ചിഹ്ന ചിഹ്ന ആശൈ
text_fieldsകുറ്റിച്ചൂലിനെ സ്ഥാനാര്‍ഥിയാക്കിയാലും ഇന്ന ചിഹ്നം കണ്ടാല്‍ നാട്ടുകാര്‍ ആഞ്ഞുകുത്തും എന്ന് മുമ്പ് കേട്ടിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും പറഞ്ഞുവരുന്നത് ചിഹ്നത്തെക്കുറിച്ച് തന്നെ. ‘‘അഞ്ചാം തീയതി കാലത്ത്, പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍, പല പല ചിഹ്നം കാണുമ്പോള്‍, ഡാഷ് ചിഹ്നം മറക്കല്ളേ’’ എന്ന മുദ്രാവാക്യം അതത് പാര്‍ട്ടിക്കാര്‍ പൂരിപ്പിച്ച് വിളിക്കാറുണ്ട്. കാല്‍പ്പന്തുകളിയുടെ സ്വന്തം നാട്ടില്‍ ഫുട്ബാള്‍ വരെ ചിഹ്നമായതാണ് പുതിയ വിശേഷം.
കോണ്‍ഗ്രസുകാരുടെ കാര്യമാണ് കഷ്ടം. കൈപ്പത്തി വരുന്നതിന് മുമ്പ് എത്രയെത്ര ചിഹ്നത്തിലാണ് അവര്‍ മാറി മാറി കുത്തിയത്. ആദ്യം നുകം വെച്ച കാള. പിളര്‍ന്നപ്പോള്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന സ്ത്രീയും പശുവും കിടാവും. പിന്നെയും മാറി യഥാക്രമം ചര്‍ക്കയും കൈപ്പത്തിയുമായി. ഒടുവില്‍ കൈപ്പത്തിയിലുറച്ചു. പല പാര്‍ട്ടികള്‍ക്കുമുണ്ടായി ഈ പ്രശ്നം. പോയി പോയി സ്വന്തമായി ചിഹ്നം പോലുമില്ലാത്ത എത്രയോ പാര്‍ട്ടികള്‍ രംഗത്തുണ്ട്.
ഒരു സ്ഥലത്ത് പാര്‍ട്ടി സ്വതന്ത്രര്‍ ജില്ലാ പഞ്ചായത്തിലേക്കും ബ്ളോക്കിലേക്കും മത്സരിക്കുന്നത് ഒരേ ചിഹ്നത്തില്‍. ഇതുതന്നെ വാര്‍ഡിലും കിട്ടാന്‍ അപേക്ഷ കൊടുത്തു. ഇവിടത്തെ അപര സ്ഥാനാര്‍ഥിയും സമാന ചിഹ്നത്തില്‍ തൂങ്ങിയപ്പോള്‍ നറുക്കെടുപ്പ്. കപ്പും സോസറും ഇപ്പോള്‍ അപരന്‍േറത് കൂടിയാണ്. വോട്ടര്‍മാര്‍ക്ക് ആകെ മൊത്തം കണ്‍ഫ്യൂഷന്‍. ഫാന്‍ ചിഹ്നമുള്ള ബൂത്തില്‍ ഡ്യൂട്ടി കിട്ടരുതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാര്‍ഥന. പോളിങ് ദിവസം അവിടത്തെ ഫാന്‍ അഴിച്ചുമാറ്റിയാല്‍ ഉഷ്ണിച്ച് ചാവും.പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന ചില വാര്‍ഡുകളില്‍ ആര്‍ക്കും ചിഹ്നം കൊടുക്കണ്ട എന്ന് തീരുമാനിച്ചു, ഗാന്ധിപ്പാര്‍ട്ടി.
ചിലരുടെ ഒൗദ്യോഗിക ചിഹ്നം തന്നെ സ്വതന്ത്രര്‍ കൊണ്ടുപോയി. ജില്ലാ കമ്മിറ്റിയുടെ വ്യാജ കത്ത് ഹാജരാക്കി പാര്‍ട്ടി ചിഹ്നം ഒപ്പിച്ച വിമതരുണ്ട്. ഇവരെ വിമതരെന്നല്ല വിരുതരെന്നാണ് വിളിക്കേണ്ടത്. ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം പോയതോടെ ഇവരുടെ പേര് നാട്ടുകാര്‍ മാറ്റി ശശി എന്നാക്കിയത്രെ.
സ്റ്റാറ്റസ്: ഫോട്ടോഷോപ്പിന്‍െറ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടും ‘‘ങ്ങളെ മുഖത്തിനേക്കാള്‍ മൊഞ്ച് ഖല്‍ബിനാണെ’’ന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ പകച്ചുപോയി, സ്ഥാനാര്‍ഥി മൊയ്തീന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
