കോട്ടയില്‍ തുണക്കാന്‍ ആരുമില്ലാതെ ബി.ജെ.പി
text_fieldsകാസര്‍കോട്: സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും ശക്തമായ കോട്ടയായ കാസര്‍കോട് തുണക്കാന്‍ ആരുമില്ലാതെ ബി.ജെ.പി. നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ എല്ലാ തെരഞ്ഞെടുപ്പിലും തീരുമാനിക്കുന്ന ബി.ജെ.പിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഒരു സീറ്റില്‍ ജയിക്കാന്‍ തന്നെ ശക്തമായ പോരാട്ടം നടത്തേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ തവണ ജയിച്ച എടനീര്‍ ഡിവിഷന്‍ ഇത്തവണ യു.ഡി.എഫിന്‍െറ ഉറച്ച കോട്ടകളുടെ പട്ടികയിലാണ് യു.ഡി.എഫ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ഉറച്ച ഡിവിഷന്‍ പോലും ഇല്ലാതെ കാസര്‍കോട് ബി.ജെ.പി പതറുന്നുണ്ട്. അതുകൊണ്ട് തന്നെ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് തന്നെയാണ് ഈ ഡിവിഷനില്‍ മത്സരിക്കുന്നത്.
എങ്ങനെയും ഒരു ഡിവിഷനിലേക്ക് ജയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പ്രസിഡന്‍റ് സുരേഷ്കുമാര്‍ ഷെട്ടിയും ജില്ലാ ഡിവിഷനിലേക്ക് മത്സര രംഗത്തുണ്ട്. തേരാളികളില്ലാതെ സാരഥികളുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ കാസര്‍കോട് ബി.ജെ.പി.
വടക്കന്‍ മേഖലയില്‍ ബി.ജെ.പിക്ക് ജയിക്കാവുന്ന ചില വാര്‍ഡുകളില്‍ അടവുനയത്തിന്‍െറ ഭാഗമായി യു.ഡി.എഫ്-എല്‍.ഡി.എഫ് പിന്തുണയോടെ പൊതുസ്ഥാനാര്‍ഥികള്‍ നില്‍ക്കുന്നുണ്ട്. പഴയ മഞ്ചേശ്വരം മോഡലിനെ അനുസ്മരിപ്പിക്കുന്ന ഈ മാതൃക ബി.ജെ.പിക്ക് ഭീഷണിയാകുന്നുണ്ട്. ഇതിനെ കോ-മാ-ലി സഖ്യം എന്നാണ് ബി.ജെ.പി വിളിക്കുന്നത്. ഇടതു കോട്ടകളിലെ ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.ജെ.പിക്ക് ഇടതുശക്തി കേന്ദ്രമായ മടിക്കൈ ഡിവിഷനില്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് തിരിച്ചടിയായി. ഇവിടെയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണക്കാനുള്ള തീരുമാനം ഉദ്ദേശിച്ച ഫലവും ചെയ്യില്ല. കാസര്‍കോട് അഞ്ച് പഞ്ചായത്തുകള്‍ ഭരിച്ച പാര്‍ട്ടിയായ ബി.ജെ.പിക്ക് ഇപ്പോള്‍ മധൂര്‍, കാറടുക്ക എന്നീ രണ്ടു പഞ്ചായത്തുകള്‍ മാത്രമേ പൂര്‍ണ അര്‍ഥത്തില്‍ സ്വന്തമായുള്ളൂ. ബ്ളോക് പഞ്ചായത്ത് ഭരണവും ഇല്ല.
ഇത്തവണ കൂടുതല്‍ പഞ്ചായത്തുകളുടെ ഭരണം അവര്‍ അവകാശപ്പെടുന്നുണ്ട് എങ്കിലും പുതിയ സഖ്യകക്ഷികള്‍ ഒന്നുമില്ല. കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളില്‍ എസ്.എന്‍.ഡി.പിക്ക് വേരോട്ടമില്ല. ഹൊസ്ദുര്‍ഗ് താലൂക്കില്‍ സി.പി.എമ്മിന്‍െറ ശക്തമായ നിരീക്ഷണമുള്ളതിനാല്‍ എസ്.എന്‍.ഡി.പിയുടെ കാര്യമായ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ജില്ലയില്‍ 300ല്‍ താഴെ വാര്‍ഡുകളില്‍ മാത്രം മത്സരിച്ച ബി.ജെ.പി ഇത്തവണ 572 വാര്‍ഡുകളില്‍ മത്സരിക്കുന്നുണ്ട്. ഇരട്ടി സീറ്റുകളിലേക്ക് മത്സരിക്കുന്നത് രാഷ്ട്രീയ സാഹചര്യം പരിശോധിക്കാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
