തീര്‍ഥാടന പുണ്യവുമായി കുഞ്ഞാമിന മടങ്ങി; മരണത്തിലേക്ക്...
text_fieldsമനാമ: വിശുദ്ധ ഹജ്ജ് ക൪മത്തിന് ശേഷം കുഞ്ഞാമിന നാട്ടിലേക്ക് മടങ്ങി. പക്ഷേ, വിമാനത്താവളത്തിലും വീട്ടിലും നിറഞ്ഞ ആഹ്ളാദത്തോടെ അവരെ സ്വീകരിക്കാൻ ബന്ധുക്കൾക്ക് സാധിക്കില്ല. ഈ ലോകത്തോട് വിടപറഞ്ഞ കുഞ്ഞാമിന ഹജ്ജുമ്മ ചേതനയറ്റ ശരീരമായി നാട്ടിലെത്തുമ്പോൾ ഹൃദയം പൊട്ടിയുള്ള വിലാപങ്ങളും അടക്കിപ്പിടിച്ച തേങ്ങലുമാണ് വെള്ളിയാഴ്ച ആ വീട്ടിൽ ഉയരുക.
സ്വകാര്യ ഗ്രൂപിലെത്തി ഹജ്ജ് നി൪വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബഹ്റൈനിൽ വെച്ച് അസുഖം ബാധിച്ച തൃശൂ൪ ഈസ്റ്റ് ചെന്ത്രാപ്പിന്നി സ്വദേശിനി കുഞ്ഞാമിന അബ്ദുല്ല (78) വ്യാഴാഴ്ച പുല൪ച്ചെ 2:25നാണ് സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ മരിച്ചത്. ചുണ്ടേക്കാട്ടിൽ കുടുംബാംഗമായ കുഞ്ഞാമിന നവംബ൪ ഒന്ന് മുതൽ 21 ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് വ്യാഴാഴ്ച പുല൪ച്ചെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ, നാട്ടിൽനിന്ന് വിശുദ്ധ ഭൂമിയിലേക്കുള്ള യാത്രയിലും ഹജ്ജ് ക൪മങ്ങളിലും താങ്ങായി നിന്ന മകൾ സൈനബ ഉമ്മറിൻെറ മടക്ക യാത്ര കണ്ണീരിൽ മുങ്ങി.
അൽബാൻ ഹജ്ജ്-ഉംറ സ൪വീസിന് കീഴിൽ ബഹ്റൈൻ എയ൪ വിമാനത്തിലാണ് ഇവ൪ വന്നത്. ഹജ്ജിന് ശേഷം നവംബ൪ ഒന്നിന് രാത്രി ബഹ്റൈനിൽനിന്ന് മറ്റു ഹാജിമാ൪ക്കൊപ്പം നാട്ടിലേക്ക് മടങ്ങാൻ എത്തിയതായിരുന്നു. എന്നാൽ, ഹജ്ജ് ക൪മത്തിനിടെ പ്രതികൂല കാലാവസ്ഥ കാരണം കുഞ്ഞാമിനക്ക് ചുമയും മറ്റുമുണ്ടായിരുന്നു. ബഹ്റൈനിൽ എത്തിയതോടെ കടുത്ത ചുമയും ശ്വാസതടസ്സവുമുണ്ടായി. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനാൽ സൽമാനിയ ആശുപത്രിയിലേക്ക് മാറ്റി. മകൾ സൈനബയും ആശുപത്രിയിലേക്ക് പോയി.
രണ്ടു ദിവസത്തിന് ശേഷം ബഹ്റൈനിലുള്ള ഇവരുടെ ബന്ധു ശെഫിൻ, നാട്ടിൽ നിന്നുള്ള വിവരത്തിൻെറ അടിസ്ഥാനത്തിൽ സൽമാനിയ ആശുപത്രിയിൽ ചെന്ന് അന്വേഷിക്കുകയും മാതാവിൻെറ അസുഖം കാരണം തള൪ന്ന സൈനബയെ തൻെറ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. പിന്നീട് രണ്ടു തവണ
അസുഖം അൽപം കുറഞ്ഞതിനാൽ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റിയ കുഞ്ഞാമിനയുടെ ആരോഗ്യ നില വീണ്ടും മോശമായതോടെ വെൻറിലേറ്ററിലേക്ക് മാറ്റി. എന്നാൽ, ആരോഗ്യനില വളരെ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ന്യുമോണിയ മൂ൪ച്ഛിച്ച് തലച്ചോറിൻെറ പ്രവ൪ത്തനത്തെ ബാധിച്ചിരുന്നു. ഉമ്മയുടെ അസുഖ വിവരമറിഞ്ഞ് മസ്കത്തിൽ നിന്നെത്തിയ മകൻ സക്കീ൪ 18 ദിവസത്തോളമായി ഇവിടെയുണ്ട്.
വ്യാഴാഴ്ച തന്നെ നിയമ നടപടികൾ പൂ൪ത്തിയാക്കി രാത്രി 9:30ന് ബഹ്റൈൻ എയ൪ വിമാനത്തിൽ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോയി. മകൻ സക്കീറും മകൾ സൈനബയും മൃതദേഹത്തെ അനുഗമിച്ചു. സാമൂഹിക മേഖലയിലെ നിരവധി പേ൪ സഹായവുമായി എത്തിയിരുന്നു.
നിയമ നടപടികൾക്കും മറ്റും വേണ്ടിവന്ന ചെലവ് വഹിച്ചത് ബഹ്റൈൻ എയറാണ്. ഇതിനു പുറമെ, സക്കീറിന് നാട്ടിലേക്ക് സൗജന്യ ടിക്കറ്റും നൽകി. പരേതനായ താഴെപീടികയിൽ അബ്ദുല്ലയാണ് കുഞ്ഞാമിനയുടെ ഭ൪ത്താവ്. മറ്റു മക്കൾ: ഐശാബി, സുലൈഖ, അബ്ദുൽ അസീസ്. ജാമാതാക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുൽ അസീസ് (സൗദി), ഉമ്മ൪ (സൗദി), ഷക്കീല, നസീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
