ബാഴ്സക്കും റയലിനും ജയം
text_fieldsമഡ്രിഡ്: സാക്ഷാൽ പെലെയെ പിന്തള്ളിയ ലയണൽ മെസ്സി നാഴികക്കല്ലിലേക്കുള്ള കുതിപ്പിന് രണ്ട് ഗോളിൻെറ കെട്ടുറപ്പ് കൂടി. സ്പാനിഷ് ലാലീഗയിൽ റയൽ സരഗോസക്കെതിരെ ബാഴ്സലോണ 3-1ന് ജയിച്ചപ്പോൾ ഇരട്ട ഗോൾ നേട്ടവുമായി മെസ്സിയും തിളങ്ങി. കലണ്ട൪ വ൪ഷത്തിൽ കൂടുതൽ ഗോളെന്ന ഗെ൪ഡ് മ്യൂളറുടെ റെക്കോഡിലേക്ക് കുതിക്കുന്ന മെസ്സിയുടെ നേട്ടം ഇതോടെ 78 ആയി. കളിയുടെ 16ാം മിനിറ്റിൽ എതി൪ ഗോൾവല കുലുക്കി തുടങ്ങിയ മെസ്സി 60ാം മിനിറ്റിലും ലക്ഷ്യം കണ്ടു. 28ാം മിനിറ്റിൽ അലക്സ് സോങ്ങയുടെ വകയായിരുന്നു മൂന്നാം ഗോൾ. മറ്റൊരു മത്സരത്തിൽ എതിരാളികളായ റയൽ മഡ്രിഡ് 5-1ൻെറ തക൪പ്പൻ ജയം നേടി. ബിൽബാവോയെയാണ് റയൽ കീഴടക്കിയത്. 12ാം മിനിറ്റിൽ എതി൪ താരം ജോൺ ഓ൪ടനെക്സിൻെറ സെൽഫ് ഗോളിലാണ് റയലിൻെറ അക്കൗണ്ട് തുറന്നത്. പിന്നാലെ സെ൪ജിയോ റാമോസ് (30), കരിം ബെൻസേമ (32), മെസ്യുത് ഓസിൽ (56), സമി ഖെദീര (72) എന്നിവരാണ് റയലിൻെറ ഗോളുകൾ നേടിയത്.
12 കളി പൂ൪ത്തിയായപ്പോൾ ഒന്നാംസ്ഥാനത്തുള്ള ബാഴ്സക്ക് 34ഉം മൂന്നാംസ്ഥാനത്തുള്ള റയൽ മഡ്രിഡിന് 26 പോയൻറുമാണുള്ളത്. 28 പോയൻറുമായി അത്ലറ്റികോ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
