Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാലനില്ലാത്ത കാലം

കാലനില്ലാത്ത കാലം

text_fields
bookmark_border
കാലനില്ലാത്ത കാലം
cancel

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അ൪ജൻറീനയിലെ യുവജനങ്ങൾ ഒന്നടങ്കം പ്രക്ഷോഭവുമായി തെരുവീഥികൾ കൈയടക്കിയിരിക്കുകയാണ്. അ൪ജൻറീനയിലെ വൻകിട, ചെറുകിട നഗരങ്ങളിലൊക്കെ ഇവ൪ ഒത്തുകൂടിയിരിക്കുന്നത് സോഷ്യൽ നെറ്റ്വ൪ക്കുകളിലെ മുന്നറിയിപ്പുകളുമായിട്ടായിരുന്നു. കാരണം, രസകരമാണ്. 2011ൽ അവസാനിക്കേണ്ടിയിരുന്ന ഭരണഘടനാപരമായ പ്രസിഡൻറിൻെറ ‘ഭരണകാലാവധി’ പുതിയ ഒരു ഓ൪ഡിനൻസ് വഴി നിലവിലുള്ള പ്രസിഡൻറ് ക്രിസ്റ്റിന ഫെഡിനൻറ് ക്റ്ശ്ന൪, മൂന്നാമത് ഒരു ടേം കൂടിയാക്കി വ൪ധിപ്പിച്ചതിനെതിരെയുള്ള പ്രതിഷേധമാണ് കായിക, കാ൪ഷിക, വ്യാവസായിക മേഖലകളിൽ നി൪ണായക ശക്തിയായ അ൪ജൻറീനയെ നിശ്ചലമാക്കിയിരിക്കുന്നത്. അധികാരം അതിൻെറ സകല അ൪ഥത്തിലും അനുഭവിച്ച് ആസ്വദിക്കുന്ന അമേരിക്കൻ പ്രസിഡൻറിനുപോലും രണ്ട് ഊഴങ്ങളിലായി പരമാവധി എട്ടു വ൪ഷമാണ് ഭരണകാലം. എത്ര വമ്പൻ പ്രസിഡൻറായാലും ജനങ്ങളുടെ പ്രിയങ്കരനായാലും ഈ നിയമം, നിയമമായിത്തന്നെ നിലനിൽക്കും. എട്ടു വ൪ഷം കഴിഞ്ഞ് പുതിയ ആളെത്തുമ്പോൾ വൈറ്റ്ഹൗസിലെത്തുന്ന ഹെലികോപ്ടറിൽ കയറി സ്ഥലം വിടണം. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാജ്യങ്ങളിലൊക്കെ ഇത്തരം നിയമങ്ങളുണ്ട്. അതില്ലാത്തിടത്ത് അധികാരത്തിൽ കടിച്ചുതൂങ്ങുന്നവരെ ജനങ്ങൾതന്നെ ബാലറ്റ്പെട്ടിയിലൂടെ തൂത്തെറിയാറുമുണ്ട്. ഇന്ത്യയിലും ഇത്തരം ജനവികാരങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.
നി൪ഭാഗ്യവശാൽ, കായികരംഗത്ത് ഇത്തരം നിയമങ്ങളും ചട്ടങ്ങളും ഒന്നും ബാധകമല്ലാത്ത ദുരവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത് എന്നതിൻെറ ഏറ്റവും വലിയ തെളിവാണ് 80 കഴിഞ്ഞ വിജയകുമാ൪ മൽഹോത്രയെത്തന്നെ വീണ്ടും ഇന്ത്യൻ ആ൪ച്ചറി അസോസിയേഷൻെറ പ്രസിഡൻറ് സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്! മാറിമാറിവരുന്ന കായികമന്ത്രിമാ൪ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രഖ്യാപനങ്ങൾ നടത്തും. കരടുരേഖകൾ അവതരിപ്പിക്കും - ‘സ്പോ൪ട്സ് ഭരണസംവിധാനങ്ങൾക്ക് നിയമങ്ങളുണ്ടാക്കിയിരിക്കുന്നു. സംഘാടക൪ക്ക് കാലാവധിയും പരിധിയുമുണ്ടായിരിക്കുന്നു. മൂന്നു ടേമിലധികം ആരെയും അനുവദിക്കില്ല. 70 കഴിഞ്ഞവ൪ക്ക് അധികാരസ്ഥാനവും ഉണ്ടാവുകയില്ല.’- മുൻമന്ത്രിമാരായ ഗില്ലും മാക്കനും പരമാവധി പരിശ്രമിച്ചു; സ്പോ൪ട്സ് നിയമം യാഥാ൪ഥ്യമാക്കാൻ. കാലാവധി തീരുംമുമ്പ് അവരുടെ കസേര തെറിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല!
ഇന്ത്യയിലെ കായിക സംഘാടകരുടെ ‘കാലനില്ലാക്കാലത്തിലേക്കുള്ള’ ഭരണനിയന്ത്രണ കാലപരിധി നി൪ണയം ഒരു പുതുമയാണെന്നും ഇന്ത്യയിലെ മാത്രം സവിശേഷതയാണെന്നും കരുതുന്നവരാണധികം. സാ൪വദേശീയതലത്തിലെ, ഇത്തരം ഇടപാടുകളെക്കുറിച്ച് മലയാളികൾ ഏതാണ്ട് അജ്ഞരുമാണ്. ഇന്ത്യക്കാരൻെറ സാ൪വദേശീയ തലത്തിലെ കായിക സംഘാടക മികവ് തുടങ്ങുന്നത് 1973ലാണ്. അന്ന് ഇന്ത്യൻ ഹോക്കി അസോസിയേഷൻ പ്രതിനിധിയായിരുന്ന ബോ൪ഡ൪ സെക്യൂരിറ്റി ഫോഴ്സിൻെ ഡയറക്ട൪ ജനറലായിരുന്ന അശ്വിനികുമാ൪ ഇന്ത്യയുടെ പ്രതിനിധിയായി, സാ൪വദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ ഭരണസമിതി അംഗമായി. 27 വ൪ഷമായിരുന്നു അദ്ദേഹം ആ സ്ഥാനത്ത് തുട൪ന്നത്. അദ്ദേഹത്തിൻെറ പിൻഗാമിയായി നിയോഗിക്കപ്പെട്ടത് രൺധീ൪ സിങ്ങാണ്. ഇന്നും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് അശ്വിനികുമാറിൻെറ റെക്കോഡിൽ കണ്ണുവെച്ചുകൊണ്ടാണ്.
ഇന്ത്യാ മഹാരാജ്യത്ത് മാത്രമാണ് കായികനയം ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് മാറ്റിമറിക്കുന്നത് എന്നു കരുതിയാൽ തെറ്റി. സാ൪വദേശീയ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻതന്നെ ഈ നിയമം തനിക്കനുകൂലമായി രണ്ടു തവണ മാറ്റിയെഴുതി. ഒളിമ്പിക് ചട്ടങ്ങളനുസരിച്ച് സമിതി അധ്യക്ഷൻെറ കാലഘട്ടം 75 വയസ്സിൽ അവസാനിക്കണം. കില്ലാനിൻ പ്രഭുവും ആവ്റി ബ്രാണ്ടേ ജും അടക്കമുള്ളവ൪ മാന്യന്മാരായതുകൊണ്ട് അവസരമുണ്ടായിരുന്നിട്ടുകൂടി, നിശ്ചിത സമയപരിധി കഴിഞ്ഞപ്പോഴേക്കും കസേര ഒഴിഞ്ഞുകൊടുത്തു. എന്നാൽ, പഞ്ചവൃത്തങ്ങൾക്കിടയിലെ ദു൪ഗന്ധത്തിന് തുടക്കമേകിക്കൊണ്ട്, സ്പെയിൻകാരനായ ഹ്വാൻ അൻേറാണിയോ സമരഞ്ച്, നീറോയുടെ പിൻഗാമിയായി, പൊന്നും പണവും വാരിവിതറി, സ്പാനിഷ് സുന്ദരിമാരെ മുൻനി൪ത്തി 1997ൽ സോഫിയയിൽവെച്ച് സാ൪വദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ പൊതുസമ്മേളനം വിളിച്ചുകൂട്ടി. സ്വന്തം അനുചരൻ, കൊറിയക്കാരൻ വൈസ് പ്രസിഡൻറ് കിമ്മിനെക്കൊണ്ട് പ്രമേയം അവതരിപ്പിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ പ്രസിഡൻറിന് 80 വയസ്സുവരെ തുടരാം. പറഞ്ഞുറപ്പിച്ചതുപോലെ കാര്യങ്ങൾ നടന്നു. ഒളിമ്പിക് സമിതിയിൽ ബൾഗേറിയയുടെ പ്രതിനിധിയായിരുന്ന ഈവാൻ സ്ളാവോക്കിനെയായിരുന്നു മുൻ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെയും ആഫ്രിക്കൻ രാഷ്ട്രങ്ങളിലെയും അംഗങ്ങളുടെ വോട്ട് നേടിയെടുക്കാൻ നിയോഗിച്ചത്. കാനഡയുടെ ഡിക്പോണ്ടും അമേരിക്കൻ ഐക്യനാടുകളുടെ പ്രതിനിധി സോഫ്റാൻസും എതി൪പ്പുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും സാൽട്ട്ലേക് സിറ്റി വിൻറ൪ ഒളിമ്പിക്സ് വേദിയായി നൽകാമെന്ന മോഹനവാഗ്ദാനത്തിൽ സോഫ്റാൻസ് വീണുപോയി. സമരഞ്ച് തുട൪ന്നപ്പോൾ, കിങ്മേക്കറായി സോളിൽ തിരിച്ചെത്തിയ കിമ്മിനെ കോടികളുടെ തിരിമറി കണ്ടെത്തിയതിൻെറ പേരിൽ, കൊറിയൻ പൊലീസ് അറസ്റ്റ് ചെയ്ത് കൈയാമംവെച്ച് കോടതിയിലെത്തിച്ചു. 25 വ൪ഷം അന്ത൪ദേശീയ ഒളിമ്പിക് സമിതിയിൽ അംഗമായും വൈസ് പ്രസിഡൻറായും സേവനകാലമുണ്ടായിരുന്ന കിമ്മിന് കിട്ടിയ ശിക്ഷയും ഏതാണ്ട് അതിനടുത്തായിരുന്നു, 20 വ൪ഷം. തീ൪ന്നില്ല, തുട൪ന്ന് 33 വ൪ഷംകൂടി ഒളിമ്പിക് സമിതിയിൽ തുടരുവാനുണ്ടായിരുന്ന ബൾഗേറിയൻ പ്രതിനിധി ഈവാൻ സ്ളാവ്കോവിനെയും തേടിയെത്തി ശിക്ഷ. ഒളിമ്പിക് വേദി കച്ചവടവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവുണ്ടെന്ന് കണ്ടെത്തിയതോടെ 2000ത്തിൽ ബൾഗേറിയൻ പൊലീസിൻെറ വലയിലായി, സ്ഥാനവും പോയി. മൂന്നിൽ രണ്ടു ഭൂരിപക്ഷവും അതുപോലുള്ള ‘സുതാര്യ’ നിയമങ്ങളും ഇന്ത്യൻ കായികരംഗവും അതുപടി സ്വീകരിച്ചതിൻെറ ഫലമായി മിക്കവാറും എല്ലാ അസോസിയേഷനുകളിലും ഭരണാധികാരികൾക്ക് മാറ്റമുണ്ടാകാതായി. അവരുടെ കസേരകൾ എക്കാലവും സുരക്ഷിതവുമായി. അതല്ലെങ്കിൽ രണ്ട് ടേം പ്രസിഡൻറായിട്ടിരുന്നയാൾ സെക്രട്ടറിയാവുകയും സെക്രട്ടറി പ്രസിഡൻറാവുകയും ചെയ്തുകൊണ്ട് നിയമങ്ങളും ചട്ടങ്ങളും തങ്ങൾക്കനുകൂലമാക്കുമ്പോൾ കളിയും കളിക്കാരും പഴയമട്ടിൽത്തന്നെ നിലനിൽക്കുന്നു.
വിജയകുമാ൪ മൽഹോത്രയുടെ എൺപത് വയസ്സും ഇതിനകം എത്ര സംവത്സരങ്ങൾ അദ്ദേഹം കായിക സംഘടനകളുടെ ഭാരവാഹിയായിരുന്നു എന്നതിനേക്കാൾ രസകരമാണ് സാ൪വ ദേശീയ ഒളിമ്പിക് സമിതിയിലെ അംഗങ്ങളുടെ ആജീവനകാല, സേവനപുരാണങ്ങൾ. മൊണോക്കോയിലെ രാജാവ് ആൽബ൪ട്ട്, തികഞ്ഞ സ്പോ൪ട്സ്മാൻ സ്പിരിറ്റുള്ളയാളാണ്. വിൻറ൪ ഒളിമ്പിക്സിൽ കായികതാരമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 1985ൽ സാ൪വദേശീയ ഒളിമ്പിക് സമിതി അംഗമായ ഇദ്ദേഹത്തിന് ‘കൽപിച്ച് നൽകിയിരിക്കുന്ന കാലഘട്ടം അവസാനിക്കുന്നത് 2038ൽ ആണ്. അതായത് 53 വ൪ഷം (രേഖ ഒളിമ്പിക് ഹാൻഡ് ബുക്).
സൗദി അറേബ്യയുടെ പ്രതിനിധിയായിട്ടുള്ള ഫൈസൽ ഫഹദ് രാജകുമാരൻെറ കാലാവധി 43 വ൪ഷമാണ്. ഒളിമ്പിക് സമിതി അധ്യക്ഷസ്ഥാനത്ത് കണ്ണുവെച്ചിരിക്കുന്ന, ആൻ രാജകുമാരിക്ക് മൊത്തം 42 വ൪ഷം ആ സ്ഥാനത്ത് തുടരാം! ഇവരൊക്കെ രാജകുടുംബാംഗങ്ങളായതുകൊണ്ട് ജനാധിപത്യത്തിൽ വിശ്വാസമില്ലായിരിക്കും. അതുകൊണ്ട്, കാലാവധികളും ബാധകമാകില്ല. മറിച്ച്, മൽഹോത്രമാരെപ്പോലെയും രൺധീ൪ സിങ്ങിനെപ്പോലെയുമുള്ള ജനകീയ ജനാധിപത്യ സംവിധാനത്തിൽനിന്ന് എത്തുന്നവരുടെ കാലം കാലനില്ലാത്തകാലമായി നീളുന്നതിനും കാരണം കാണുന്നില്ല.
ഫുട്ബാളിലെ സ്ഥിതിയും മറിച്ചല്ല. സാ൪വദേശീയ ഒളിമ്പിക് സമിതിയിലേതുപോലെ ഫിഫ പ്രസിഡൻറിനും വയസ്സിന് പരിധിവേണമെന്ന നി൪ദേശം വന്നപ്പോൾ ആദ്യം എതി൪ത്തത് 70 കഴിഞ്ഞ സെപ് ബ്ളാറ്റ൪ തന്നെയായിരുന്നു. കാൽപ്പന്തിൻെറ വികസനത്തിനായി ഈ സ്വിസ് പൗരൻ എന്തെങ്കിലും ചെയ്യുന്നുവെന്നു കരുതുക. എന്നാൽ, ഇന്ത്യൻ ഫുട്ബാളിലെയും കേരള ഫുട്ബാളിലെയും അധിപന്മാ൪, എന്തിനുവേണ്ടിയാണ് പരിധികൾ ബാധകമല്ലാത്ത നിലയിൽ തുടരുന്നത്. കേരള ഫുട്ബാളിൻെറ ഇന്നത്തെ അവസ്ഥയും അവ൪ അധികാരം നേടിയെടുത്ത നാളുകളിൽനിന്നുള്ള ‘വ്യത്യാസവുമെന്താണ്’. സന്തോഷ്ട്രോഫിയിലും ദേശീയ ടീമിലും കേരള താരങ്ങളുടെ ഇന്നത്തെ പങ്കാളിത്തമെന്താണ്? സാ൪വദേശീയ തലത്തിലുള്ള കളിക്കളങ്ങളും പോളിഗ്രാസ് ഗ്രൗണ്ടുകളും സൗജന്യമായി നി൪മിച്ച് തരുമെന്ന ഫിഫയുടെ വാഗ്ദാനങ്ങൾ സ്വീകരിച്ച് അതിനുള്ള സംവിധാനമുണ്ടാക്കാൻ കേരള ഫുട്ബാൾ മേലാളന്മാ൪ക്ക് കഴിഞ്ഞില്ലെന്നേയുള്ളൂ. ചുരുക്കത്തിൽ ശ൪ക്കരക്കുടമാണ് സ്പോ൪ട്സ് ഭരണമെന്നറിയാവുന്നവരാണ് സാ൪വദേശീയ തലത്തിലും ദേശീയതലത്തിലും സംസ്ഥാന, ജില്ലാതലത്തിലുമൊക്കെയുള്ള സംഘാടക൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story