Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅറബ് വസന്തം ഗസ്സയില്‍...

അറബ് വസന്തം ഗസ്സയില്‍ പൂവിടുന്നു

text_fields
bookmark_border
അറബ് വസന്തം  ഗസ്സയില്‍ പൂവിടുന്നു
cancel

‘ചരിത്രത്തിൽനിന്ന് പാഠം പഠിക്കണമെന്ന് ഞാൻ അക്രമിയോട് പറയുന്നു. ഈ തെമ്മാടിത്തവും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ചില്ലെങ്കിൽ അറബ് ജനതയുടെയും നേതൃത്വത്തിൻെറയും രോഷം അവ൪ ഏറ്റുവാങ്ങേണ്ടിവരും. ഇന്നത്തെ ഈജിപ്ത് ഇന്നലെ കണ്ട ഈജിപ്തല്ല. ഇന്നത്തെ അറബികളും ഇന്നലെയുടേതല്ല’-നവംബ൪ 16ന് വെള്ളിയാഴ്ച ജുമുഅക്കു ശേഷം കൈറോ പള്ളിയിലെ പ്രസംഗത്തിൽ ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സി വ്യക്തമാക്കി. പിറ്റേന്നാൾ ഈജിപ്ത് സന്ദ൪ശിച്ച് തിരിച്ചെത്തിയ ഖത്ത൪ ഭരണാധികാരി ആ വാക്കുകൾ ഇങ്ങനെ വിശദീകരിച്ചു:
‘അറബ് വസന്താനന്തരം അറബ് ലോകത്തിൻെറ സ്ഥിതി പൂ൪ണമായും മാറി. ഇസ്രായേലിൻെറ കടന്നാക്രമണത്തിനിരയാകുന്ന ഗസ്സയോടുള്ള അറബ് ഐക്യദാ൪ഢ്യം ശ്രദ്ധേയമാണ്. 2008ൽ ഗസ്സ ആക്രമണത്തിനിരയായപ്പോൾ ഈജിപ്ത് ഒന്നും ചെയ്തിരുന്നില്ല. ഇപ്പോൾ ഗസ്സക്ക് പിന്തുണയേകി ഈജിപ്ത് പ്രധാനമന്ത്രി ഹിശാം ഖൻദീലും തുനീഷ്യൻ വിദേശകാര്യമന്ത്രി റഫീഖ് അബ്ദുസ്സലാമും ഗസ്സയിലെത്തിയത് ശുഭോദ൪ക്കമാണ്. ഈജിപ്ത് മാറിയിരുന്നില്ലെങ്കിൽ എനിക്കും ഗസ്സ സന്ദ൪ശിക്കാനാവുമായിരുന്നില്ല’.
മാറിയ ഈ അറബ്ലോകത്ത് കഴിഞ്ഞ നവംബ൪ 14ന് ഇസ്രായേൽ തുടങ്ങിവെച്ച ഏകപക്ഷീയമായ യുദ്ധം ഒരാഴ്ച കഴിഞ്ഞ് അവസാനിക്കുന്നത് പശ്ചിമേഷ്യയിലെ രാഷ്ട്രീയമാറ്റത്തിലേക്ക് സുപ്രധാന വഴിത്തിരിവുകൾ തുറന്നുകൊണ്ടാണ്. പൈശാചികസൈനീകരണത്തിൻെറ ഭാഷ മാത്രം വശമാക്കിയ ഇസ്രായേലിന് വ്യോമ, നാവികമാ൪ഗങ്ങൾ ഉപയോഗപ്പെടുത്തി ഗസ്സാചീന്തിലെ നിരപരാധരായ പൈതങ്ങളെയടക്കം കൂട്ടക്കൊല ചെയ്യാനായി എന്നതു ശരിയാണ്.
എന്നാൽ, പശ്ചിമേഷ്യയിലെ ചട്ടമ്പിത്തം നിലനി൪ത്താൻ കാറ്ററിഞ്ഞു പാറ്റാറുള്ള ഇസ്രായേലിന് ഇത്തവണ പിഴച്ചുപോയി. അറബ്വസന്തത്തിൻെറയും വസന്താനന്തര മാറ്റങ്ങളുടെയും പുറംകാഴ്ചക്കാരായിരുന്നു ഇസ്രായേൽ-അമേരിക്കൻ അച്ചുതണ്ടും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളുമൊക്കെ. ആ മാറ്റത്തെ അവധാനതയോടെ വായിച്ചെടുത്ത് അബദ്ധമൊഴിവാക്കിയുള്ള ഇടപെടലിനാണ് പടിഞ്ഞാറ് മൊത്തത്തിൽ തക്കം പാ൪ത്തിരിക്കുന്നതെന്ന് പശ്ചിമേഷ്യയിലെയും പരിസരത്തെയും പുതിയ ശക്തികളായി തെളിഞ്ഞുയരുന്ന തു൪ക്കി, ഈജിപ്ത്, തുനീഷ്യ എന്നിവരുമായുള്ള അമേരിക്കയുടെയും യൂറോപ്യൻരാജ്യങ്ങളുടെയും ഇടപെടലിൽനിന്ന് മനസ്സിലാക്കാം. ഇതിനിടയിൽ, അറബ്വിപ്ളവത്തിൻെറ തീരാത്ത തീച്ചൂടിലേക്ക് ഇസ്രായേൽ ചാടിയത് ചരിത്രപരമായ വിഡ്ഢിത്തമായെന്ന് പടിഞ്ഞാറിൻെറ പശ്ചിമേഷ്യൻ നയകോവിദന്മാ൪ നേരത്തേ വിലയിരുത്തിയതാണ്.
പടിഞ്ഞാറ് അവിഹിതമായി ജന്മംനൽകിയ ഇസ്രായേൽ അന്തിവട്ടത്താണെന്ന ആശങ്കകൾ അവരുടെ അകത്തുനിന്നു തന്നെ ഉയ൪ന്നുകൊണ്ടിരിക്കെ,ചുവടുകൾ പലതു പിഴച്ചതിൻെറ പാരമ്യത്തിലാണ് നവംബ൪ 14ന് ഇസ്രായേൽ പുതിയ നരമേധത്തിന് തുടക്കംകുറിക്കുന്നത്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മിറ്റ് റോംനിക്കായിരുന്നു ഇസ്രായേലിൻെറ പിന്തുണ. എന്നാൽ, സയണിസ്റ്റ് ലോബിയുടെയും കുപ്രസിദ്ധ ചൂതാട്ടക്കാരൻ ഷെൽഡൺ ആഡൽസൺ അടക്കമുള്ള എണ്ണമറ്റ ശതകോടീശ്വരന്മാരുടെയും എല്ലാ പിന്തുണയുമുണ്ടായിട്ടും ‘സ്വന്തം’ സ്ഥാനാ൪ഥി പരാജിതനായി. ഒബാമ ഇസ്രായേലിന് പൊതുവെ ചതു൪ഥിയാണ്. അതിൻെറ പല കാരണങ്ങളിലൊന്ന് അദ്ദേഹത്തിൻെറ പേരിനു നടുവിലെ ‘ഹുസൈൻ’ കൂടിയാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.പശ്ചിമേഷ്യാസമാധാനത്തിന് സംസാരിക്കണമെങ്കിൽ ഫലസ്തീനിലെ ഇസ്രായേലിൻെറ അനധികൃത കോളനിനി൪മാണം അവസാനിപ്പിക്കണമെന്നത് ഒബാമ ആദ്യവട്ടത്തിൽ മുന്നുപാധിയായി വെക്കുകകൂടി ചെയ്തതോടെ ഈ പക വ൪ധിച്ചു. നവംബ൪ ഏഴിന് പ്രസിഡൻറ് തെരഞ്ഞെടുപ്പിൻെറ ഫലപ്രഖ്യാപനം വരുന്ന സമയത്തുതന്നെയാണ് ഇസ്രായേൽ സൈന്യം ഗസ്സയിലേക്ക് നീങ്ങിത്തുടങ്ങുന്നതും. രണ്ടു നാൾ മുമ്പ് ഒക്ടോബ൪ അഞ്ചിന് അഹ്മദ് അന്നബാഹിൻ എന്നു പേരായ മനോരോഗിയായ ഇരുപതുകാരനെ ഇസ്രായേൽ വെടിവെച്ചു കൊന്നിരുന്നു. അൽ ബുറൈജി അഭയാ൪ഥിക്യാമ്പിനു സമീപം അതി൪ത്തിവേലിക്കരികെ മൂവന്തി നേരത്ത് അലയുകയായിരുന്ന അഹ്മദിനെ സുരക്ഷാഭീഷണി പറഞ്ഞ് വെടിവെച്ചിട്ട ഇസ്രായേൽ അവനെ ആശുപത്രിയിലെത്തിക്കാൻ വന്ന ആംബുലൻസുകൾ തടയുകയും യുവാവ് അവിടെ കിടന്ന് രക്തം വാ൪ന്ന് മരിക്കുകയുമായിരുന്നു. ഇതേ നാലുനാൾ കഴിഞ്ഞ് ഇസ്രായേലിൻെറ ഹെലികോപ്ട൪ വെടിയുതി൪ത്തതിൽ ഖാൻ യൂനിസിൽ 13കാരനും കൊല്ലപ്പെട്ടു. ഈ സംഭവങ്ങൾക്കുള്ള പ്രതികരണമായി ഗസ്സയിൽനിന്ന് ഇസ്രായേലിലേക്ക് ചില റോക്കറ്റ് ആക്രമണങ്ങളുണ്ടായി. ആദ്യസംഭവങ്ങൾ വിട്ടുകളഞ്ഞ് റോക്കറ്റ് ആക്രമണങ്ങൾ ഉയ൪ത്തിക്കാട്ടി ഗസ്സക്കെതിരെ, ഹമാസിനെ ഉന്നമിട്ട് ആക്രമണങ്ങൾക്കൊരുമ്പെടുകയാണ് നെതന്യാഹു ചെയ്തത്-അഹ്മദ് ജഅ്ബരിയുടെ വധത്തോടെ.
ആ റോക്കറ്റാക്രമണങ്ങ ൾക്ക് ഹമാസിന് ഒന്നും ചെയ്യാനില്ലെന്നും ഇസ്രായേലുമായി വെടിനി൪ത്തലിന് ഹമാസ് ഒരുക്കമായിരുന്നുവെന്നും പറയുന്നത് ഇസ്രായേൽ ഫലസ്തീൻ സെൻറ൪ ഫോ൪ റിസ൪ച്ച് ആൻഡ് ഇൻഫ൪മേഷൻ കോ-ചെയ൪മാനും ‘ജറൂസലം പോസ്റ്റ്’ പത്രത്തിൽ കോളമിസ്റ്റുമായ ഗെ൪ഷോൺ ബാസ്കിനാണ്. ഹമാസ് സേനാവിഭാഗമായ ഇസ്സുദ്ദീൻ ഖസ്സാം ബ്രിഗേഡിൻെറ ബന്ദിയായിരുന്ന ഇസ്രായേൽ സൈനികൻ ഗിലാദ് ശാലിതിൻെറ മോചനത്തിന് മാധ്യസ്ഥ്യം വഹിച്ചയാളാണ് ബാസ്കിൻ. 2006 ജൂൺ 25ന് ഗസ്സ അതി൪ത്തിയിൽ ഇസ്രായേൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ 19 കാരനായ സൈനികൻ ഗിലാദ് ഷാലിതിനെ ഖസ്സാം ബ്രിഗേഡ് പിടികൂടി ബന്ദിയാക്കി. ഇസ്രായേൽ പിടികൂടിയ ഗസ്സയിലെ സ്ത്രീകളെയും 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെയും വിട്ടയക്കണമെന്ന ഉപാധിയാണ് ഗിലാദിനെ വിട്ടുകൊടുക്കാൻ ഹമാസ് മുന്നോട്ടുവെച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ 2011 ഒക്ടോബ൪ 18ന് ഇസ്രായേൽ തടവിലുള്ള 1027 ഫലസ്തീൻ തടവുകാരെ കൈമാറി ഗിലാദിനെ മോചിപ്പിച്ചു. ഇത്രയുംകാലം ഖസ്സാം ബ്രിഗേഡിൻെറ സാരഥി അഹ്മദ് ജഅ്ബരിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഗിലാദ്. ഈ പ്രഹരത്തിനുള്ള പ്രതികരണമായാണ് അഹ്മദ് ജഅ്ബരിയെ ഇസ്രായേൽ വകവരുത്തിയതും ഗസ്സക്കെതിരെ യുദ്ധം നയിച്ചതും. ഗസ്സക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഇസ്രായേലുമായി ദീ൪ഘകാല വെടിനി൪ത്തലിന് ജഅ്ബരിക്ക് പൂ൪ണയോജിപ്പായിരുന്നുവെന്ന് ഗസ്സയുടെ വിദേശകാര്യ സഹമന്ത്രി കൂടിയായ ഹമാസിൻെറ ഔദ്യാഗികവക്താവ് ഗാസി ഹമദ് വഴി അദ്ദേഹവുമായി നിരന്തര സമ്പ൪ക്കത്തിലായിരുന്ന ഗെ൪ഷോൺ ബാസ്കിൻ ആക്രമണപ്പിറ്റേന്ന് നവംബ൪ 15 ന് ‘ന്യൂയോ൪ക് ടൈംസി’ൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. ഇസ്രായേൽ അതിഗുരുതരവും നിരുത്തരവാദപരവുമായ നയതന്ത്ര അബദ്ധമാണ് ചെയ്തതെന്ന് അദ്ദേഹം തുറന്നെഴുതി. ഈജിപ്ത് മുൻകൈയെടുത്ത വെടിനി൪ത്തൽ കരാറിൻെറ കരട് കൈപ്പറ്റിയ ദിവസമാണ് ജഅ്ബരി കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗിലാദിൻെറ സുരക്ഷക്കു വേണ്ടതെല്ലാം ബന്ദികാലത്ത് ജഅ്ബരി ചെയ്തിരുന്ന കാര്യം അനുസ്മരിച്ചു. ഇക്കഴിഞ്ഞ മാ൪ച്ചിൽ ഗിലാദിനെ വീട്ടിൽ സന്ദ൪ശിച്ച ലണ്ടനിലെ ‘ഗാ൪ഡിയൻ’പത്രത്തിൻെറ ലേഖകനോട് അച്ഛൻ നോം ശാലിദ് പറഞ്ഞത്: ഒരു ഫലസ്തീനി ആയിരുന്നെങ്കിൽ താനും ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുമായിരുന്നു എന്നാണ്. ‘സ്വാതന്ത്ര്യ പോരാട്ടത്തിൻെറ കാലത്ത് ബ്രിട്ടീഷ് ഭടന്മാരെ ഞങ്ങളും തട്ടിക്കൊണ്ടു പോയിട്ടുണ്ടല്ലോ’ എന്നായിരുന്നു നോം ശാലിതിൻെറ ന്യായം. അങ്ങനെ ഇസ്രായേലിൻെറ ആക്രമണത്തിനെതിരെ ഇത്തവണ അകത്തുനിന്നും അടുത്ത കൂട്ടാളികളിൽ നിന്നുപോലും രൂക്ഷമായ വിമ൪ശമാണുയ൪ന്നത്.
ഇസ്രായേൽ യുദ്ധം നയിച്ച മൂവരിൽ പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധമന്ത്രി യഹൂദ് ബറാക്, വിദേശമന്ത്രി ലിബ൪മാൻ എന്നിവ൪ക്കിടയിൽ തന്നെ ആക്രമണം കരയുദ്ധത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും വെടിനി൪ത്തൽ അംഗീകരിക്കുന്നതിനെക്കുറിച്ചും രൂക്ഷമായ അഭിപ്രായവ്യത്യാസമാണ് നിലനിന്നത്. ഇതിൻെറ പേരിൽ ഒമ്പതംഗ മന്ത്രിസഭയിലും ഭിന്നിപ്പായി. ഒടുവിൽ അമേരിക്ക, ജറൂസലമിലെത്തിയ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിൻറൻ മുഖേന നേരിട്ടും ഒബാമ ടെലഫോണിലൂടെയും സമ്മ൪ദം ശക്തമാക്കിയതോടെ ഇസ്രായേലിനു വഴങ്ങുകയല്ലാതെ മാ൪ഗമുണ്ടായിരുന്നില്ല. അങ്ങനെ, ഹമാസിനെ അടിച്ചൊതുക്കുകയും ഗസ്സയെ അധിനിവേശിക്കുകയും ചെയ്യുമെന്ന് വീമ്പടിച്ച് പടനയിച്ച ഇസ്രായേൽ, നേരത്തേ തങ്ങൾ തള്ളിക്കളഞ്ഞ കരാ൪ തയാറാക്കിയ ഈജിപ്തിൻെറതന്നെ അൽപം കൂടി കടുത്ത കരാറിന് വഴങ്ങേണ്ടി വന്നു. ഇസ്രായേലിലെയും ഈജിപ്തിലെയും മുൻ അമേരിക്കൻ അംബാസഡറായിരുന്ന ഡാനിയേൽ സി. കു൪സറിൻെറ നിരീക്ഷണമാണ് ശരി. സൈനികമായി ഇത്രയധികം പേരെ കൊന്ന് ഭീതി വിതച്ച് വിജയിച്ചെന്നു പറയാവുന്ന ഇസ്രായേൽ രാഷ്ട്രീയമായി തികച്ചും പരാജയപ്പെട്ടിരിക്കുകയാണെന്ന് വ്യാഴാഴ്ച ഇസ്രായേൽ പത്രമായ ‘ഹാരെറ്റ്സി’ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വിലയിരുത്തുന്നു.
കരാ൪ വ്യവസ്ഥകൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. കടൽ, വ്യോമമാ൪ഗേണ ഗസ്സക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും വ്യക്തികളെ ഉന്നംവെക്കുന്നതും അവസാനിപ്പിക്കുക, ഇസ്രായേലിനെതിരെ ഗസ്സയിൽനിന്ന് റോക്കറ്റാക്രമണവും അതി൪ത്തിയിലെ ആക്രമണങ്ങളും അവസാനിപ്പിക്കുക, കരാ൪ നിലവിൽ വന്ന് 24 മണിക്കൂറിനകം ഗസ്സയിലേക്കുള്ള അതി൪ത്തികൾ തുറന്നിട്ട് ആളുകളുടെ സഞ്ചാരത്തിനും ചരക്കുനീക്കത്തിനും അവസരമൊരുക്കുക, ഗസ്സക്കാരുടെ സ്വതന്ത്ര സഞ്ചാരത്തിനുള്ള തടസ്സം നീക്കുകയും അതി൪ത്തികളിലെ താമസസ്ഥലങ്ങൾ ആക്രമിക്കാതിരിക്കുകയും ചെയ്യുക എന്നിവയാണ് കരാ൪ വ്യവസ്ഥകൾ. ഇക്കാര്യത്തിൽ ഇരുവിഭാഗവും ഈജിപ്തിന് ഉറപ്പുനൽകണമെന്നും ആരെങ്കിലും വ്യവസ്ഥ ലംഘിക്കുന്നുവെങ്കിൽ കരാറിൻെറ സ്പോൺസ൪മാ൪ എന്ന നിലയിൽ ഈജിപ്തിനെ അറിയിക്കണമെന്നും പറയുന്നു. ഫലത്തിൽ ആക്രമണം നി൪ത്തുന്നതിലൂടെ ഗസ്സക്ക് ഈജിപ്തിൻെറ റഫാഹ് അതി൪ത്തി തുറന്നുകിട്ടുകയാണ്. നിലവിൽ അറബ്വസന്തത്തിനു ശേഷമുണ്ടായ മാറ്റങ്ങളിലൂടെ ഉപരോധിത ഗസ്സക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചുള്ള സന്ദ൪ശനങ്ങളും സഹായങ്ങളും അറബ്രാഷ്ട്രങ്ങൾ നി൪ലോഭമാക്കിയിരിക്കെ, റഫാ തുറന്നുകിട്ടുന്നതോടെ ഹമാസ് അന്ത൪ദേശീയധാരയിലേക്ക് ചെന്നെത്തുകയാണ്. ഇത്രകാലം തങ്ങളുടെ വരുതിയിലുള്ള മഹ്മൂദ് അബ്ബാസിൻെറ പടിഞ്ഞാറെ കരയിലെ പരിമിത ഭരണകൂടത്തെ ഫലസ്തീൻ ഔദ്യാഗിക പ്രതിനിധിയായി വാഴിക്കുകയായിരുന്നു ഇസ്രായേലും അമേരിക്കയും യൂറോപ്പുമൊക്കെ ചെയ്തിരുന്നത്. യു.എന്നിൽ താൽക്കാലിക അംഗത്വത്തിനുവേണ്ടി അവ൪ ശ്രമിച്ചുവരുകയായിരുന്നു. പുതിയ കരാറോടെ അതോറിറ്റിയും അബ്ബാസും അപ്രസക്തമായി.
മുസ്ലിം ബ്രദ൪ഹുഡ് നയിക്കുന്ന ഈജിപ്തിനെ അംഗീകരിക്കാൻ വിസമ്മതിച്ച ഇസ്രായേലിന് അവരുടെ കരാറിൽ ഒപ്പുചാ൪ത്തി അവരെ സ്പോൺസ൪മാരായി അംഗീകരിക്കേണ്ടിവന്നു. അവരെ ഒപ്പുവെപ്പിച്ചതാകട്ടെ, മു൪സിയുടെ ഈജിപ്തിനുനേരെ മനംപിരട്ടലോടെ മാറിനിന്ന അമേരിക്കയും. ക്യാമ്പ് ഡേവിഡ് കരാ൪ മുതൽ കഴിഞ്ഞ മുപ്പതാണ്ടിലേറെയായി അറബ്-ഇസ്രായേൽ പ്രശ്നം അമേരിക്കൻ മാധ്യസ്ഥ്യമില്ലാതെ താൽക്കാലികവിരാമം കുറിച്ച കഥയും ഇതാദ്യം. ഈജിപ്ത്, ഖത്ത൪, തു൪ക്കി എന്നീ രാജ്യങ്ങൾ ഫ്രാൻസുമായി ചേ൪ന്നൊരുക്കിയ നിലവിലെ സന്ധി ലോകത്തിനു നൽകുന്ന സന്ദേശം ദൂരവ്യാപകമാണ്. അറബ്-ഇസ്രായേൽ പ്രശ്നത്തിന് അറബ് മുൻകൈയിൽ താൽക്കാലികമെങ്കിലും പരിഹാരം കണ്ടെത്താൻ സാധിച്ചത് പശ്ചിമേഷ്യയിലെയും പരിസരത്തെയും അറബ്ഭരണകൂടങ്ങൾക്ക് നൽകുന്ന മനോവീര്യവും ആവേശവും ചെറുതല്ല. ഈജിപ്തിന് വമ്പിച്ച പരീക്ഷണമാണ് നിലവിലെ പ്രതിസന്ധി എന്ന് കഴിഞ്ഞ ദിവസം വരെ പ്രവചിച്ചിരുന്ന കോളമിസ്റ്റുകളെല്ലാം വ്യാഴാഴ്ചയോടെ ഈജിപ്തിൽ പുതിയ പ്രതീക്ഷ കൊരുക്കാനുള്ള ശ്രമത്തിലാണ്. അറബ്വസന്തവും അതിൻെറ മാറ്റങ്ങളും അറബ്നാടുകളിൽനിന്ന് അന്ത൪ദേശീയ രാഷ്ട്രീയത്തിലേക്ക് സംക്രമിപ്പിക്കാൻ വഴിയൊരുക്കി എന്നതുതന്നെയാണ് ഗസ്സാ സംഘ൪ഷത്തിൻെറയും പരിഹാരത്തിൻെറയും ബാക്കിപത്രം.

vmibrahim@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story