എങ്ങനെ മറക്കും ആ വോട്ടുകാലം
text_fieldsകൊടകര: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോള്‍ അരനൂറ്റാണ്ട് പഴക്കമുള്ള തെരഞ്ഞെടുപ്പ് ഓര്‍മകളില്‍ മുഴുകുകയാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ മുന്‍ പ്രസിഡന്‍റ് വി. ശിവന്‍. ചെമ്പുച്ചിറയിലെ വാഴപ്പിള്ളി വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന 80കാരനായ ശിവന് 1963ല്‍ മറ്റത്തൂര്‍ പഞ്ചായത്തിലേക്ക് നടന്ന രണ്ടാം തെരഞ്ഞെടുപ്പ് ഒരുപാട് ഓര്‍മകള്‍ ബാക്കിവെച്ചിട്ടുണ്ട്. 1953ല്‍ കൊടകര പഞ്ചായത്ത് വിഭജിച്ച് രൂപവത്കരിച്ച മറ്റത്തൂര്‍ പഞ്ചായത്തിലേക്ക് രണ്ടാം തെരഞ്ഞെടുപ്പ് 1963 ഡിസംബറിലായിരുന്നു.
27 കാരനായ ശിവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ പൗരമുന്നണിയുടെ സ്ഥാനാര്‍ഥിയായി. നൂലുവള്ളി വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അന്ന് പഞ്ചായത്തില്‍ ഒമ്പതുവാര്‍ഡുകളായിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ടതുള്‍പ്പെടെ 10 അംഗങ്ങള്‍. സി.വേലായുധന്‍ തമ്പി, ടി. ഗോപിമേനോന്‍, എന്‍.ആര്‍. മാധവന്‍, സുശീല, വി.കെ.പ്രഭാകരന്‍, കെ.സി. മാണിക്യന്‍, എം.എസ്. ശങ്കരന്‍, പി.കെ. കൃഷ്ണന്‍കുട്ടി, മഠത്തിവീട്ടില്‍ ബാലകൃഷ്ണമേനോന്‍ എന്നിവരായിരുന്നു മറ്റ് കമ്മിറ്റിയംഗങ്ങള്‍. അംഗങ്ങള്‍ക്ക് മൂന്നുരൂപയാണ് സിറ്റിങ് ഫീസ്. പ്രസിഡന്‍റിന് അഞ്ചുരൂപയും. 1964 ജനുവരിയില്‍ ശിവന്‍ പ്രസിഡന്‍റായി ചുമതലയേറ്റു.
മതിയായ ഫണ്ടില്ലാത്തതിനാല്‍ പഞ്ചായത്തിന് കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനായില്ല. കെട്ടിട, തൊഴില്‍ നികുതികളായിരുന്നു പഞ്ചായത്തിന്‍െറ വരുമാനം. ഓടിട്ട വീടുകള്‍ കുറവായിരുന്നു. കച്ചവടസ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ. മറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തിലെയും സ്കൂളുകളിലെയും ജീവനക്കാരില്‍ നിന്ന് ലഭിച്ചിരുന്ന തൊഴില്‍ നികുതി പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനേ തികഞ്ഞിരുന്നുള്ളൂ. പഞ്ചായത്ത് ഭരണത്തിനൊപ്പം ടി.ടി.സി പഠിച്ച ശിവന്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്കൂളില്‍ അധ്യാപകനായി. തുടര്‍ന്ന് പ്രസിഡന്‍റ് സ്ഥാനവും വാര്‍ഡംഗത്വവും രാജിവെച്ചു. അധ്യാപകവൃത്തിക്കിടെ സി.പി.എമ്മിന്‍െറ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ലോക്കല്‍ സെക്രട്ടറിയായി. ‘86ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാം വട്ടവും മറ്റത്തൂര്‍ പഞ്ചായത്തംഗമായി. ശാരീരികാവശത മൂലം കുറച്ചുകാലമായി പൊതുപ്രവര്‍ത്തനത്തില്‍ സജീവമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
