Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഎണ്‍പത്തി ഒന്നാം...

എണ്‍പത്തി ഒന്നാം വയസ്സില്‍ ആദ്യ ആദരം

text_fields
bookmark_border

കോഴിക്കോട്: വോളിബാളില്‍ രണ്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍. രാജ്യാന്തരതലത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഒട്ടേറെ സ്മാഷുകള്‍. റെയില്‍വേക്കും സര്‍വീസസിനുംവേണ്ടി നിരവധി കിരീടങ്ങള്‍. കളിക്കാരനെന്ന കരിയറിനുശേഷം, കോച്ചായും പേരെടുത്തെങ്കിലും ടി.പി. പത്മനാഭന്‍ നായര്‍ എന്ന ടി.പി.പി. നായര്‍ അധികാരികളുടെ അംഗീകാരപത്രങ്ങളില്‍നിന്ന് അകലെയായിരുന്നു. 1934 ആഗസ്റ്റ് 30ന് കണ്ണൂരിലെ ചെറുകുന്ന് ഗ്രാമത്തില്‍ പിറന്ന് ഇന്ത്യന്‍ വോളിയുടെ അതികായകനായി മാറി, ഇപ്പോള്‍ വിശ്രമജീവിതം നയിക്കവെയാണ് 81ാം വയസ്സില്‍ രാജ്യത്തിന്‍െറ ആദ്യ ആദരമത്തെുന്നത്. അതും കായികരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം.

അവാര്‍ഡും അംഗീകാരവും ചോദിച്ചുവാങ്ങേണ്ടതല്ല, തേടിയെത്തേണ്ടതാണെന്നായിരുന്നു ഈ വോളി ഇതിഹാസത്തിന്‍െറ പക്ഷം.  നാലു പതിറ്റാണ്ട് നീണ്ട കരിയറിനുശേഷം മഹാരാഷ്ട്രയിലെ താണെയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുമ്പോഴും ടി.പി.പി. നായര്‍ അങ്ങനെതന്നെ വിശ്വസിച്ചു. നേട്ടങ്ങളില്‍ തന്‍െറ ഏഴയലത്തുമത്തൊത്ത കായികതാരങ്ങളെല്ലാം അര്‍ജുനയും ദ്രോണാചാര്യയും സ്വന്തമാക്കുമ്പോഴും അംഗീകാരം തേടിവരും എന്നുറച്ചു വിശ്വസിച്ചു. വിശ്രമജീവിതം 20 വര്‍ഷം പിന്നിട്ടശേഷം രണ്ടു വര്‍ഷം മുമ്പ് മാത്രമേ ടി.പി.പി. നായര്‍ അവഗണനയില്‍ പ്രതിഷേധിച്ച് പൊട്ടിത്തെറിച്ചുള്ളൂ. അന്ന് ഒരു ദേശീയ ചാനലിനു മുന്നില്‍ വേദനകള്‍ പങ്കുവെച്ചു. അപ്പോഴും സര്‍ക്കാറിനെയോ മന്ത്രാലയത്തെയോ കുറ്റപ്പെടുത്തിയില്ല. വോളിബാള്‍ ഫെഡറേഷന്‍ തന്‍െറ പേര് നിര്‍ദേശിക്കാത്തതിനാലാണ് ഈ അവഗണനയെന്നായിരുന്നു പരാതി. അതേ വര്‍ഷം, കായികമന്ത്രി ജിതേന്ദ്ര സിങ്ങിനും കത്തെഴുതി. അര്‍ഹിച്ച അംഗീകാരത്തിനായി അധികാരവാതിലുകള്‍ മുട്ടുന്നതിലെ വേദനകളോടെയായിരുന്നു കത്ത്. ഒടുവില്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കായികരംഗത്തെ സമഗ്ര സംഭവനകള്‍ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരമത്തെുമ്പോള്‍ വൈകിയത്തെിയ അംഗീകാരമായി മാറി ഈ നേട്ടം.

1958 ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 1962 ജകാര്‍ത്ത ഗെയിംസില്‍ വെള്ളിയും. ഇന്ത്യന്‍ വോളിബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഈ വെള്ളിനേട്ടത്തിലേക്ക് ടീമിനെ നയിച്ചതും ഒരുക്കിയതും ടി.പി.പി. നായരായിരുന്നു. അതിനുശേഷമോ മുമ്പേ ഇന്ത്യന്‍ വോളി ടീം ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലിനപ്പുറം പോയിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലണിഞ്ഞ ഏക ഇന്ത്യന്‍ വോളി താരവും ഈ കണ്ണൂര്‍ സ്വദേശിയാണ്. ചെറുകുന്ന് ബോര്‍ഡ് ഹൈസ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ ഫുട്ബാളും ബാള്‍ബാഡ്മിന്‍റണും അത്ലറ്റിക്സുമായിരുന്നു പത്മനാഭന്‍ നായരുടെ ഇഷ്ടകളികള്‍. വല്ലപ്പോഴും മാത്രമായി വോളിബാള്‍. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നതോടെയാണ് വോളിബാളിലേക്ക് ശ്രദ്ധതിരിയുന്നത്. പ്രാദേശിക ടൂര്‍ണമെന്‍റിലെ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ സര്‍വീസസ് ടീമിലത്തെിയതോടെ ഇന്ത്യന്‍ വോളിയിലേക്ക് പുതിയ താരോദയമായി മാറി. 1956 മുതല്‍ 61 വരെ നിരവധി ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും കളിച്ചു. ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ ടീമംഗമായതിനു പിന്നാലെ തൊട്ടടുത്തവര്‍ഷം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായി. 1960ല്‍ യു.എസ്.എസ്.ആര്‍ ടീം ഇന്ത്യയില്‍ കളിക്കാനത്തെിയപ്പോഴാണ് നായകനായി അരങ്ങേറ്റംകുറിച്ചത്. ദേശീയ നായകനാവുന്ന ആദ്യ മലയാളികൂടിയായി. 1960ല്‍ എയര്‍ഫോഴ്സ് വിട്ട് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായതോടെ മുംബൈ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലും അഖിലേന്ത്യ ടൂര്‍ണമെന്‍റിലും 1968 വരെ നിറഞ്ഞുനിന്നു. ഇതിനിടയിലായിരുന്നു ജകാര്‍ത്തയിലെ വെള്ളി. ടി.ഡി. ജോസഫ്, ഭരതന്‍ നായര്‍, പളനി സ്വാമി, അരുണാചലം എന്നിവരായിരുന്നു ടീമിലെ മറ്റു താരങ്ങള്‍. പരിശീലകവേഷത്തില്‍ റെയില്‍വേ പുരുഷ-വനിതാ ടീമുമായി 1990-91ല്‍ തൃപ്പയാറും കോഴിക്കോടും നടന്ന വിവിധ ചാമ്പ്യഷിപ്പുകളില്‍ ടി.പി.പി. നായരുണ്ടായിരുന്നു. മഹാരാഷ്ട്ര സംസ്ഥാന ടീം പരിശീലകനായും പ്രവര്‍ത്തിച്ചശേഷമാണ് വോളിബാള്‍ കോര്‍ട്ടില്‍നിന്ന് പടിയിറങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story