പാതിരാത്രിയില്‍ ഒളിമ്പിക്സ് മത്സരങ്ങള്‍; പ്രതിഷേധവുമായി താരങ്ങള്‍
text_fieldsകസാന്‍: റിയോ ഒളിമ്പിക്സിലേക്ക് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ എണ്ണിത്തുടങ്ങിയതിനു പിന്നാലെ, പാതിരാത്രിയിലെ മത്സരങ്ങളുടെ പേരില്‍ വിവാദം. നീന്തല്‍ ഉള്‍പ്പെടെ ആരാധകപിന്തുണയുള്ള മത്സരങ്ങള്‍ പാതിരാത്രിയില്‍ നടത്തുന്നതിനെതിരെ വിമര്‍ശവുമായി താരങ്ങളും കോച്ചുമാരുംതന്നെ രംഗത്തത്തെി. നീന്തല്‍, ബീച്ച് വോളി, വോളിബാള്‍, ബാസ്കറ്റ്ബാള്‍ മത്സരങ്ങളും റിയോ ഡെ ജനീറോ സമയം പാതിരാത്രിയിലാണ് നടക്കുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെയും സ്പോണ്‍സര്‍മാരുടെയും സൗകര്യം കണക്കിലെടുത്താണ് സംഘാടകരുടെ പാതിരാ ഷെഡ്യൂളെങ്കിലും താരങ്ങള്‍ക്ക് യോജിച്ചതല്ല മത്സരസമയമെന്ന ആരോപണവുമായി നീന്തല്‍താരങ്ങളും കോച്ചുമാരും രംഗത്തിറങ്ങി.
നീന്തല്‍ ഫൈനല്‍ മത്സരങ്ങള്‍ ബ്രസീല്‍ സമയം രാത്രി 10 മണിക്കേ ആരംഭിക്കൂ. മെഡല്‍ദാനം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ സമാപിക്കുമ്പോഴേക്കും നേരം വെളുക്കും. സാധാരണ വൈകുന്നേരങ്ങളിലാണ് ഫൈനലുകള്‍ ആരംഭിക്കുക. രാവിലെ നടക്കുന്ന ഹീറ്റ്സ് മത്സരങ്ങള്‍ ഉച്ച ഒരു മണിക്കേ ആരംഭിക്കൂ. പ്രകടനത്തെവരെ ബാധിക്കുന്നതാണ് ഒളിമ്പിക്സ് മത്സരക്രമമെന്ന് ആരോപിച്ച് ആഗോള ഗവേണിങ് ബോഡിയായ ഫിനക്ക് പരാതി നല്‍കിയിരിക്കുകയാണ് താരങ്ങളും കോച്ചുമാരും. എന്നാല്‍, ഒളിമ്പിക്സ് സംഘാടനം രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ചുമതലയാണെന്ന് വ്യക്തമാക്കി ‘ഫിന’ പ്രതിഷേധക്കാരെ കൈയൊഴിഞ്ഞു.
തീര്‍ത്തും ഉത്തരവാദിത്തരഹിത നടപടിയാണെന്ന് ആസ്ട്രേലിയന്‍ നീന്തല്‍ കോച്ച് ജാകോ വെര്‍ഹാരെന്‍ തുറന്നടിച്ചു. തീര്‍ത്തും ബിസിനസ് ലക്ഷ്യമാണ് പാതിരാത്രിയിലെ മത്സരഷെഡ്യൂളിനു പിന്നിലെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് വ്യക്തമാക്കി. ഏഷ്യ, വടക്കന്‍ അമേരിക്ക, അമേരിക്കന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അനുകൂലമാണ് മത്സരസമയമെങ്കില്‍ യൂറോപ്പുകാര്‍ ഉറക്കമിളച്ചിരിക്കേണ്ടിവരും. ഏഷ്യയില്‍ പുലര്‍ച്ചെ 6.30നാകും നീന്തല്‍ ഫൈനലുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
