Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗോളടിയുടെ മിശിഹാ

ഗോളടിയുടെ മിശിഹാ

text_fields
bookmark_border
ഗോളടിയുടെ മിശിഹാ
cancel

കളിയിൽ കവിത തുളുമ്പുന്ന നീക്കങ്ങൾക്കാണ് കാലം കാതോ൪ക്കുന്നത്. കാൽപന്തുകളിയുടെ ലാവണ്യശാസ്ത്രങ്ങളിൽ എന്നും താളാത്മകമായ ചുവടുവെപ്പുകളുടെ മായിക ഭാവങ്ങൾ അതിരുകളില്ലാതെ ആഘോഷിക്കപ്പെട്ടിട്ടുമുണ്ട്. ഫെറങ്ക് പുഷ്കാസും ആൽഫ്രഡോ ഡിസ്റ്റിഫാനോയും പെലെയും ഡീഗോ മറഡോണയും സിനദിൻ സിദാനുമൊക്കെ കുമ്മായവരക്കുള്ളിലെ ഈ അനി൪വചനീയ മുഹൂ൪ത്തങ്ങളെ ലോകത്തിനു സമ്മാനിച്ച് ചരിത്രത്തിൻെറ അഭിമാനകരമായ ഗോൾമുഖങ്ങളിലേക്ക് ഡ്രിബ്ൾ ചെയ്തു കയറിയവരാണ്. മുന്നേറ്റങ്ങളുടെ ചാരുതകളിൽനിന്ന് പ്രതിരോധങ്ങളുടെ വരണ്ട സമവാക്യങ്ങളിലേക്ക് ഫുട്ബാളിൻെറ വിജയചിന്തകൾ വക്രീകരിക്കപ്പെടുമ്പോഴും ലോകം ഉറ്റുനോക്കുന്നത് പെലെയെയും മറഡോണയെയും പോലെ, പന്തിനെ ആശിച്ച വഴികളിലൂടെ വലകളിലേക്ക് വളഞ്ഞുപുളഞ്ഞുകയറ്റാൻ കെൽപുള്ള കരുനീക്കങ്ങളുടെ തമ്പുരാക്കന്മാരെയായിരുന്നു. യൂറോപ്യൻ ഫുട്ബാളിൻെറ ജ്യാമിതീയ രേഖകളിൽനിന്ന് മാറിനടന്ന് ലാറ്റിനമേരിക്കൻ കേളീവിശാരദരെപ്പോലെ പുൽമേട്ടിൽ ഒഴുകിപ്പരന്ന സിദാൻ ആദരിക്കപ്പെട്ടത് പന്തടക്കത്തിൻെറ പൂ൪ണതയും പാസിങ് ഗെയിമിൻെറ ചാരുതയും കൊണ്ടായിരുന്നു.
ലോകഫുട്ബാളിനെ അത്രമേൽ സ്വാധീനിച്ചതായിരുന്നു മറഡോണയുടെയും പെലെയുടെയും മഹദ്ചലനങ്ങൾ. എതിരാളികളുടെ നിയന്ത്രണ ഭൂമിയിൽ കാവലാളുകളുടെ ഉറക്കം കെടുത്തിയ അപ്രതീക്ഷിത നീക്കങ്ങളുടെ അപ്പോസ്തലനായിരുന്നു പെലെയെങ്കിൽ കാവ്യാത്മക ഫുട്ബാളിനെ മൈതാനങ്ങളിൽ അനവദ്യസുന്ദരമായി വരച്ചുകാട്ടിയ ഡീഗോ കളിയുടെ സൗന്ദര്യരീതികളെ പുതിയൊരു തലത്തിലേക്കുയ൪ത്തുകയായിരുന്നു. ഈ പ്രതിഭാധനരുടെ പിന്തുട൪ച്ചയിലേക്കാണ് ഫുട്ബാൾലോകം ഗാലറിയിൽനിന്ന് മൈതാനങ്ങളിലേക്കുറ്റുനോക്കിയത്. നൈസ൪ഗികമായ കഴിവുകൾ തേച്ചുമിനുക്കി കളംഭരിക്കാൻ കേമനൊരാൾ വരുമെന്ന ലോകത്തിൻെറ കണക്കുകൂട്ടലുകൾ വലിയ തോതിലല്ലെങ്കിലും കളത്തിൽ പുലരാറുണ്ടുതാനും.

കളിക്കമ്പക്കാരുടെ ഈ പ്രതീക്ഷകളിലേക്കാണ് അ൪ജൻറീനയിലെ റൊസാരിയോയിൽനിന്നൊരു പയ്യൻ പന്തടിച്ചുതുടങ്ങിയത്. ഹോ൪മോൺ പ്രശ്നങ്ങാൽ വള൪ച്ച മുരടിച്ച ലയണൽ ആന്ദ്രേസ് മെസ്സിയെന്ന ബാലനിലെ പ്രതിഭ തിരിച്ചറിഞ്ഞ സ്പെയിനിലെ ബാഴ്സലോണാ ക്ളബ് അവനെ സ്പെയിനിലെത്തിച്ച് ചികിത്സ നൽകി കേമനാക്കാമെന്ന പ്രതീക്ഷ പുല൪ത്തി. വലുപ്പക്കുറവിൻെറ വെല്ലുവിളിക്കുമുന്നിൽ തോൽക്കാതെ പന്തിനെ പാദങ്ങളാൽ അമ്മാനമാടുന്ന മെസ്സിയെ കുടുംബസമേതം ബാഴ്സലോണയിലെത്തിക്കുകയായിരുന്നു ക്ളബ് അധികൃത൪. പിന്നീട് പിറന്നതെല്ലാം ചരിത്രം. ശാരീരിക പ്രശ്നങ്ങളെ ചികിത്സ കൊണ്ട് വകഞ്ഞു മാറ്റിയ മിടുക്കൻ ആധുനിക ഫുട്ബാളിൻെറ ചക്രവ൪ത്തിയായി മാറുകയായിരുന്നു. സ്ഥിരതയാ൪ന്ന പ്രകടനത്തിലൂടെ ലോക ഫുട്ബാള൪ പട്ടത്തിലെത്തി നിൽക്കുന്ന പ്രയാണത്തിൽ ഭൂമിയിൽ ഇന്നുള്ള ഏറ്റവും പ്രഗല്ഭനായ പന്തു കളിക്കാരനായി ലോകം അവനെ അരിയിട്ടു വാഴ്ത്തുന്നു.
മറഡോണക്കുശേഷം അ൪ജൻറീന ലോകത്തിനു സമ്മാനിച്ച ഫുട്ബാളിൻെറ ഈ രാജകുമാരനിൽ കണ്ണിനിമ്പമേറിയ കളിയാസ്വാദനത്തിനു വേണ്ടതെല്ലാമുണ്ട്. അ൪ജൻറീനക്ക് ലോക യൂത്ത് കപ്പും ഒളിമ്പിക് സ്വ൪ണവും നേടിക്കൊടുത്ത മെസ്സി ബാഴ്സലോണയെ ഒട്ടനവധി കിരീടങ്ങളിലേക്ക് നയിച്ചാണ് ക്ളബ് തന്നില൪പ്പിച്ച വിശ്വാസം കാക്കുന്നത്. ഗോളടിയുടെ ചരിത്രത്തിൽ അതിശയങ്ങളുടെ വലക്കണ്ണികൾ തുരുതുരാ കുലുക്കിയ സാക്ഷാൽ പെലെയുടെ റെക്കോഡ് തക൪ത്ത് മെസ്സി വിസ്മയനേട്ടം കൊയ്തിരിക്കുന്നു. സ്പാനിഷ് ലീഗിൽ റയൽ മയ്യോ൪ക്കക്കെതിരെ നവംബ൪ 11ന് രണ്ടുതവണ വലയിലേക്ക് നിറയൊഴിച്ചപ്പോൾ ഒരു കലണ്ട൪ വ൪ഷം 75 ഗോളുകൾ നേടിയ പെലെയുടെ നേട്ടം മെസ്സിക്ക് പിന്നിലായി. താനാണ് കളിയിലെ രാജാവ് എന്ന് എല്ലായ്പോഴും സ്വയം വിളിച്ചുപറയുന്ന, മറ്റാരെയും അംഗീകരിക്കാൻ മടിക്കുന്ന പെലെയെ കളിയുടെ കണക്കുപുസ്തകത്തിൽ തനിക്ക് പിന്നിലാക്കിയ മെസ്സിക്ക് പുൽത്തകിടിയിൽ പലതും ചെയ്യാനാകുമെന്ന് കരുതുന്നവരാണ് കളിക്കമ്പക്കാരിലേറെയും.
പുതുവ൪ഷപ്പുലരിക്കുമുമ്പ് ഏഴു തവണ കൂടി വല കുലുക്കാനായാൽ കലണ്ട൪ വ൪ഷം 85 ഗോളുകളെന്ന ഗെ൪ഡ് മ്യൂളറുടെ റെക്കോഡിനും സ്ഥാനഭൃംശമാകും. അ൪ജൻറീനക്കുവേണ്ടി ഈ വ൪ഷം 12 ഗോളുകൾ നേടിയ മെസ്സി, ദേശീയ ജഴ്സിയിൽ ഒരു കലണ്ട൪ വ൪ഷം ഡസൻ ഗോളുകളടിച്ച ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.
21ാം വയസ്സിൽ ലോകത്തെ മികച്ച താരത്തിനുള്ള വേൾഡ് പ്ളയ൪ ഓഫ് ദ ഇയ൪ അവാ൪ഡ് നേടിയ വീണ്ടും രണ്ടുതവണ കൂടി ആ നേട്ടത്തിൻെറ അഭിമാനത്തിലേറി. ബാഴ്സലോണക്കുവേണ്ടി 226 കളികളിൽ 186 ഗോളുകൾ നേടിയിട്ടുണ്ട്. അ൪ജൻറീനക്കുവേണ്ടി 75 കളികളിൽ 31 ഗോളുകളാണ് സമ്പാദ്യം.
എതി൪ഗോൾമുഖത്ത് കെട്ടിക്കിടന്ന് അവസരം മുതലെടുക്കുന്ന ശരാശരി സ്ട്രൈക്കറുടെ റോളിലല്ല മെസ്സി ഫുട്ബാളിൻെറ രാജവീഥികളിൽ ഈ ഗോളുകളൊക്കെ അടിച്ചുകൂട്ടുന്നതെന്നതാണ് ശ്രദ്ധേയം. വിങ്ങറായും മിഡ്ഫീൽഡറായുമൊക്കെ കളത്തിൽ വെട്ടിത്തിളങ്ങാൻ ഈ അഞ്ചടി ഏഴിഞ്ചുകാരന് കഴിയുന്നുവെന്നത് പൊസിഷൻ വിട്ടു കളിക്കാത്ത ആധുനിക ഫുട്ബാളിൽ ഏറെ അഭിനന്ദനാ൪ഹമാണ്. ഡിഫൻസീവ് ഗെയിമിന് ഊന്നൽ കൊടുക്കുന്ന യൂറോപ്യൻ ക്ളബ് ഫുട്ബാളിൽ ഡ്രിബ്ളിങ്ങും പാസിങ്ങും ഷൂട്ടിങ്ങും സാങ്കേതികത്തികവും വേഗവുമെല്ലാം ഒത്തിണങ്ങിയ മെസ്സി പുൽമേടുകളെ ഭരിക്കുന്ന കാഴ്ച വേറിട്ടതുതന്നെ. സമാനമായ കേളീശൈലിയും പന്തടക്കവുമെല്ലാം തൻെറ മാതൃകാതാരമായ ഡീഗോ മറഡോണയുമായി താരതമ്യത്തിന് കാരണമായി. "ഇവൻ എൻെറ പിൻഗാമി' എന്ന് സാക്ഷാൽ മറഡോണ തന്നെ പ്രഖ്യാപിച്ചു. മറഡോണയെപ്പോലെ ഇതിഹാസമാവാൻ താൻ ഇനിയുമൊരുപാട് മുന്നേറേണ്ടതുണ്ടെന്ന് വിനയത്തോടെ മെസ്സിയുടെ മറുപടി.

ആധുനിക ഫുട്ബാളിലെ അസാമാന്യ൪ അണിനിരക്കുന്ന റയൽ മഡ്രിഡിനെതിരെ സ്പാനിഷ് ലീഗിലെ ക്ളാസിക് പോരാട്ടങ്ങളിൽ കാഴ്ചവെക്കുന്ന മികവ് പ്രശംസനീയമായിരുന്നു. ഗോളുകൾ അടിച്ചുകൂട്ടുന്നതിനൊപ്പം ഗോളടിക്കാൻ പാകത്തിൽ കൂട്ടുകാ൪ക്ക് അളന്നുമുറിച്ച പാസുകൾ നൽകുന്നതിലുള്ള മിടുക്കും ചേരുമ്പോൾ മെസ്സിയാണ് ലോകത്തെ കംപ്ളീറ്റ് പ്ളെയ൪ എന്ന് ബാഴ്സലോണയിൽ മുൻ കോച്ച് പെപ് ഗ്വ൪ഡിയോള സാക്ഷ്യപ്പെടുത്തുന്നു. ടീമംഗങ്ങളുമായി എളുപ്പം ഇഴുകിച്ചേരുന്നതിനൊപ്പം കളത്തിൽ സ്പേസുകൾ കണ്ടെത്തുന്നതിനും മനസ്സിലെ കരുനീക്കങ്ങൾ മൈതാനത്ത് ഇതൾവിരിക്കുന്നതിലും കേമനായ മെസ്സി ഗ്രൗണ്ടിൽ എന്തിനും പോന്നവനാണെന്നാണ് ഗ്വ൪ഡിയോളയുടെ പക്ഷം. എൽ ക്ളാസികോ പോരാട്ടത്തിൽ റയലിനെതിരെ 695 പാസുകൾക്ക് ശ്രമിക്കുകയും അതിൽ 590ഉം കംപ്ളീറ്റ് ചെയ്യുകയും ചെയ്യുന്ന മെസ്സിയെ വെല്ലാൻ കഴിവുള്ളവ൪ ഇന്നിൻെറ കളങ്ങളിൽ ആരുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story