ഇസ്തിഖ്ലാല്‍ അവന്യു സിഗ്നല്‍ തുറന്നു
text_fieldsമനാമ: ഇസ്തിഖ്ലാൽ അവന്യു ഇൻറ൪സെക്ഷനിലെ പുതിയ സിഗ്നൽ തുറന്നു. ഇസ്തിഖ്ലാൽ അവന്യുവിൽ നടപ്പാക്കിയ വികസന പ്രവ൪ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സിഗ്നൽ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഈ സിഗ്നൽ പ്രവ൪ത്തിക്കാൻ തുടങ്ങിയതോടെ ഇൻറ൪സെക്ഷനിൽ വാഹന നീക്കം സുഗമമായി.
പൊതുമരാമത്ത് മന്ത്രാലയാണ് നിശ്ചിത സമയത്തിനകം സിഗ്നൽ നി൪മാണം പൂ൪ത്തിയാക്കിയത്. ഇവിടെ നേരത്തെയുണ്ടായിരുന്ന റൗണ്ട്എബൗട്ട് പൊളിച്ചുമാറ്റിയാണ് സിഗ്നൽ സംവിധാനം ഏ൪പ്പെടുത്തിയത്. റൗണ്ട്എബൗട്ടിൽ പലപ്പോഴും വാഹന നീക്കം വേണ്ടത്ര സുഗമമായിരുന്നില്ല. എന്നാൽ, സിഗ്നൽ വന്നതോടെ നിശ്ചിത സമയം ഇടവിട്ട് എല്ലാ ഭാഗത്തുനിന്നും വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.
ഈസ ടൗണിന് സമീപം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രമായിരുന്നു ഇവിടെയുണ്ടായിരുന്ന റൗണ്ട്എബൗട്ട്. സനദിൽ അൽഇസ്തിഖ്ലാൽ ഹൈവേ-ഡിസംബ൪ 16 ഹൈവേ ജങ്ക്ഷനിലാണ് റൗണ്ട്എബൗട്ട് സ്ഥിതിചെയ്തിരുന്നത്.
ഈ വ൪ഷം മാ൪ച്ചിലാണ് ഇവിടെ വികസന-നവീകരണ പ്രവ൪ത്തനങ്ങൾ ആരംഭിച്ചത്. 270 ലക്ഷം ദിനാറാണ് ചെലവ്. റൗണ്ട്എബൗട്ട് മാറ്റി സിഗ്നൽ സ്ഥാപിക്കൽ, മെയിൻ ഈസ ടൗൺ ഇൻറ൪ചെയ്ഞ്ച് മുതൽ അൽഹിക്മ ഇൻറ൪നാഷനൽ സ്കൂൾ വരെയുള്ള റോഡ് വികസനം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. സിഗ്നൽ തുറന്നതോടെ പ്രതിദിനം ലക്ഷത്തിലേറെ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. രാവിലെ മാത്രം ഇതിലൂടെ 9,000 വാഹനങ്ങൾ പോകുന്നു.
ഒരു ദിവസം ഏതാണ്ട് 1,20,000 വാഹനങ്ങൾ ഇൻറ൪സെക്ഷൻ ഉപയോഗിക്കുന്നതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡ്സ് വിഭാഗം അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി ഹുദ ഫഖ്റു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
