പയ്യന്നൂ൪: പുതുക്കിയ ബസ്ചാ൪ജ് വ൪ധനയും ഫെയ൪ സ്റ്റേജിലെ അപാകതയും കാരണം 10 കിലോമീറ്ററിനുള്ളിൽ യാത്രചെയ്യുന്ന യാത്രക്കാ൪ വൻകൊള്ളക്ക് ഇരയാവുന്നു. സ൪ക്കാ൪ പ്രഖ്യാപിച്ച കിലോമീറ്റ൪ നിരക്കായ 58 പൈസക്കു പകരം ഇവ൪ നൽകുന്നത് ഒരുരൂപയാണ്. പയ്യന്നൂരിൽനിന്ന് പരിയാരം മെഡിക്കൽ കോളജിലേക്കും കരിവെള്ളൂരിലേക്കും യാത്രചെയ്യുന്നവരാണ് ഈ ‘പിടിച്ചുപറി’ക്ക് ഇരയാവുന്നത്.
പരിയാരം മെഡിക്കൽ കോളജ് സ്റ്റോപ്പിൽനിന്ന് പയ്യന്നൂരിലേക്കുള്ള ഇപ്പോഴത്തെ യാത്രാനിരക്ക് ഒമ്പതുരൂപയാണ്. നേരത്തെ ഏഴ് രൂപയായിരുന്നു. ഒറ്റയടിക്ക് രണ്ടുരൂപയാണ് അധികചാ൪ജ് നൽകേണ്ടത്. പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്ക് യാത്രചെയ്യുന്നവ൪ക്കും ഈ രണ്ടുരൂപ മാത്രമാണ് അധികചെലവുള്ളത്. നേരത്തെ 24 രൂപയുണ്ടായിരുന്നത് 26 ആയി. കരിവെള്ളൂ൪, ഓണക്കുന്ന് സ്റ്റോപ്പുകളിൽനിന്ന് കയറുന്നവരും ഈ രണ്ടുരൂപ അധികമായി നൽകണം.
ദേശീയപാതയിൽ പരിയാരം മെഡിക്കൽ കോളജ് സ്റ്റോപ്പിൽനിന്ന് കയറുന്നവ൪ കിലോമീറ്ററിന് 90 പൈസ നൽകുമ്പോൾ തൊട്ടടുത്ത അലക്യം പാലം സ്റ്റോപ്പിൽനിന്ന് കയറുന്നവ൪ ഒരുരൂപയും വിളയാങ്കോടുനിന്ന് 1.10 രൂപയും നൽകേണ്ടിവരുന്നു. മിനിമം ചാ൪ജ് കഴിച്ച് ബാക്കിദൂരം കണക്കിലെടുത്താൽതന്നെ ഇത്രയും തുക ഈടാക്കേണ്ടതില്ല. മെഡിക്കൽ കോളജ് സ്റ്റോപ്പിൽനിന്ന് ഏഴിലോട് വരെ മിനിമം ചാ൪ജിൽ യാത്ര ചെയ്യാം. എന്നാൽ, പിന്നീടുള്ള നാലുകിലോമീറ്ററിന് മൂന്നുരൂപ നൽകണം. സ൪ക്കാ൪ കണക്കുപ്രകാരം രണ്ടുരൂപ 32 പൈസ മാത്രമാണ് നൽകേണ്ടത്. ഈ സ്ഥാനത്താണ് മൂന്നുരൂപ ഈടാക്കുന്നത്. പരിയാരം മെഡിക്കൽ കോളജ് സ്റ്റോപ്പിൽനിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രക്കാരും ഈ പകൽകൊള്ളക്കിരയാവുന്നു.
പയ്യന്നൂരിൽനിന്ന് കരിവെള്ളൂരിലേക്കുള്ള ദൂരവും 10 കിലോമീറ്ററാണ്. എന്നാൽ, വ൪ഷങ്ങളായി യാത്രക്കാ൪ നൽകിവരുന്നത് 12.5 കിലോമീറ്റ൪ ദൂരം സഞ്ചരിക്കേണ്ട ചാ൪ജാണ്. പുതിയ ചാ൪ജ് വ൪ധന വന്നതോടെ 10 രൂപയാണ് നൽകേണ്ടിവരുന്നത്. ചാ൪ജ് നി൪ണയത്തിലെ അപാകവും ഫെയ൪ സ്റ്റേജിലെ അശാസ്ത്രീയതയുമാണ് പ്രശ്നം.
ബസ്ചാ൪ജ് വ൪ധന എല്ലാ യാത്രക്കാരെയും ബാധിക്കുന്നുണ്ടെങ്കിലും 15 കിലോമീറ്ററിൽ താഴെ യാത്രചെയ്യുന്നവരാണ് കൂടുതൽ ചൂഷണത്തിനിരയാകുന്നത്. പുതുക്കിയ ചാ൪ജ് പ്രകാരം കണ്ണൂരിൽനിന്ന് കാസ൪കോട്ടേക്കുള്ള യാത്രക്കാ൪ നൽകേണ്ട അധികനിരക്ക് നാലുരൂപ മാത്രമാവുമ്പോഴാണ് 10 കിലോമീറ്റ൪ യാത്രക്കാ൪ രണ്ടുരൂപ അധികം നൽകുന്നത്. പയ്യന്നൂരിനും കരിവെള്ളൂരിനുമിടയിൽ ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് കോത്തായിമുക്ക്, വെള്ളൂ൪ പോസ്റ്റോഫിസ്, ഓണക്കുന്ന് എന്നിവിടങ്ങളിലും പരിയാരം മെഡിക്കൽ കോളജ് സ്റ്റോപ്പിനിടയിൽ എടാട്ട്, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലുമാണ് ഫെയ൪ സ്റ്റേജ് നിലവിലുള്ളത്. 45 വ൪ഷം മുമ്പാണ് ഈ സ്റ്റേജ് നിലവിൽവന്നത്. കരിവെള്ളൂരിനും പയ്യന്നൂരിനുമിടയിൽ റോഡിൻെറ വളവ് ഒഴിവാക്കിയതിനാൽ ദൂരത്തിൽ വലിയ അന്തരമുണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഫെയ൪ സ്റ്റേജ് പുന൪നി൪ണയിക്കണമെന്ന ആവശ്യമുയരുന്നത്. രണ്ടരക്കിലോമീറ്ററിനാണ് ഒരുഫെയ൪ സ്റ്റേജ് കണക്കാക്കുന്നത്. ഈരീതിയിൽ പുന൪നി൪ണയിച്ചാൽ മിനിമം ചാ൪ജിനുശേഷമുള്ള ആദ്യവ൪ധന മാത്രമേ നൽകേണ്ടിവരുകയുള്ളൂ.
കഴിഞ്ഞ ബസ്ചാ൪ജ് വ൪ധനയിൽ പരിയാരത്തേക്ക് രണ്ടുരൂപ കൂട്ടിവാങ്ങിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുട൪ന്ന് ഒരുരൂപ കുറച്ച് ഏഴുരൂപയാക്കി മാറ്റിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ കൊള്ള നാട്ടുകാ൪ അവഗണിക്കുകയാണ്. 10, ഒമ്പത്, എട്ട് കിലോമീറ്ററുകൾക്ക് ഒമ്പതുരൂപ നൽകണമെന്നതിനുപുറമെ ബാക്കിവരുന്ന ഒരുരൂപയും ചില്ലറയില്ലാത്തതിൻെറ പേരിൽ തിരിച്ചുകിട്ടാത്ത സ്ഥിതിയുമുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2012 10:12 AM GMT Updated On
date_range 2012-11-18T15:42:29+05:30ബസ് ചാര്‍ജ് വര്‍ധന: 10 കിലോമീറ്ററിനുള്ളിലെ യാത്രക്കാര്‍ നല്‍കുന്നത് കിലോമീറ്ററിന് ഒരുരൂപ
text_fieldsNext Story