ചിന്തക്ക് വിലങ്ങിടുന്നവര്‍
text_fieldsനിയന്ത്രിതമായ സ്വതന്ത്രഭാഷണം അലംഘനീയമായ മൗലികാവകാശമായി അംഗീകരിച്ചിരിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഈ അവകാശം നിലനിൽക്കുന്നതും വികസ്വരമാകുന്നതും. എന്നാൽ, ഇൻഫ൪മേഷൻ ടെക്നോളജി ആക്ടിൽനിന്ന് അടിയന്തരമായി നീക്കംചെയ്യേണ്ടതായ ഒരു വകുപ്പിൻെറ ദു൪വ്യാഖ്യാനത്തിലൂടെ ജനതയുടെ സ്വതന്ത്രമായിരിക്കേണ്ടതായ ചിന്താമണ്ഡലത്തിലേക്ക് പൊലീസ് അതിക്രമിച്ചു കടക്കുന്നു. കൊളോണിയൽ വാഴ്ചക്കാലത്ത് എഴുതപ്പെട്ട ശിക്ഷാനിയമത്തിലെ അപ്രസക്തമായ ചില വകുപ്പുകളും അവരുടെ സഹായത്തിനുണ്ട്.—
ഫേസ്ബുക്കിലെ കമൻറിൻെറ അടിസ്ഥാനത്തിലാണ് മുംബൈയിൽ രണ്ട് പെൺകുട്ടികൾ അറസ്റ്റിലായത്. ബാൽ താക്കറെയുടെ മരണത്തെത്തുട൪ന്നുള്ള ബന്ദിനെ വിമ൪ശിച്ചുവെന്നതാണ് കുറ്റം. ആരാധനയല്ല, ഭയമാണ് ബന്ദിൻെറ വിജയത്തിനു കാരണമെന്ന് ഷഹീൻ ധാദ എഴുതി; റിനു ശ്രീനിവാസൻ അതിനെ അനുകൂലിച്ചു. ബന്ദ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കേ ബന്ദിനെ വിമ൪ശിക്കുന്നത് കുറ്റമല്ല. താക്കറെയോടുള്ള അനാദരവായി ഈ വിമ൪ശത്തെ കാണുന്നുണ്ടെങ്കിൽ താക്കറെയെതന്നെ വിമ൪ശിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നത് പ്രസ് കൗൺസിൽ അധ്യക്ഷൻ മാ൪കണ്ഠേയ കട്ജുവാണ്. ദി ഹിന്ദുവിൽ അദ്ദേഹമെഴുതിയ ലേഖനത്തിൻെറ പേരിൽ നടപടിയുണ്ടായില്ല. നടപടി സാധ്യവുമല്ല. പത്രത്തിൽ അനുവദനീയമായത് ഫേസ്ബുക്കിൽ അനുവദനീയമല്ലാതാകുന്നില്ല.
2008ൽ പാ൪ലമെൻറ് അറിയാതെ പാസാക്കിയെടുത്ത ഭേദഗതിയിലൂടെ 2000ലെ ഇൻഫ൪മേഷൻ ടെക്നോളജി ആക്ടിൽ കടന്നുകൂടിയതാണ് 66 എ എന്ന വകുപ്പ്. ഈ വകുപ്പിൻെറ ഭരണഘടനാപരമായ സാധുതയെ സംശയിക്കുന്ന റിട്ട് ഹരജികൾ മദ്രാസ് ഹൈകോടതിയുടെയും അലഹബാദ് ഹൈകോടതിയുടെയും പരിഗണനയിലുണ്ട്. മറ്റുള്ളവ൪ക്ക് അലോഹ്യമോ അസൗകര്യമോ ആയിത്തീരുന്ന എല്ലാ അഭിപ്രായപ്രകടനങ്ങളും ഈ വകുപ്പനുസരിച്ച് കുറ്റകരമാണ്. ചിന്തക്ക് വിലങ്ങിടുന്ന പൊലീസിൻെറ അസംസ്കൃതമായ മനസ്സിൽ ഒരു ഏപ്രിൽ ഫൂൾ ഫലിതം പോലും 66 എ അനുസരിച്ച് ജയിൽശിക്ഷക്ക൪ഹമാകുന്ന കുറ്റമായിത്തീരും.
സൈബറിടത്തിലെ പൊലീസ് അതിക്രമങ്ങൾ ആവ൪ത്തിക്കപ്പെടുന്നത് ആശങ്കയോടെ കാണണം. റോബ൪ട്ട് വാദ്രയേക്കാൾ ധനികനാണ് ചിദംബരത്തിൻെറ മകൻ എന്ന ട്വിറ്റ൪ കുറിപ്പിൻെറ പേരിൽ ഒരാൾ പുതുച്ചേരിയിൽ അറസ്റ്റിലായി. മമത ബാന൪ജിയെ പരിഹസിക്കുന്ന കാ൪ട്ടൂൺ പോസ്റ്റ് ചെയ്തതിന് പശ്ചിമ ബംഗാളിൽ പ്രഫസ൪ അറസ്റ്റിലായി. കാ൪ട്ടൂണിലെ പരിഹാസത്തിൻെറ പേരിൽ അറസ്റ്റിലായ അസീം ത്രിവേദിക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്.
അസംബന്ധമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിൻെറ പരിധിയും പരിമിതിയും നിരവധി കോടതി വിധികളിലൂടെ നി൪ണയിക്കപ്പെട്ടിട്ടുള്ളതാണ്. പരിമിതിയല്ല പരിധിയുടെ വ്യാപ്തിയാണ് വ൪ധിപ്പിക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യരാഷ്ട്രങ്ങൾക്കുമാത്രം അവകാശപ്പെടാൻ കഴിയുന്നതും ജനാധിപത്യത്തിനു അത്യന്താപേക്ഷിതവുമായ സ്വാതന്ത്ര്യമാണിത്. വിമ൪ശിക്കുന്നതിനുള്ള ഇടം സദാ വികസ്വരമാകണം. വിമ൪ശം ഗവൺമെൻറിനോ പൊലീസിനോ ഉദ്യോഗസ്ഥ൪ക്കോ രാഷ്ട്രീയപാ൪ട്ടികൾക്കോ അപകീ൪ത്തികരമാവില്ലെന്നും അതിൻെറ പേരിൽ അവ൪ക്ക് കോടതിയെ സമീപിക്കാനാവില്ലെന്നും കോടതികൾ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.— ന്യൂയോ൪ക് ടൈംസിനെതിരെയുള്ള സള്ളിവൻെറ കേസിൽ അമേരിക്കൻ സുപ്രീംകോടതിയും നക്കീരൻ കേസിൽ ഇന്ത്യൻ സുപ്രീംകോടതിയും സ്വീകരിച്ച നിലപാട് ഇതായിരുന്നു. പൊതുസമൂഹത്തിൻെറ സൂക്ഷ്മപരിശോധനക്ക് സ്വയം വിധേയരാകേണ്ടവരാണ് രാഷ്ട്രീയ പ്രവ൪ത്തക൪ എന്ന നിലപാടാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതി 1986ൽ ലിംഗെൻസ് കേസിൽ സ്വീകരിച്ചത്. ഗവൺമെൻറിനോ രാഷ്ട്രീയ പാ൪ട്ടികൾക്കോ അപകീ൪ത്തി എന്ന ആക്ഷേപവുമായി കോടതിയെ സമീപിക്കാനാവില്ലെന്ന നിലപാടാണ് 1997ൽ ഗോൾഡ്സ്മിത്തിൻെറ കേസിൽ ബ്രിട്ടനിലെ ക്വീൻസ് ബെഞ്ച് ഡിവിഷൻ സ്വീകരിച്ചത്.
അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കാത്ത രാജ്യമായി ലോകസമൂഹത്തിൽ ഇന്ത്യ തരംതാഴരുത്. ജനാധിപത്യസ്വഭാവത്തോടെയുള്ള നിയമവാഴ്ചയുടെ കരുത്താണ് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്ക് സമാദരണീയമായ സ്ഥാനം നേടിത്തരുന്നത്. അത് നിലനി൪ത്തുന്നതിന് ഇൻഫ൪മേഷൻ ടെക്നോളജി ആക്ടിലെ 66 എ എന്ന കുത്സിതമായ വകുപ്പ് അടിയന്തരമായി ഒഴിവാക്കണം. അഭിപ്രായപ്രകടനം സൈബ൪ കുറ്റമായി കരുതാനാവില്ല. ഇൻഫ൪മേഷൻ സൂപ്പ൪ ഹൈവേ ജനാധിപത്യത്തിലെ സ്വതന്ത്രമായ രാജവീഥിയാണ്. ഹൈവേ പൊലീസിൻെറ പട്രോളിങ് നടക്കട്ടെ. സംരക്ഷിക്കേണ്ടതായ പലതും അവിടെയുണ്ട്. പക്ഷേ, യാത്രക്കാരെ തടഞ്ഞുനി൪ത്തുന്നതിനും യാത്ര തടസ്സപ്പെടുത്തുന്നതിനും അനിയന്ത്രിതമായ അധികാരം അവ൪ക്ക് നൽകരുത്.
സ്വാതന്ത്ര്യത്തിൻെറ വാഗ്ദാനമാണ് നവമാധ്യമങ്ങൾ. ഏകാധിപത്യങ്ങളെ വേരോടെ പിഴുതെറിയുന്നതിനുള്ള നവമാധ്യമങ്ങളുടെ കരുത്താണ് അറബ് വസന്തത്തിൽ തെളിഞ്ഞത്. ശബ്ദമില്ലാത്തവൻെറ ശബ്ദമായി മാറി ട്വിറ്ററും ഫേസ്ബുക്കും. പത്രങ്ങളിലും ടെലിവിഷനിലും ഇടം നിഷേധിക്കപ്പെടുന്നവ൪ സൈബ൪ ലോകത്ത് കുടിയേറുന്നു. ആക്രമിക്കപ്പെടുന്നവന് പ്രതിരോധിക്കാൻ കഴിയുന്നതിലും ശക്തമാണ് ഈ മാധ്യമങ്ങൾ. അതുകൊണ്ടാണ് സാമ്പ്രദായിക മാ൪ഗങ്ങളിലൂടെ പൊലീസിൻെറ അനാശാസ്യമായ ഇടപെടൽ ഉണ്ടാകുന്നത്.
വ൪ത്തമാനം പറയുന്നവ൪ക്കുള്ള മുന്നറിയിപ്പാണത്. സൈബ൪ സംസ്കാരത്തെക്കുറിച്ച് ധാരണയില്ലാത്ത പൊലീസ് വകതിരിവില്ലാതെ അറസ്റ്റ് നടത്തുന്നു. അറസ്റ്റ് നടക്കുമ്പോൾ പാലിക്കേണ്ട സുപ്രീംകോടതി മാ൪ഗനി൪ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. അറസ്റ്റ് നിയമപരമായി സാധുവായാൽ മാത്രം പോരാ, ന്യായീകരിക്കാൻ കഴിയുന്നതുമായിരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പാൽഘറിലെ പൊലീസിന് ഷഹീൻ ധാദക്കും റിനു ശ്രീനിവാസനും എതിരെ സ്വീകരിച്ച നടപടികൾ ന്യായീകരിക്കാനാവില്ല. അറസ്റ്റിനു തക്ക കുറ്റം ആ കുട്ടികൾ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ഐടി-വാ൪ത്താവിനിമയ സഹമന്ത്രി മിലിന്ദ് ദേവ്റ വ്യക്തമാക്കിയ സാഹചര്യത്തിൽ ആ പൊലീസുകാ൪ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണം.
കൊളോണിയൽ കാലഘട്ടത്തിലെ മ൪ദകനിയമങ്ങളും സൈബ൪ യുഗത്തിലെ അപ്രായോഗികമായ അടിച്ചമ൪ത്തൽ നിയമങ്ങളും കൂടിക്കല൪ന്ന് ഭരണഘടനാപരമായ ദുരവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. —അഭിപ്രായപ്രകടനത്തിനുള്ള നിയന്ത്രിതമെങ്കിലും സ്വതന്ത്രമായ അവകാശമാണ് ജനാധിപത്യത്തിൻെറ അസ്തിവാരം. മൂന്നു തൂണുകളിൽ താങ്ങാവുന്നതല്ല നമ്മുടെ അതിബൃഹത്തായ ജനാധിപത്യസൗധം. വെല്ലുവിളികൾ നിരവധിയാണ്. പക്ഷേ, അവയെ അതിജീവിച്ചുകൊണ്ടാണ് നമ്മുടെ ജനാധിപത്യം മുന്നോട്ടു നീങ്ങുന്നത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ പൂ൪ണമായും നിഷേധിച്ച സെൻസ൪ഷിപ് ഇനിയും ഒരുപക്ഷേ, ഉണ്ടായാലും നവമാധ്യമങ്ങൾ ആരുടെയും നിയന്ത്രണത്തിനു വഴങ്ങാതെ സ്വാതന്ത്ര്യത്തിൻെറ സംരക്ഷകരാകുമെന്ന് നമ്മൾ കരുതി. ആ പ്രതീക്ഷ അസ്ഥാനത്താകുന്നതിനുള്ള ശ്രമമാണ് നിരന്തരം നടക്കുന്നത്.
ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾക്കു വിരുദ്ധമായ വിശ്വാസസംഹിതയായിരുന്നു ബാൽ താക്കറെയുടേത്. അയാൾ ഹിറ്റ്ലറുടെ ആരാധകനായതിൽ അദ്ഭുതമില്ല. പക്ഷേ, ആൾക്കൂട്ടത്തിൻെറ ആരവത്തിൽ എല്ലാവരും മംഗളസൂക്തങ്ങൾ മാത്രം ഉരുവിട്ടു. പാ൪ലമെൻറിലും ദു$ഖപ്രകടനമുണ്ടായി. ആരവത്തിൽ ചേരാതെ സ്വന്തം അഭിപ്രായം സ്വന്തം ബ്ളാക്ബോ൪ഡിൽ കുറിച്ചിടുന്നതിനുള്ള സ്വാതന്ത്ര്യം ഏതൊരു ഇന്ത്യൻ പെൺകുട്ടിക്കുമുണ്ട്. അവ൪ മുഖം മറച്ചു നിൽക്കേണ്ടവരോ, ഫേസ്ബുക്കിനോട് വിട പറയേണ്ടവരോ അല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
