന്നാനിയില്‍ ബി.ജെ.പിയുടെ ഒരു ഉറച്ച സീറ്റില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി പോരാട്ടത്തിലാണ്.  
അടിയൊഴുക്കും റെബലും പാളയത്തില്‍ പടയും
ആലപ്പുഴയില്‍ ജാഗ്രതയോടെ മുന്നണികള്‍
ഇരുമുന്നണിക്കും മത്സരരംഗത്തുനിന്ന് വിമതന്മാരെ ഒഴിവാക്കാനായില്ല. അതോടൊപ്പം മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥയും. എല്ലാം ശുഭകരമായെന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് സി.പി.എമ്മിലെ പുറമെ കാണാത്ത വിഭാഗീയത കൂടി വിജയലക്ഷ്യത്തിലേക്ക് കുതിക്കാന്‍ സഹായിക്കുമെന്ന പ്രത്യാശയിലാണ്. അതോടൊപ്പം വെള്ളാപ്പള്ളി ഫാക്ടര്‍ ഉണ്ടാക്കുന്ന ജാതിധ്രുവീകരണത്തിന്‍െറ ഫലവും ജില്ലയില്‍ കൊയ്യുന്നത് തങ്ങളാണെന്ന് കോണ്‍ഗ്രസിന്‍െറ മൗനംപറച്ചില്‍. ഗ്രൂപ്പുകളുടെ മേധാവിത്വമാണ് കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി പട്ടികയില്‍ വ്യക്തമാകുന്നത്. ആലപ്പുഴ നഗരത്തില്‍ എ ഗ്രൂപ്പിനെ വെട്ടിനിരത്തിയപ്പോള്‍ കായംകുളം നഗരത്തില്‍ ഐ വിഭാഗം വിമത സ്ഥാനാര്‍ഥിയായി നിലവിലെ ചെയര്‍പേഴ്സണിനെ നിര്‍ത്തി എ ഗ്രൂപ്പിലെ വൈസ് ചെയര്‍മാനെതിരെ പടയൊരുക്കുന്നു.
ഏകദേശം 60 ശതമാനം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇരുമുന്നണിയും ആരോഗ്യപരമായ മത്സരത്തിലാണെങ്കില്‍ ബാക്കി ഭാഗങ്ങളില്‍ പലതരത്തിലെ അസംതൃപ്തി ഇരുവിഭാഗത്തിലും നിഴലിക്കുന്നുണ്ട്. രണ്ടുരീതിയിലാണ് സി.പി.എം ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്.

ഒന്ന് വെള്ളാപ്പള്ളിയുടെ ഹിന്ദുത്വ അജണ്ടയെ ചെറുക്കാന്‍ പരമാവധി പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി. അതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളെയും ഇടതുപക്ഷം പരിഗണിച്ചു. പൊതുവെ സാമുദായിക തുലനാവസ്ഥ കൂടുതല്‍ സ്ഥലങ്ങളിലും അവരുടെ പട്ടികയില്‍ കാണാം. അതോടൊപ്പം വി.എസ് പക്ഷത്തെ അനുനയിപ്പിക്കുന്ന ഒൗദ്യോഗികപക്ഷത്തിന്‍െറ തന്ത്രവും ആലപ്പുഴയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിഴലിച്ചു. കായംകുളം, ആലപ്പുഴ നഗരസഭകളില്‍ വി.എസ് പക്ഷക്കാര്‍ക്ക് മുന്തിയ പരിഗണനയുണ്ട്. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എസ്.എന്‍.ഡി.പിയുടെ അടവുനീക്കത്തെ തടയാന്‍ രണ്ടുംകല്‍പിച്ചുള്ള ശ്രമത്തിലാണ് സി.പി.എമ്മും സി.പി.ഐയും. എന്നാല്‍, ഏറ്റവും കൂടുതല്‍ വീഴ്ചപറ്റിയത് വയലാര്‍ പഞ്ചായത്തിലാണ്. അവിടെ പിണക്കം മാറാതെ വന്നപ്പോള്‍ വയലാര്‍ സ്മാരകം ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിലെ 16ല്‍ 11 വാര്‍ഡില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. ആര്‍.എസ്.പി പോയതിനാല്‍ കൂടുതല്‍ സീറ്റ് സി.പി.ഐ ആവശ്യപ്പെട്ടെങ്കിലും സി.പി.എം വഴങ്ങിയില്ല. ഈ ഭിന്നത സമീപത്തെ ജില്ലാ-ബ്ളോക് തലങ്ങളിലും പ്രതിഫലിച്ചേക്കാം. കൂടുതലും പഞ്ചായത്തുകളിലാണ് വിമതന്മാര്‍ പലരൂപത്തില്‍ രംഗത്തുള്ളത്.  ചെറു ഘടകകക്ഷികളെ രണ്ട് മുന്നണിയും കൗശലത്തോടെ പലയിടത്തും തഴഞ്ഞിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി, ഐ.എന്‍.എല്‍, എസ്.ഡി.പി.ഐ കക്ഷികള്‍ സ്വാധീനമുള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
കാസര്‍കോട് വിമതരാല്‍ ശ്രദ്ധേയം
ജില്ലയില്‍ 2658 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലേക്ക് 60 പേരും ആറു ബ്ളോക് പഞ്ചായത്തുകളിലായി 260 പേരും ഗ്രാമപഞ്ചായത്തുകളില്‍ 1968 പേരും കാഞ്ഞങ്ങാട്, നീലേശ്വരം, കാസര്‍കോട് നഗരസഭകളിലായി 354 സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 1296 പേര്‍ വനിതകളാണ്. ജില്ലാ ഡിവിഷനില്‍ സി.പി.എം 10, സി.പി.ഐ മൂന്ന്, ഐ.എന്‍.എല്‍ രണ്ട്, ഇടതുസ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍. യു.ഡി.എഫില്‍ കോണ്‍ഗ്രസ് ഏഴ്, ലീഗ് എട്ട്, ജെ.ഡി.യു ഒന്ന്, സി.എം.പി ഒന്ന്, ബി.ജെ.പി 16 സീറ്റിലും ബി.എസ്.പി ഒരു സീറ്റിലും മത്സരിക്കുന്നു. ആറു ബ്ളോക്കുകളില്‍ കാറടുക്ക, മഞ്ചേശ്വരം, കാസര്‍കോട് ബ്ളോക്കുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി ത്രികോണ മത്സരം നടക്കുമ്പോള്‍ കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ളോക്കുകളില്‍ ബി.ജെ.പി സാന്നിധ്യം നാമമാത്രമാണ്. മുന്‍ എം.എല്‍.എ എം. നാരായണന്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഇ. പത്മാവതി എന്നിവര്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രമുഖരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story