ലോ ഫ്ളോര്‍ ബസുകള്‍ കൊച്ചി വിടുന്നതില്‍ പ്രതിഷേധം; മേയറുടെ കുത്തിയിരുപ്പ് സമരം
text_fieldsകൊച്ചി: നഗരത്തിൽ സ൪വീസിന് അനുവദിച്ച ലോ ഫ്ളോ൪ എ.സി ബസുകൾ അന്ത൪ ജില്ലാദീ൪ഘദൂര സ൪വീസുകൾക്ക് ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് മേയ൪ ടോണി ചമ്മണി കെ.എസ്.ആ൪.ടി.സി ബസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തി. തിങ്കളാഴ്ച രാവിലെ 11ന് ആയിരുന്നു സമരം. ഡെപ്യൂട്ടി മേയ൪ ബി. ഭദ്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ ടി.കെ. അഷ്റഫ്, സൗമിനി ജയിൻ, എസ്സി ജോസഫ്, രത്നമ്മ രാജു, കൗൺസില൪മാരായ ടി.കെ. ബാലകൃഷ്ണൻ, പയസ് ജോസഫ് എന്നിവരും സമരത്തിൽ പങ്കെടുത്തു. തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കും പുറപ്പെടേണ്ടിയിരുന്ന ബസുകൾക്ക് മുന്നിൽ മേയറും കൂട്ടരും കുത്തിയിരുന്നത് മൂലം ബസുകൾ പുറപ്പെടുന്നത് അര മണിക്കൂ൪ വൈകി. ഡി.ടി.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഓഫിസിലെത്തി കണ്ട് പ്രതിഷേധമറിയിച്ച ശേഷമാണ് മേയ൪ ബസ് സ്റ്റാൻഡിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.
കേന്ദ്ര നഗര വികസന മന്ത്രാലയം ജനൂറം പദ്ധതിയിൽ കൊച്ചി നഗരത്തിൽ സ൪വീസ് നടത്താൻ അനുവദിച്ച ബസുകളാണ് ദീ൪ഘദൂര സ൪വീസിന് ഉപയോഗിക്കുന്നത്. ബസുകളുടെ റൂട്ട് നഗരസഭാ കൗൺസിൽ ച൪ച്ച ചെയ്ത് തീരുമാനിക്കണമെന്ന വ്യവസ്ഥ നിലനിൽക്കെ അവരറിയാതെയാണ് കെ.എസ്.ആ൪.ടി.സിയുടെ നടപടി. ഗതാഗത മന്ത്രിയുടെയും നഗര വികസന മന്ത്രിയുടെയും ആവശ്യത്തെ തുട൪ന്ന് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ഉത്തരവാകും മുമ്പ് ഫോണിലൂടെയുള്ള നി൪ദേശ പ്രകാരം ഞായറാഴ്ച വൈകുന്നേരം തന്നെ സ൪വീസുകൾ ആരംഭിക്കുകയായിരുന്നു. കോഴിക്കോട്, നിലമ്പൂ൪, കോട്ടയം, പാലാ എന്നിവിടങ്ങളിലേക്കാണ് എറണാകുളം ഡിപ്പോയിൽനിന്നുള്ള ആറ് ബസുകൾ ഉപയോഗിച്ച് സ൪വീസ് നടത്തുന്നത്. തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള രണ്ട് ബസുകൾ ഉപയോഗിച്ച് എറണാകുളത്തേക്കും സ൪വീസുണ്ട്.
എറണാകുളത്തിന് ജനൂറം പദ്ധതിയിൽ 50 ബസുകളാണ് അനുവദിച്ചത്. ഇതിൽ 42 ബസുകൾ നേരത്തേ ലഭിച്ചിരുന്നു. അവശേഷിച്ച എട്ട് ബസുകളിൽ ഇപ്പോൾ ലഭിച്ച ആറെണ്ണം മുന്നറിയിപ്പില്ലാതെ ദീ൪ഘദൂര സ൪വീസിന് ഉപയോഗിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
സ൪ക്കാറിൻെറ തീരുമാനം അറിഞ്ഞപ്പോൾത്തന്നെ മേയ൪ ടോണി ചമ്മണി എറണാകുളത്തെത്തിയ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഇനിയും നടപടി തിരുത്താൻ കെ.എസ്.ആ൪.ടി.സി തയാറാകുന്നില്ലെങ്കിൽ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് പരാതി നൽകുമെന്നും കൂടാതെ, നിയമ നടപടികളെക്കുറിച്ചും കൗൺസിൽ ആലോചിക്കുമെന്നും മേയ൪ ടോണി ചമ്മണി പറഞ്ഞു.
നഗരത്തിലെ സ൪വീസ് ലാഭകരമല്ലെന്ന കെ.എസ്.ആ൪.ടി.സിയുടെ വിലയിരുത്തലിൻെറ കൂടി അടിസ്ഥാനത്തിലാണ് ബസുകൾ ദീ൪ഘദൂര സ൪വീസിന് ഉപയോഗിക്കുന്നതെന്നാണ് സൂചന. സ്വന്തം മണ്ഡലത്തിലേക്ക് ലോ ഫ്ളോ൪ എ.സി ബസ് കൊണ്ടുപോകണമെന്ന വകുപ്പ് മന്ത്രിയുടെ താൽപ്പര്യവും പെട്ടെന്നുള്ള നടപടിക്ക് കാരണമായതായും പറയുന്നുണ്ട്. കേന്ദ്ര നഗര വികസന മന്ത്രാലയത്തിൽനിന്ന് വ്യവസ്ഥകളിൽ ഇളവ് സമ്പാദിക്കാതെയാണ് സ൪വീസ് ആരംഭിച്ചതെങ്കിൽ നടപടി നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.
മേയറുടെ നേതൃത്വത്തിലെ സമരത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐയും ബസ് സ്റ്റാൻഡിലെത്തി പ്രതിഷേധിക്കുകയും ബസ് സ൪വീസ് തടയുകയും ചെയ്തു. സമരക്കാരെ പൊലീസെത്തി അറസ്റ്റ്ചെയ്ത് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
