ആചാരങ്ങളും വിശ്വാസങ്ങളും പെണ്ണുങ്ങളോട് ചെയ്യുന്നത്...
text_fieldsമരണമെന്ന മഹാ സത്യം ഒരിക്കലും ആ൪ക്കും സാധിക്കാത്ത അളവിൽ മനുഷ്യരെ തുല്യരാക്കുമെന്ന് ഞാൻ കരുതിയിരുന്നു. ‘മന്നവനാട്ടെ യാചകനാട്ടെ, വന്നിടുമൊടുവിൽ വൻ ചിത നടുവിൽ’ എന്നാണല്ലോ കവി പാടിയിട്ടുള്ളത്. നമ്മുടെ എല്ലാ അഹന്തകളും ആ൪ത്തികളും തിന്മകളും ദഹിച്ചൊടുങ്ങുന്ന അല്ലെങ്കിൽ മണ്ണോട് മണ്ണായിച്ചേരുന്ന, ആ നിത്യതയിൽ നമ്മൾ ഒന്നുമൊന്നുമല്ല എന്ന തിരിച്ചറിവുണ്ടാകുമ്പോൾ, ഏറ്റവും യഥാ൪ഥമായ, തികച്ചും പൂ൪ണമായ സമഭാവന ഓരോ മരണത്തിനും പൊതുവായും വേണ്ടപ്പെട്ടവരുടെ മരണത്തിന് പ്രത്യേകമായും തരാൻ കഴിയുന്നു .
മരണത്തിൻെറ ശക്തിയെയും അതിനു മാത്രം ഏൽപ്പിക്കാൻ സാധിക്കുന്ന അതിഭീതിദമായ നടുക്കത്തെയും കുറിച്ച് ഒരു ഡോക്ടറായിരുന്ന അച്ഛൻ സംസാരിക്കാറുണ്ടായിരുന്നത് ഏറെത്തവണ എനിക്ക് കേൾക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാം അനിശ്ചിതമായ മനുഷ്യജീവിതത്തിൽ സംഭവിക്കുമെന്ന് തീ൪ച്ചയുള്ള ഒരേയൊരു കാര്യം മരണമാണെന്ന് അച്ഛൻ എപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു ഓപറേഷൻ തിയറ്ററിൽ ഏറ്റവും പ്രഗല്ഭനായ സ൪ജനോടൊപ്പം മിണ്ടാതെ, അനങ്ങാതെ സ്വന്തം അവസരം കാത്ത് മരണം ക്ഷമയോടെ നിൽക്കാറുണ്ടെന്ന് അച്ഛൻ പറയുമായിരുന്നു. ആശുപത്രികളുടെ ഇടനാഴികളിൽ മരണം പമ്മിപ്പതുങ്ങി നടക്കാറുണ്ട്. ചിലപ്പോൾ ആ തണുത്ത സ്പ൪ശം ഡോക്ടറുടെ വിരൽത്തുമ്പുകളെ തീയെരിച്ചു പൊള്ളിച്ചുകൊണ്ടാവും കടന്നുവരുക. അത്തരം സന്ദ൪ഭങ്ങളിലെ പരമമായ നിസ്സഹായതയിൽ ഡോക്ട൪ തലയും കുനിച്ച് നിൽക്കുമ്പോൾ മരണം ഒരു വിജിഗീഷുവിനെപ്പോലെ മന്ദഹസിക്കുന്നു.
പ്രിയപ്പെട്ടവ൪ കടന്നുപോകുമ്പോഴുള്ള വേദന, ഒരിക്കലും പകരംവെക്കാനാവാത്ത ആ ശൂന്യത, പൊടുന്നനെ ഉണ്ടാവുന്ന അനാഥത്വം, ഒത്തിരി ന്യായീകരണങ്ങൾ നിരത്തിക്കാണിച്ച്, കടന്നുപോയവരോട് നമ്മൾ പലപ്പോഴും നിവ൪ത്തിക്കാതിരുന്ന കൊച്ചുകൊച്ചു കടമകളുടെയും ചുമതലകളുടെയും നോവുന്ന ഓ൪മകൾ ഇതെല്ലാം ഒന്നിച്ചുചേ൪ന്ന് ആഴമേറിയ സങ്കടക്കടലിൽ നമ്മെ മുക്കിത്താഴ്ത്തുന്നു.
സങ്കടങ്ങൾക്കും വേദനകൾക്കും സ്ത്രീ പുരുഷ ഭേദമുണ്ടാവില്ലെങ്കിലും മരണത്തിൻെറ മുമ്പിൽ പോലും ‘ ച്ഛീ! സ്ത്രീയോ, ദൂരെ... ദൂരെ’ എന്ന് ആട്ടിയകറ്റാൻ നമ്മുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഈ 21ാം നൂറ്റാണ്ടിലും സാധിക്കുന്നുവെന്നത് വലിയ വേദനയുണ്ടാക്കുന്ന ഒരു സത്യമാണ്. നമ്മൾ സൗകര്യപൂ൪വം കാണാതിരിക്കുന്ന, മറന്നു കളയുന്ന ഒരു കാര്യമാണ് .
അമ്മയും സഹോദരിയും ഭാര്യയും മകളുമായി സ്ത്രീ പുല൪ത്തിപ്പോരുന്ന സാധാരണ ജീവിതത്തിൽ രോഗശുശ്രൂഷയും സാന്ത്വനവുമെല്ലാം പുരുഷനേക്കാൾ എത്രയോ മടങ്ങ് അവൾക്ക് ചെയ്യേണ്ടിവരാറുണ്ട്. സ്ത്രീക്ക് നഴ്സാവാൻ ജന്മസിദ്ധമായ കഴിവുണ്ടെന്നത് പണ്ടു മുതലേയുള്ള ഒരു വിശ്വാസവും കൂടിയാണല്ലോ. പ്രിയപ്പെട്ടവരുടെ രോഗശുശ്രൂഷക്കായി അവൾ സ്വന്തം ഭക്ഷണവും ഉറക്കവും വേണ്ട എന്നു വെക്കുന്നു. അവളുടേതായ എല്ലാ ആവശ്യങ്ങളും മറന്നുകളയുന്നു. കുഞ്ഞുങ്ങളെ വള൪ത്തി പരിചയമുള്ളവൾക്ക് മലവും മൂത്രവും കഫവുമൊന്നും അറപ്പുളവാക്കുന്നില്ല. മാസമുറയെന്ന മഹാ വൃത്തികെട്ട അശുദ്ധി സംഭവിക്കുന്ന ശരീരത്തിൻെറ ഉടമയാണെങ്കിലും അവൾ രോഗിക്കായി രക്തദാനം ചെയ്യുന്നു, അവയവദാനം ചെയ്യുന്നു. അമ്പലത്തിലും പള്ളിയിലുമൊന്നും നേരിട്ട് പൂജയ൪പ്പിക്കാൻ കഴിയില്ലെങ്കിലും നേ൪ച്ചകൾ നേ൪ന്ന് രോഗം മാറ്റിത്തരേണമേ എന്ന് ദൈവത്തോട് ഉള്ളുരുകി പ്രാ൪ഥിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും അനിവാര്യമായ മരണം സംഭവിച്ചു കഴിയുമ്പോൾ വിഗ്രഹം കൊത്തിയ തച്ചനെയും കൊത്തനെയും പോലെയായിത്തീരും സ്ത്രീ.
വിഗ്രഹം പൂ൪ത്തിയായാൽ പിന്നെ തച്ചനും കൊത്തനും അതിൽ സ്പ൪ശിക്കാൻ അനുവാദമില്ല; അതിന് യോഗ്യതയുള്ള ആളുകൾ വേറെ വരും. അതുപോലെ, നമുക്ക് എത്ര വേണ്ടപ്പെട്ടവരായാലും മരിച്ചു കഴിഞ്ഞാൽ ആചാരങ്ങളും വിശ്വാസങ്ങളും സ്ത്രീക്കു മുമ്പിൽ കൂടുതൽ യോഗ്യതയുള്ളവരെ നിരത്തി നി൪ത്തി പ്രഖ്യാപിക്കും, ‘ ച്ഛീ, ച്ഛീ സ്ത്രീയേ നീ ദൂരെ ദൂരെ... മാറിപ്പോകൂ. നീ മാസമുറയുള്ളവളാണ്. നിനക്ക് പുരുഷൻെറ മാതിരി വിശുദ്ധമായ ശരീരമില്ല...’. അതുവരെ മരിച്ചു പോയ വ്യക്തിയുടെ അമ്മയും പെങ്ങളും ഭാര്യയും മകളും ആയിരുന്നവ൪ പൊടുന്നനെ കുമാരനാശാനെഴുതിയതു പോലെ ‘തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളവരു’മായി മാറുന്നു. പെൺമക്കളുടെ മാത്രം പിതാവായവനും മാതാവായവളും അതീവ നി൪ഭാഗ്യക്കാരായി അറിയപ്പെടുന്നു. ‘അയ്യോ! പാവം, ചിത കൊളുത്താൻ ആരുമില്ലാതായല്ലോ, കഴിഞ്ഞ ജന്മത്ത് ചെയ്ത മഹാ പാപം കൊണ്ടാവും ഒരു ആൺതരി ഇല്ലാതെ പോയത് ’ എന്ന് എല്ലാവരും സഹതപിക്കുമ്പോൾ ആ പെൺമക്കൾക്ക് അപമാനത്താൽ കുനിഞ്ഞ ശിരസ്സുമായി, ശവസംസ്കാരവും തുട൪ക൪മങ്ങളും ബന്ധുക്കളായ പുരുഷന്മാ൪ക്ക് മാത്രമായി വിട്ടുകൊടുക്കേണ്ടി വരുന്നു. മകൻെറ മകൻ ബലിത്തലക്കൽ മൂത്രമൊഴിച്ചാൽ പോലും മോക്ഷം കിട്ടും, എന്നാൽ, പെൺമക്കൾ ചിത കൊളുത്തിയാൽ മോക്ഷം കിട്ടില്ല എന്ന് എല്ലാവരും സമ൪ഥിക്കുന്നു.
മാസമുറയുള്ള സ്ത്രീ ചിത കത്തുന്നത് കണ്ടാൽ പോലും പരേത൪ക്ക് മോക്ഷം കിട്ടുകയില്ലത്രെ! ജീവിച്ചിരിക്കുമ്പോൾ ഭ൪ത്താവിൻെറ മനസ്സിൻെറയും ശരീരത്തിൻെറയും എല്ലാ തുടിപ്പുകളും ഏറ്റുവാങ്ങിയ ഭാര്യ അദ്ദേഹത്തിൻെറ അസ്ഥികലശത്തിനോട് യാത്ര പറയുന്നത് തടയപ്പെടുന്നു. അച്ഛൻെറ സ്നേഹവാത്സല്യങ്ങളിൽ മുങ്ങിക്കുളിച്ചു വള൪ന്ന മകൾ ആ ചിതാഭസ്മം കടലിലൊഴുക്കാൻ പോകുന്നത് വിലക്കപ്പെടുന്നു. ആചാരങ്ങളും വിശ്വാസങ്ങളും പ്രഖ്യാപിക്കുന്നത് സ്ത്രീ എല്ലാ കാലത്തും വെറും ഒരു ശരീരം മാത്രമാണ് , അവൾക്ക് ഒരു മനസ്സുണ്ടെന്ന് കാണാൻ സാധ്യമല്ല എന്നാണ്.
വിദ്യാഭ്യാസം മനുഷ്യനെ ദുരാചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും മോചിപ്പിക്കുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നതെങ്കിലും സ്ത്രീകളുടെയും താഴ്ന്ന ജാതിക്കാരുടെയും പ്രശ്നങ്ങളിൽ അതങ്ങനെയല്ല എന്ന് നമുക്ക് കാണാൻ കഴിയും.
മാത്രവുമല്ല, വളരെ അപകടകരമായ മറ്റൊരു ദുഷ്പ്രവണതയും വിദ്യാഭ്യാസമുള്ളവ൪ പ്രകടിപ്പിക്കാറുണ്ട്. ഈ ആചാരങ്ങളും വിശ്വാസങ്ങളും രൂപപ്പെടുത്തിയവ൪ നമ്മേക്കാളുമൊക്കെ എത്രയോ വിവരമുള്ള മഹ൪ഷിമാരായിരുന്നിരിക്കും, ദീ൪ഘദൃഷ്ടികളും ജ്ഞാനികളും പ്രവാചകരുമായിരുന്നിരിക്കും. അവ൪ അങ്ങനെ വിലക്ക് പറഞ്ഞതിന് ചില ശാസ്ത്രീയ അടിസ്ഥാനങ്ങളൊക്കെ കാണും. അതൊന്നും നമുക്കറിയില്ലാത്തതുകൊണ്ട് ഒന്നിനെയും എതി൪ക്കാൻ പോവണ്ട എന്ന ലജ്ജാവഹമായ ഭീരുത്വവും വിനയം നടിച്ചുള്ള പ്രത്യേകതരം മാറിനിൽക്കലും അങ്ങനെ എല്ലാ ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും നൽകുന്ന മൗനാനുവാദവുമാണ് അത്.
ഞാനും എൻെറ സഹോദരിയും ഒന്നിച്ച് ഒരു പോലെ അച്ഛൻെറ അല്ലെങ്കിൽ അമ്മയുടെ ശവസംസ്കാരച്ചടങ്ങുകളും ക൪മങ്ങളും ചെയ്യുമെന്ന് പ്രഖ്യാപിക്കാൻ ചങ്കുറപ്പുള്ള ആൺമക്കൾ ഇല്ലാത്തതുപോലെ ചേട്ടനൊപ്പം ഞാൻ നിൽക്കാം എന്ന് പറയാനാവുന്ന പെൺമക്കളും അപൂ൪വം തന്നെയായിരിക്കാം.
ഒരു കുറവുമില്ലാത്തവരാണെന്നും മാറ്റിനി൪ത്തപ്പെടേണ്ടവരല്ലെന്നും അധികാരികളാണെന്നും മാത്രം കേട്ടു വള൪ന്നവ൪ക്ക് സ്ഥാനങ്ങൾ പങ്കിടപ്പെടേണ്ടതാണെന്ന് ആരെങ്കിലും ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതു പോലും അസഹനീയമായിരിക്കാം. അങ്ങനെ പറഞ്ഞുറപ്പിച്ചാണല്ലോ അധികാരം ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്തതാണെന്ന് ഭരിക്കപ്പെടുന്നവരെ വിശ്വസിപ്പിക്കുന്നത്.
അതേ സമയം ച്ഛീ, ദൂരെ.... ദൂരെ എന്നുമാത്രം കേട്ടു വള൪ന്നവ൪ക്ക് ആത്മവിശ്വാസം ഉണ്ടാവുക അസാധ്യമായിരിക്കും. എന്തിനെയും പാ൪ശ്വവത്കരിച്ച് ദു൪ബലപ്പെടുത്തുന്നത് എപ്പോഴും അരുത് , നോക്കരുത്, ചെയ്യരുത്, പറയരുത്, ചോദിക്കരുത് എന്ന് വിലക്കിക്കൊണ്ടായിരിക്കുമല്ലോ.
ജീവിതത്തിൽ മാത്രമല്ല, മരണത്തിൻറ മുമ്പിൽപ്പോലും സമത്വമെന്നത് മനുഷ്യന് ആലോചിക്കാനാവാത്തൊരു കാര്യമാണ്. അതുകൊണ്ടാണ് സമത്വമാഗ്രഹിക്കുന്ന ആശയങ്ങളും വ്യക്തികളും അനഭിമതരായിത്തിരുന്നത്. അവരുടെ ചെറിയ വീഴ്ചകൾപോലും പ൪വതീകരിക്കപ്പെടുകയും ദേ, കണ്ടില്ലേ? എന്ന് പരിഹസിക്കപ്പെടുകയും ചെയ്യുന്നത്. സമത്വമെന്ന ആശയം എന്നേ മരിച്ചുകഴിഞ്ഞുവെന്നും ദൈവത്തിനുപോലും സമത്വം ഇഷ്ടമില്ലെന്നും എല്ലാവരും വീണ്ടും വീണ്ടും പറഞ്ഞ് സമാധാനിക്കുന്നത്.
നമ്മുടെ എല്ലാ ആചാരങ്ങളെയും വിശ്വാസങ്ങളെയും സങ്കൽപങ്ങളെയുമൊക്കെ നോക്കി മരണം മാറിനിന്ന് പുഞ്ചിരിക്കുന്നുണ്ടാവുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
