സോമാലിയയിലെ ഹോട്ടലില്‍ സ്ഫോടനം; 10 മരണം
text_fieldsമൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലില്‍ അജ്ഞാതര്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്‍റ് അംഗങ്ങള്‍ അടക്കം താമസിക്കുന്ന സഹാഫി ഹോട്ടല്‍ കോമ്പൗണ്ടിനകത്തേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കയറ്റവെയായിരുന്നു സ്ഫോടനമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് നടന്ന ശക്തമായ വെടിവെപ്പിനൊടുവില്‍ ആയുധധാരികളുടെ നിയന്ത്രണത്തില്‍ നിന്ന് ഹോട്ടല്‍ സൈന്യം തിരിച്ചുപടിച്ചു.
അല്‍ഖാഇദയുമായി ബന്ധമുള്ള തങ്ങളുടെ ഗ്രൂപ്പ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അല്‍ ശബാബ് എന്ന സംഘടനയുടെ വെബ്സൈറ്റ് പുറത്തുവിട്ടു. ആഫ്രിക്കന്‍ യൂണിയന്‍റെ സൈന്യവും തീവ്രവാദ സംഘങ്ങളും തമ്മില്‍ എത്യോപ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാക്കൂല്‍ മേഖലയില്‍ കടുത്ത പോരാട്ടം നടന്നതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഹോട്ടല്‍ ലക്ഷ്യമിട്ട് സ്ഫോടനം നടന്നത്. തീവ്രവാദികള്‍ക്കെതിരായ യുദ്ധത്തില്‍ ആഫ്രിക്കന്‍ യൂണിയന്‍റെ സൈന്യം സോമാലിയന്‍ ഭരണകൂടത്തെ സഹായിക്കുന്നുണ്ട്. അയല്‍രാജ്യമായ കെനിയയിലെ ഗാരിസ യൂണിവേഴ്സിറ്റി കോളജില്‍ കഴിഞ്ഞ ഏപ്രിലില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.